November 29, 2021 - subeditor1@thenewjournal.net

മരത്തണലില്‍ മെടഞ്ഞ ഓലമടലില്‍ കൂട്ടം ചേര്‍ന്നിരുന്ന് ഡല എന്ന് വിളിക്കുന്ന ഒരു വെള്ളിക്കപ്പില്‍ നിന്നും പരമ്പരാഗത കപ്പിലേക്ക് പകര്‍ന്നു കാപ്പി നുണഞ്ഞിരുന്ന ഒമാനിലെ പാരമ്പര്യം പതിയെ ഇല്ലാതാകുകയാണ്. എല്ലാ വൈകുന്നേരവും ഗ്രാമീണര്‍ വന്നിരിക്കുകയും എല്ലാത്തരം സാമൂഹ്യ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്ന പഴയ പാരമ്പര്യം പുതിയ തലമുറ അലസസമയം ചെലവഴിക്കാന്‍ സ്റ്റാര്‍ബക്കിനും കോസ്റ്റയ്ക്കുമെല്ലാം മുന്‍ഗണന നല്‍കുമ്പോള്‍ ഒമാനിലെ ഇത്തരം പാരമ്പര്യത്തിന് നിലനില്‍പ്പ് ഇല്ലാതെ വരികയാണ്.

പാരമ്പര്യ ചായക്കടകളെ അന്താരാഷ്ട്ര കമ്പനികള്‍ എത്തി തുറസ്സായ കാപ്പിക്കടകളാക്കി പരിവര്‍ത്തനം ചെയ്തതോടെ തങ്ങളുടെ പാരമ്പര്യം തകര്‍ന്നു പോകുകയാണെന്ന പഴയ തലമുറയുടെ ആവലാതി പങ്കു വെച്ചിരിക്കുന്നത് ദി നാഷണല്‍ എന്ന വാര്‍ത്താപോര്‍ട്ടലാണ്. നവ തലമുറ ഈ പാരമ്പര്യം നഷ്ടപ്പെടുന്നതില്‍ ഒമാനിലെ വൃദ്ധ തലമുറയ്ക്ക് അങ്ങേയറ്റം ദേഷ്യമുണ്ട്. ഇക്കാര്യം 84 കാരന്‍ അബദല്ല അല്‍ തമാമി പറയുന്നു.

”ഇവര്‍ക്ക് ദേശീയബോധമുണ്ടോ? അവര്‍ സായാഹ്നം ചെലവഴിക്കുന്നത് സ്റ്റാര്‍ബക്കിലും കാപ്പി കുടിക്കുന്നത് വിദേശ സാഹചര്യത്തിലുമല്ലേ?” മസ്‌ക്കറ്റുകാരന്‍ അല്‍ ഖല്‍ദി പറഞ്ഞു. മരത്തണലിലെ കാപ്പിക്കൂട്ടായ്മ ഒരിക്കല്‍ ഒമാനി പാരമ്പര്യത്തിന്റെ അടയാളമായിരുന്നു. ഒമാന്‍ ജീവിതത്തിന്റെ സവിശേഷതയായിരുന്നു., അത് വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

”യുവാക്കളുടെ വാക്കുകള്‍ കടമെടുത്താല്‍ ഞങ്ങളുടെ കാപ്പിക്കടകള്‍ അവര്‍ക്ക് ഒരു ദിനോസറിനെ പോലെയാണ്. അത് വളരെ വേഗം അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ” 77 കാരന്‍ അല്‍ ഖല്‍ദി പറയുന്നു. സാമൂഹ്യ പ്രശ്‌നങ്ങള്‍ ഞ്ങ്ങള്‍ ചര്‍ച്ച ചെയ്യുകയും സൗഹാര്‍ദ്ദത്തോടെ പരിഹരിക്കുകയും ചെയ്തിരുന്ന ഇടമാണ് ഇവിടം. ഞങ്ങളില്‍ ചിലര്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഞങ്ങളുടെ പിതാക്കന്മാര്‍ ചെയ്തിരുന്നത് പോലെ ഇവിടെ ഓലപ്പായയില്‍ വന്നിരുന്ന് കാപ്പി കുടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമാനി പാരമ്പര്യം അനുസരിച്ച് കാപ്പി വിതരണം ചെയ്തിരുന്ന മജ്‌ലിസുകളിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് കാപ്പി വിതരണക്കാരന്‍, ഇടതുകയ്യില്‍ പിടിച്ചിരിക്കുന്ന ഡെലയില്‍ നിന്നും കാപ്പി വലതു കയ്യിലെ കപ്പിലേക്ക് പകരും. അത് വിദേശികളായ അതിഥികള്‍ക്ക് കൈമാറും.

” ഇടതുകൈ കൊണ്ട് കാപ്പി വിതരണം ചെയ്യുന്നത് പോലും ഒമാനി പാരമ്പര്യത്തില്‍ മര്യാദകേടായി വിലയിരുത്തിയിരുന്നു.” മസ്‌ക്കറ്റുകാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 63 കാരന്‍ സൗദ് അല്‍ ജര്‍വാനി ഈ വാര്‍ത്ത പങ്കു വെച്ച ദി നാഷണലിനോട് പറയുന്നു. ” ഇപ്പോള്‍ കാപ്പി കൗണ്ടറില്‍ വെച്ചിരിക്കും. ആവശ്യുേള്ളവര്‍ അവിടെ പോയി സ്വയം എടുക്കണം. ഞങ്ങളുടെ പഴയ കീഴ്‌വഴക്കങ്ങളോട് യുവാക്കള്‍ ഒത്തുപോകുന്നില്ലെന്ന് മാത്രമല്ല അവരുടെ പിതാക്കന്മാര്‍ ചെയ്തിരുന്ന മര്യാദകളെ പിന്‍തുടരാന്‍ കൂട്ടാക്കാതെ ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്.”

അതേസമയം അന്താരാഷ്ട്ര ഫ്രാഞ്ചൈസികളില്‍ നിന്നും കാപ്പികുടിക്കുന്നത് ഒരു മര്യാദകേടുമല്ലെന്നാണ് യുവ തലമുറയുടെ ഭാഷ്യം. ” പാരമ്പര്യത്തെ തകര്‍ക്കുന്നു എന്ന വാദത്തെ തങ്ങളും എതിര്‍ക്കുന്നു. മസ്‌ക്കറ്റില്‍ അക്കൗണ്ടന്റായ 27 കാരന്‍ മുനീര്‍ അല്‍ സുഭി പറയുന്നു. ” കോസ്റ്റയില്‍ നിന്നും സ്റ്റാര്‍ബക്കില്‍ നിന്നും കാപ്പി കുടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അല്ലാതെ മുത്തച്ഛന്മാരുടെ കാപ്പികുടി പാരമ്പര്യത്തില്‍ ഇടപെടാനോ അപമാനിക്കാനോ ആഗ്രഹിക്കുന്നില്ല. പക്ഷേ കാലം മാറുകയാണ്. മരത്തണലില്‍ ഓലമടലില്‍ ഇരുന്നുള്ള കാപ്പി മജ്‌ലിസുകളും അതിനൊപ്പം അപ്രത്യക്ഷമാകും.”

1980 നും 2015 നും ഇടയിലാണ് തുറസ്സായ കാപ്പി മജ്‌ലിസുകള്‍ സുല്‍ത്താന്‍ ഖുബൂസ് ബിന്‍ സെയ്ദ് കൊണ്ടുവന്നത്. നാടിനെക്കുറിച്ചും നാട്ടാരെക്കുറിച്ചും അറിയാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അദ്ദേഹം മഞ്ഞു കാലങ്ങളില്‍ ഒമാനിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും നടത്തിയിരുന്ന സന്ദര്‍ശനത്തിനിടയില്‍ ഇത്തരം ഇടങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം മരത്തണലിലെ കാപ്പി നുണഞ്ഞിരുന്നു.

അഞ്ച് ദശകങ്ങളോളം ഒമാന്‍ ഭരിച്ച ശേഷം 2020 ജനുവരിയില്‍ അദ്ദേഹം മരിച്ചു. പിന്നീട് സുല്‍ത്താനായത് അദ്ദേഹത്തിന്റെ മരുമകന്‍ ഹെയ്താം ബഇന്‍ താരേക് ആയിരുന്നു. ഇത്തരം പ്രദേശിക സന്ദര്‍ശനങ്ങളില്‍ താനും രാജകീയ പരിവാരത്തില്‍ ഉണ്ടായിരുന്നയാളാണ്.

അന്ന് സുല്‍ത്താനും മെടഞ്ഞ ഓലയില്‍ സാധാരണ മനുഷ്യര്‍ക്കൊപ്പം ഇരിക്കുകയും എല്ലാവരേയും പോലെ ഡെലയില്‍ നിന്നുള്ള കാപ്പി നുണയുകയും ചെയ്യുമായിരുന്നു. എന്നാല്‍ ചൂടുള്ള പാത്രത്തില്‍ നിന്നും ആവിപൊന്തുന്ന കാപ്പിയ്ക്ക് പകരം ഒമാനിലെ ഇപ്പോഴത്തെ തലമുറ സ്റ്റാര്‍ബക്ക് പോലെയുള്ള ഇന്‍സ്റ്റന്റ് കാപ്പിക്കടകളെ സ്വീകരിക്കാനാണ് ഇഷ്ടപ്പെടുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ വിരമിച്ച കാലാവസ്ഥാ പ്രവചനക്കാരന്‍ മൊഹമമദ് അല്‍ ഷിദാനി പറയുന്നു.

Previous articleലോകത്തെ ഏറ്റവും വലിയ മുസ്‌ളീം ഡേറ്റിംഗ് ആപ്പ് ഗള്‍ഫിനെ ചുറ്റിക്കുന്നു
Next articleഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി ദീര്‍ഘിപ്പിക്കല്‍ ; ഇന്ത്യാക്കാര്‍ക്കും ആനുകൂല്യം ലഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here