ഉത്തരാഖണ്ഡിലെ ഒരു ഗ്രാമീണ സ്കൂളില്‍ സവര്‍ണ്ണ കുട്ടികള്‍ ഉച്ചയൂണ് ബഹിഷ്ക്കരിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ ഉച്ചക്കഞ്ഞി വെയ്ക്കുന്ന ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട പട്ടികജാതിക്കാരി സുനിതാദേവിയാണ് ഇപ്പോള്‍ ഇന്ത്യന്‍ സാമൂഹ്യ ചരിത്രത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രതിഫലനം ചെറുതല്ല. സുഖിദാംഗ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കാനായി ജോലിക്കെടുത്ത സുനിതാദേവിയെ ജോലിയില്‍ നിന്നും പുറത്താക്കിയത് ഇവ ഉണ്ടാക്കിയ ഉച്ചഭക്ഷണം സവര്ണ്ണകുട്ടികള് കഴിക്കാന്‍ നിരസിച്ചതോടെയാണ്. പകരം സ്കൂള്‍ ഇതേ ജോലിക്ക് വെച്ച ബ്രാഹ്മണസ്ത്രീ ഉണ്ടാക്കിയ ഉച്ചഭക്ഷണം സ്കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളും ബഹിഷ്ക്കരിച്ചു.
ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടത്തില്‍ മറ്റൊരു ചലനം സൃഷ്ടിച്ചിരിക്കുന്ന സുനിതാദേവിയുടെ പുതിയ ചരിത്രം പുറത്തുവിട്ടിരിക്കുന്നത് ബിബിസിയുടെ ഹിന്ദി വിഭാഗമാണ്. അമേരിക്കന്‍ സിവില്‍ റൈറ്റ് കാലത്ത് പോരാടി ആഗോള ചരിത്രത്തില്‍ ഇടംപിടിച്ച റോസാ പാര്‍ക്കിനോടാണ് ബിബിസി സുനിതാദേവിയുടെ നീക്കത്തെ ഉപമിക്കുന്നത്.
ബിബിസിയുടെ ഹിന്ദിവിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പട്ടികജാതിക്കാരിയായ സുനിതാദേവിയെ പിരിച്ചു വിട്ട സ്കൂള്‍ ജാതിവാദികളെ തൃപ്തിപ്പെടുത്താന്‍ പകരമായി കൊണ്ടുവന്നത് ബ്രാഹ്മണ സ്ത്രീയെയായിരുന്നു. എന്നാല്‍ ഇത് അസാധാരണമായ മറ്റൊരു സംഭവത്തിലേക്കാണ് കാര്യങ്ങളെ വഴിതിരിച്ചു വിട്ടത്. സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ ചെയ്തത് പോലെ സ്കൂളിലെ ദളിത് കുട്ടികള്‍ ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള പാചകക്കാരി ഉണ്ടാക്കിയ ഭക്ഷണം ബഹിഷ്ക്കരിച്ചു. ഇതോടെ ഇപ്പോള്‍ വിഷയം ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുകയാണ്. സ്കൂളിന്റെ ജാതി വിവേചനത്തിനെതിരേ പോലീസില്‍ സുനിത പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. .ബിജെപി സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.
ജോലി മടക്കിക്കിട്ടുമെങ്കില് വീണ്ടും അപേക്ഷ നല്കാന് തയ്യാറാണെന്ന് സുനിതാദേവി പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ചമ്പാവത്ത് ജില്ലയിലെ മലയോരഗ്രാമത്തിലെ സവര്‍ണജാതിക്കാര്‍ ഇക്കാര്യത്തില്‍ ക്ഷുഭിതരാണ്. ഒരു ദളിത് യുവതി തങ്ങളുടെ കുട്ടികള്‍ക്ക് ആഹാരം വെച്ചു കൊടുക്കേണ്ടെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സുഖിദംഗിലെ ഈ ജാതിമനോഭാവത്തെ അതേ നിലപാടില്‍ തന്നെ ദളിത് കുട്ടികളും തിരിച്ചടിച്ചത് ഇന്ത്യയിലെ ജാതിവിരുദ്ധ നീക്കങ്ങള്‍ക്ക് പുതിയൊരു ദിശ നല്‍കിയിട്ടുണ്ട്.
സുനിതാദേവി കേന്ദ്രമായ ഈ നീക്കത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടി കിട്ടിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പ്രമുഖ പ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയം ഏറ്റെടുത്തിട്ടുണ്ട്., മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സുനിതാദേവിയെ വീണ്ടും എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് ഭീം ആര്‍മിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം മുഖ്യമന്ത്രി പുഷ്ക്കര്‍ ദാമിപ്രഖ്യാപിക്കുകയും ചെയ്തു. സുനിതാദേവിയ്ക്ക് പണി മടക്കിക്കിട്ടിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഡല്‍ഹി ഭരിക്കുന്ന ആംആദ്മിപാര്‍ട്ടി ജാതി വെറിയ്ക്ക് ഇരയായി മാറിയ സുനിതയ്ക്ക് ഡല്‍ഹിയില്‍ സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
പട്ടികജാതി വിഭാഗത്തില്‍ പെടുന്നവര്‍ ഏറെയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ജനസംഖ്യയുടെ 18.8 ശതമാനം വരുന്ന ഇവരുടെ താഴെയാണ് പിന്നോക്കക്കാരും മറ്റു മുന്നോക്കക്കാരുമുള്ളത്. എന്നിരുന്നാലും പല വഴികളിലും ദളിതുകള്‍ക്ക് നേരെയുള്ള ജാതി വിവേചനം ഇവിടെ പതിവാണ്. പട്ടികജാതി ജനസംഖ്യയുടെ 80 ശതമാനവും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. സാക്ഷരതയിലും സംസ്ഥാനം ഏറെ മുന്നിലാണെങ്കിലും അവയ്ക്കൊന്നും സാമൂഹ്യബന്ധമോ ജാതിയ്ക്കോ ഒരു പങ്കുമില്ല.
സുനിതാദേവിയുടെ ധൈര്യത്തെ അമേരിക്കയുടെ റോസാ പാര്‍ക്കിനോടാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത്. 1955 ഡിസംബറില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പമിരിക്കാന്‍ വെള്ളക്കാരന് റോസാ പാര്‍ക്കറിനെ അനുവദിച്ചില്ല. നിയമലംഘനം നടത്തിയെന്ന പേരില്‍ ഇവരെ അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ ചെറുതായിരുന്നെങ്കിലും ഏറെ ധൈര്യം കാട്ടിയ അവരുടെ വീറും വാശിയും 381 ദിവസം വിഖ്യാതമായ മോണ്ടഗോമറി ബസ് ബഹിഷ്ക്കരണത്തിലേക്കാണ് നയിക്കപ്പെട്ടത്. ഇത് പിന്നീട് അമേരിക്കയിലെ ചരിത്രപ്രസിദ്ധമായി മാറിയ സിവില്‍ റൈറ്റ് പ്രക്ഷോഭത്തിന് വിത്തുപാകുകയും ചെയ്തു. അമേരിക്കയിലെ ആധുനിക സിവില്‍ റൈറ്റ് പ്രക്ഷോഭത്തിന്റെ മാതാവ് എന്നാണ് പിന്നീട് റോസ് പാര്‍ക്ക് അറിയപ്പെടുന്നത്.