October 4, 2021 - subeditor1@thenewjournal.net

കോവിഡ് മഹാമാരിക്കെതിരേ വികസിത രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ വാക്‌സിനെടുത്തവരാക്കി മാറ്റാന്‍ പരമാവധി ശ്രമിക്കുമ്പോള്‍ ലോകത്ത് വാക്‌സിനെടുക്കുന്നതിലെ അസമത്വം വ്യാപിക്കുകയാണ്. യു.എന്‍ ഉച്ചകോടിക്ക് മുന്നോടിയായി ചേര്‍ന്ന ഐക്യരാഷ്ട്ര സഭ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വാക്‌സിന്‍ നീതി സംബന്ധിച്ച് വിശദീകരണമുണ്ടായി.

എന്താണ് വാക്‌സിന്‍ നീതി
ലളിതമായി പറഞ്ഞാല്‍, എല്ലാവര്‍ക്കും, ലോകത്തിന്റെ ഏതുകോണിലുള്ളവര്‍ക്കായാലും കോവിഡ് മഹാമാരിയെ ചെറുക്കാന്‍ കഴിയുന്ന വാക്‌സിന്‍ തുല്യതയോടെ ലഭിക്കണം എന്നതാണ് വാക്‌സിന്‍ നീതി എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്.

2022 മധ്യത്തോടെ ലോകത്തെ 70 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. പക്ഷേ ഈ ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ തുല്യത വരേണ്ടതുണ്ട്.

വാക്‌സിന്‍ തുല്യത ധര്‍മപ്രവര്‍ത്തിയോ റോക്കറ്റ് ശാസ്ത്രമോ അല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടിഡ്രോസ് അഥനോം ഗബ്രിയേസസ് പറയുന്നത്.

എന്തുകൊണ്ട് പ്രധാനമാകുന്നു
താത്വികമായി പറഞ്ഞാല്‍, കോവിഡ് മഹാമാരി ലോകമാകെ പടരുമ്പോള്‍ ഒരു രാജ്യവും ഒരു ജനതയും പണക്കാരനോ, പാവപ്പെട്ടവനോ ആരും തന്നെ പ്രതിരോധ വാക്‌സിന് അധിക യോഗ്യതയുള്ളവരല്ല.

അന്യായമായ കോവിഡ് വാക്‌സിന്‍ വിതരണം ദശലക്ഷക്കണക്കിനായ ആളുകള്‍ക്ക് ദോഷമാകുന്നു. ഇതാകട്ടെ കൊറോണ വൈറസിന്റെ അപകടകാരിയായ വ്യത്യസ്ത തരം ലോകമാകെ വ്യാപിക്കുന്നതിന് കാരണമാകുകയും ചെയ്യും.

അസംന്തുലിതമായ വാക്‌സിന്‍ വിതരണം അസമത്വത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്നു മാത്രമല്ല പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള വിടവ് വലുതാക്കപ്പെടുകയും മനുഷ്യ പുരോഗതി പതിറ്റാണ്ടുകള്‍ പിന്നിലാകുകയും ചെയ്യും.

വരുമാനം കുറഞ്ഞതും സാമാന്യ വരുമാനമുള്ളതുമായ രാജ്യങ്ങളുടെ സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള കരകയറ്റത്തിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനും വാക്‌സിന്‍ അസമത്വം ദീര്‍ഘകാല പ്രത്യാഖാതം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.

മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2030ഓടെ ലോകത്തെ ദരിദ്ര രാജ്യങ്ങളിലെ പത്തുപേരില്‍ എട്ടുപേരും നേരിട്ട് പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമെന്ന് യു.എന്‍.ഡി.പി. പറയുന്നു.

കോവിഡ് മഹാമാരി കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ 2024 വരെ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കുകള്‍ പറയുന്നു. വലിയ വരുമാനമുള്ള രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള ജി.ഡി.പി. വളര്‍ച്ചാ നിരക്കിലേക്ക് ഈ വര്‍ഷം അവസാനത്തോടെ എത്തുമെന്നുമാണ് സൂചന.

ഇത് പ്രവാര്‍ത്തികമോ
വാക്‌സിന്‍ നീതി നമ്മുടെ കാലഘട്ടത്തിലെ ഒരു വെല്ലുവിളിയാണെന്നും നാം പരാജയപ്പെടുകയാണെന്നും ഡോ. ടിഡ്രോസ് കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു.

ലോകത്തെ 70 ശതമാനം പേര്‍ക്ക് കുത്തിവയ്ക്കാന്‍ ആവശ്യമായ വാക്‌സിന്‍ 2021ല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്പന്ന രാജ്യങ്ങളാണ് വാക്‌സിന്‍ കൂടുതലായി ശേഖരിച്ചു വച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭിക്കുന്നത് വാക്‌സിന്‍ ദേശീയത എന്ന തന്ത്രത്തിലൂടെ ഉറപ്പാക്കുന്നുണ്ട്. ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കാതെ ചില രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് നിലവിലെ പ്രവണതയ്ക്കുള്ള ഉദാഹരണമാണ്.

ലോകാരോഗ്യ സംഘടനയുടെ സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകരാം ലോകത്താകമാനം 5.5 ബില്യണ്‍ ഡോസ് വാക്‌സിന്‍ ലോകത്താകമാനം വിതരണം ചെയ്യപ്പെട്ടു എന്നത് നല്ല വാര്‍ത്തയാണ്. നിലവിലെ വാക്‌സിനുകളില്‍ മിക്കവയും രണ്ട് ഡോസ് ആണെന്നതിനാല്‍ വാക്‌സിന്‍ സുരക്ഷ ലഭിച്ച പൗരന്മാരുടെ എണ്ണം വളരെ കുറവാണ്.

ഏതെല്ലാം രാജ്യങ്ങള്‍ക്ക്
എളുപ്പത്തില്‍ പറഞ്ഞാല്‍ സമ്പന്ന രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ ഭൂരിഭാഗവും ലഭിക്കുന്നത്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കിയ ദരിദ്ര രാജ്യങ്ങള്‍ സമ്മര്‍ദത്തിലാണ്.

ഗ്ലോബല്‍ ഡാഷ്‌ബോര്‍ഡ് ഓഫ് വാക്‌സിന്‍ ഇക്വിറ്റിയുടെ അഭിപ്രായത്തില്‍ സെപ്റ്റംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ 3.07 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഒരു ഡോക് വാക്‌സിനെങ്കിലും ലഭിച്ചിട്ടുള്ളത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 60.18 ശതമാനമാണ്.

യു.കെയില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം ഏകദേശം 70.92 ശതമാനം വരും. അമേരിക്കയില്‍ ഇത് 65.2 ശതമാനമാണ്. മറ്റ് ഉയര്‍ന്ന വരുമാനമുള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങള്‍ മികച്ച രീതിയിലല്ല കാര്യങ്ങള്‍ ചെയ്യുന്നത്. താരതമ്യേന കുറഞ്ഞതും, ഏകദേശം അഞ്ച് മില്യണോളം മാത്രം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ 31.97 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. പക്ഷേ ബ്രസീല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ 63.31 ശതമാനം പിന്നിട്ടു.

ചില ദരിദ്ര രാജ്യങ്ങളുടെകാര്യം വളരെ ഗുരുതരമാണ്. കോംഗോയില്‍ വെറും 0.09 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചത്. പാപ്പുവ ന്യൂ ഗുനിയ, വെനസ്വേല എന്നിവിടങ്ങളില്‍ യഥാക്രമം 1.15 ശതമാനവും 20.45 ശതമാനവുമാണ് വാക്‌സിനെടുത്തത്.

എന്താണ് വാക്‌സിനുള്ള ചെലവ്
ഏതെങ്കിലും ഒരു രാജ്യമെങ്കിലും അംഗീകരിച്ചിട്ടുള്ള 24 കോവിഡ് വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. കോവിഡ് വാക്‌സിനുള്ള ശരാശരി ചെലവ് 150 രൂപ മുതല്‍ 2800 രൂപ വരെയാണ്. വിതരണത്തിനുള്ള ചെലവായി 300 രൂപയോളവും കണക്കാക്കുന്നു. ഇതാകട്ടെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി വലിയ ബാധ്യതയാണ്.

ഈ സാഹചര്യത്തില്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആഗോളതലത്തില്‍നിന്നുള്ള സഹായമില്ലാതെ ആരോഗ്യ മേഖലയ്ക്കുവേണ്ടി അവര്‍ക്ക് 20 മുതല്‍ 60 ശതമാനം വരെ ചെലവഴിക്കാനാകില്ല, ലോകത്തെ 70 ശതമാനംപേര്‍ വാക്‌സിനെടുത്തെന്ന ലക്ഷ്യത്തിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ എത്താനുമാകില്ല.

കൊവാക്‌സ് എന്ന പേരില്‍ കോവിഡ് വാക്‌സിന്‍ ലോകത്താകമാനം ലഭ്യമാക്കുന്നതിനുള്ള സംവിധാനത്തില്‍ മറ്റിതര സംഘടനകള്‍ക്കൊപ്പം ലോകാരോഗ്യ സംഘടനയും യുനിസെഫും പങ്കാളിയായിരുന്നു. 2020 ഏപ്രിലില്‍ ഇത് കൊണ്ടുവരുമ്പോള്‍ കോവിഡ് ടെസ്റ്റ്, ചികിത്സ, വാക്‌സിന്‍ എന്നിവയ്ക്കും ഉല്‍പ്പാദനം, വികസിപ്പിക്കല്‍ എന്നിവയ്ക്കുമായുള്ള തകര്‍പ്പന്‍ ആഗോള കൂട്ടായ്മ എന്നാണ് ഇതിനെ ഡബ്ല്യു.എച്ച്.ഒ. വിശേഷിപ്പിച്ചത്. വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തിലല്ലാതെ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം.

നിലവില്‍ കൊവാക്‌സ് അംഗങ്ങളായ 141 രാജ്യങ്ങള്‍, യു.എന്‍ പിന്തുണയോടെയുള്ള സഖ്യമല്ലാതെ നിര്‍മാതാക്കളുമായുള്ള ഉഭയകക്ഷി ഇടപാടിന്റെ ഭാഗമായും വാക്‌സിന്‍ വാങ്ങുന്നു.

മഹാമാരിയെ ഇല്ലാതാക്കുമോ
മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും പല സമ്പന്ന രാജ്യങ്ങളിലും ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. അവികസിത രാജ്യങ്ങളിലെ സ്ഥിതിയാണ് വളരെ വെല്ലുവിളി നിറഞ്ഞത്. കൊവാക്‌സ് സംവിധാനത്തിന്‍ കീഴില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത് ലോകമാകെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും കാരണം താഴെത്തട്ടില്‍ വാക്‌സിന്‍ വിതരണത്തിനും മറ്റും വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

Previous articleഒമാനിൽ ചുഴലിക്കാറ്റ്; 2 മരണം
Next articleഅനധികൃതമായി കുടിയേറിയവരെ പുറത്താക്കുമെന്നും വീണ്ടും പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്നും ബഹ്‌റിന്‍

LEAVE A REPLY

Please enter your comment!
Please enter your name here