December 4, 2021 - editor@thenewjournal.net

കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം കരകയറുന്ന ഗള്‍ഫില്‍ അദ്ധ്യാപക ജോലികളില്‍ നൂറു കണക്കിന് ഒഴിവുകള്‍. അടുത്ത സ്‌കൂള്‍ വര്‍ഷത്തേക്ക് ഗള്‍ഫിലെ വിദ്യാഭ്യാസ വിപണി സജീവമാകുമ്പോള്‍ പല സ്‌കൂളുകളും വന്‍ തോതില്‍ അദ്ധ്യാപകരുടെ പുതിയ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

യുഎഇ യില്‍ മാത്രം 600 തൊഴിലവസരമാണ് കിടക്കുന്നത്. യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലും തൊഴിലുകളുണ്ട്. സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലും അനേകം തൊഴിലവസരങ്ങള്‍ കിടക്കുന്നതായി വിദ്യാഭ്യാസമേഖലയില്‍ തൊഴിലവസരം പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ ജോബ്‌സൈറ്റുകളില്‍ ഒന്നായ ടൈംസ് എഡ്യൂക്കേഷണല്‍ സപ്ലിമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലകളില്‍ പുതിയതായി സ്‌കൂളുകള്‍ വരുന്നത് കൂടുതല്‍ അവസരം സൃഷ്ടിക്കുകയാണ്.

ദുബായില്‍ മാത്രം 215 സ്‌കൂളുകളുണ്ട്. ഇവയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുറന്നത് 21 എണ്ണം മാത്രമാണ്. പബ്‌ളിക്, പ്രൈവറ്റ് സ്‌കൂളുകള്‍ അദ്ധ്യാപകര്‍ക്ക് വേണ്ടി വ്യാപകമായ പരസ്യവും നല്‍കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. മഹാമാരിയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ കൊഴിഞ്ഞു പോക്കും പുതിയ സ്‌കൂളുകളുടെ വരവുമൊക്കെയാണ് അവസരങ്ങളുടെ പെരുമഴ സൃഷ്ടിച്ചിരിക്കുന്നത്. അനേകം അദ്ധ്യാപകരാണ് കോവിഡ് മഹാമാരിയ്ക്ക് ശേഷം കരാര്‍ പുതുക്കാതെ പോയത്.

ഇതെല്ലാം പുതിയ ആള്‍ക്കാരെ എടുക്കേണ്ട സ്ഥിതിയിലേക്ക് നയിച്ചിരിക്കുകയാണ്. ജനുവരി കഴിഞ്ഞാലും പുതിയ ഒഴിവുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഗള്‍ഫില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും അനേകം പേര്‍ അദ്ധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ വൈറസിന്റെ സാന്നിദ്ധ്യത്തെ തുടര്‍ന്ന് ഇവിടെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതും ഒഴിവുകളുണ്ടാകാന്‍ കാരണമായി. എല്ലാ വര്‍ഷവും ഗള്‍ഫ് മേഖലയില്‍ 200 – 300 അദ്ധ്യാപക ഒഴിവുകള്‍ ഉണ്ടാകാറുണ്ടെന്ന് ലോക ടീച്ചേഴ്‌സ് റിക്രൂട്ടിംഗ് സ്ഥാപനം പറയുന്നു.

സാധാരണ പബ്‌ളിക് സ്‌കൂളുകള്‍ റിക്രൂട്ട്‌മെന്റുകള്‍ സാവധാനം നടത്തുന്നവരാണ്. എന്നാല്‍ ഇത്തവണ വര്‍ഷാരംഭത്തില്‍ തന്നെ ഗണിതം, ശാസ്ത്രം, ബിസിനസ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയ്ക്കുള്ള അദ്ധ്യാപകരുടെ ആവശ്യകത കാണിച്ചിരിക്കുകയാണ്. സെക്കണ്ടറി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, ഇംഗ്‌ളീഷ്, ശാസ്ത്ര വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്കാണ് ഏറ്റവും ഡിമാന്റ്. കോവിഡിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാര്‍ക്കും ഒഴിവുകളുണ്ട്.

സൗദിയില്‍ സംഗീതം, ജലസംബന്ധി, ഭൗതീകശാസ്ത്രം, ഇംഗ്‌ളീഷ്, സാമ്പത്തീകശാസ്ത്രം, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങള്‍ക്കും വിശാലമായി തന്നെ അദ്ധ്യാപകര്‍ക്ക് അവസരമുണ്ട്. റിയാദിലെ സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് 4000 ഡോളര്‍ (ഏകദേശം 301890 രൂപ) മുതല്‍ 5000 ഡോളര്‍ (ഏകദേശം 377362 രൂപ) വരെയാണ് മാസശമ്പളം. താമസത്തിനായി സ്‌കൂളിന്റെ ചെലവില്‍ പൂര്‍ണ്ണമായും ഫര്‍ണീഷ് ചെയ്ത അപ്പാര്‍ട്ട്‌മെന്റും നല്‍കുന്നുണ്ട്.

യുഎഇ യിലെ സ്‌കൂളുകള്‍ ശമ്പളം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നികുതി ഒഴിവാക്കിയുള്ള ശമ്പളം നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫര്‍ണീഷ് ചെയ്ത താമസ സൗകര്യവും മെഡിക്കല്‍ ഇന്‍ഷുറന്‍സും വാര്‍ഷിക എയര്‍ ടിക്കറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.

അതുകൊണ്ടു തന്നെ 9000 ദിര്‍ഹം (ഏകദേശം 184926 രൂപ) മുതല്‍ 15000 ദിര്‍ഹം (ഏകദേശം 308210 രൂപ) വരെ കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തറില്‍ ഇത് 7970 ഖത്തര്‍ റിയാല്‍ (ഏകദേശം 165206 രൂപ) മുതല്‍ 30,300 റിയാല്‍ (ഏകദേശം 628073 രൂപ) വരെ മാസശമ്പളം വരും. കുവൈറ്റില്‍ 1000 ദിനാര്‍ (ഏകദേശം 249329 രൂപ) മുതല്‍ 1.300 ദിനാര്‍ (ഏകദേശം 324128 രൂപ) വരെയാണ് പറയുന്നത്.

Previous articleEXCLUSIVE: മൂന്നു വര്‍ഷത്തിനിടയില്‍ 63 വിദേശരാജ്യങ്ങളിലായി അപകടത്തില്‍ മരണപ്പെട്ടത് 2384 ഇന്ത്യക്കാര്‍
Next article“സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു”

LEAVE A REPLY

Please enter your comment!
Please enter your name here