October 18, 2021 - subeditor1@thenewjournal.net

ന്യൂഡല്‍ഹി: രണ്ടര മാസം നീണ്ട പ്രവര്‍ത്തനത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായ സൈനികന് വേണ്ടിയുള്ള തെരച്ചില്‍ സൈന്യം അവസാനിപ്പിക്കാനൊരുങ്ങുന്നു. ലൈറ്റ് ഹെലികോപ്റ്റര്‍ വെപ്പണ്‍ സിസ്റ്റംസ് ഇന്റഗ്രേറ്റഡിന്റെ രണ്ടു പൈലറ്റുമാരില്‍ ഒരാളെയാണ് കാണാതായിരിക്കുന്നത്. ആഗസ്റ്റ് 3 ന് പത്താന്‍ കോട്ടിന് സമീപത്തെ രഞ്ജിത് സാഗര്‍ തടാകത്തിലാണ് കാണാതായത്.

ആഗസ്റ്റ് 15 ന് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ലഫ്‌നന്റ് കേണല്‍ എ.എസ്. ബാത്തിന്റെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും അത്യാധുനിക സംവിധാനമെല്ലാം ഉപയോഗിച്ചിട്ടും ജയന്തിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 70-80 മീറ്റര്‍ ആഴമുള്ള തടാകത്തില്‍ നേവിയുടെ ഡൈവര്‍മാരും പരിശോധന നടത്തിയിരുന്നു. ജയന്തിനെ കണ്ടെത്താന്‍ വിദേശത്ത് നിന്നുള്ള വിദഗ്ദ്ധരെ കൊണ്ടുവരാനും അത്യാധുനിക ഉപകരണങ്ങള്‍ കൊണ്ടുവരാനുള്ള ജയന്തിന്റെ പിതാവ് ജോഷിയുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.

മുകളില്‍ നിന്നും നോക്കുന്നത് പോലെ വെള്ളം തെളിഞ്ഞു കിടക്കുകയല്ല. നേവി ഡൈവര്‍മാര്‍ക്ക് കാഴ്ച ശരിയായിട്ടു കിട്ടുന്നുണ്ടാകില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ക്ക് കഴിയുമെന്നുമാണ് ജോഷി കരുതുന്നത്. ജോഷിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോള്‍ 75 ദിവസമായിരിക്കുകയാണ്. എത്രനാള് ഈ തെരച്ചില്‍ തുടരാനാകുമെന്ന് സൈന്യവും ചോദിക്കുന്നു. അതേസമയം തെരച്ചില്‍ അവസാനിപ്പിക്കാന്‍ പോകുന്നതിനെതിരേ ജോഷി ഒക്‌ടോബര്‍ 11 ന് രാഷ്ട്രപതിയ്ക്കും പരാതി നല്‍കിയിരിക്കുകയാണ്.

മൃതദേഹം പോലും കിട്ടാത്ത അവസ്ഥയില്‍ മകന് അന്ത്യകര്‍മ്മം നിര്‍വ്വഹിക്കാന്‍ സൈന്യം പ്രേരിപ്പിക്കുകയാണ്. മകന്റെ ആത്മാവിന് നിത്യശാന്തി കിട്ടാന്‍ തടാകത്തിന്റെ സമീപത്ത് തന്നെ അന്ത്യകര്‍മ്മം നടത്താന്‍ സൈന്യം പറയുന്നുണ്ടെങ്കിലും എങ്ങിനെ തനിക്ക് അത് ചെയ്യാന്‍ കഴിയുമെന്നു ജോഷി ചോദിക്കുന്നു. 40 വര്‍ഷം സൈന്യത്തെ സേവിച്ചയാളാണ് തന്റെ ഭാര്യ. മകനെയും ഞങ്ങള്‍ സൈന്യത്തിന് കൊടുത്തു. അവന്‍ പൈലറ്റായി ഇപ്പോള്‍ വെള്ളത്തിനടിയില്‍ കിടക്കുകയാണ്. ഒന്നു വലിച്ചു പുറത്തെടുക്കുക പോലും ചെയ്യാതെ എങ്ങിനെ അന്ത്യകര്‍മ്മം ചെയ്യാനാകുമെന്ന് ജോഷി ചോദിക്കുന്നു.

2017 ജൂണിലായിരുന്നു ജയന്ത് സൈന്യത്തില്‍ ചേര്‍ന്നത്. സിഖ് ലൈറ്റ് ഇന്‍ഫാന്ററിയില്‍ രണ്ടുവര്‍ഷം സേവനം നടത്തിയിട്ടാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സില്‍ ചേര്‍ന്നത്. പിന്നീട് 354 ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രോണിന്റെ ഭാഗമായി. ജയന്തിന് തൊട്ടു മുമ്പ് കത്തുവയിലെ ബാഷോലി മിലിറ്ററി സ്‌റ്റേഷന് സമീപം മറ്റൊരു പൈലറ്റും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണപ്പെട്ടിരുന്നു.

Previous articleസൗദി അധികൃതര്‍ അനുമതി നല്‍കി ; വിമാനത്താവളങ്ങള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു
Next articleഐടയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ല; നാനാവശത്ത് നിന്നും പിന്തുണ, ദി ന്യൂ ജേർണൽ ഇംപാക്ട്

LEAVE A REPLY

Please enter your comment!
Please enter your name here