ഭൂമിയുടെ ആവാസ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന സുപ്രധാനമായ പ്രശ്നമാണ് വംശനാശം. ഓരോ ജീവിയും ഭൂമിയുടെ ആവാസ വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്.
പ്രകൃതിയിലെ ഓരോ മാറ്റങ്ങളിലൂടെയും വിവിധ കാരണങ്ങള്‍ കൊണ്ടും ലോകത്ത് അഞ്ചിലധികം കൂട്ട വംശനാശമാണ് സംഭവിച്ചത്. പ്രകൃതിയുടെ മാറ്റങ്ങള്‍കൊണ്ടു മാത്രമാണ് ഈ അഞ്ചു കൂട്ടവംശനാശവും സംഭവിച്ചതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. എന്നാല്‍ ആറാമത്തെ കൂട്ടവംശനാശം ഇപ്പോള്‍ സംഭവിക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ പ്രധാന കാരണം മനുഷ്യന്റെ ഇടപെടലാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
വംശനാശം ജീവിതത്തിന്റെ ഭാഗമാണ്. മൃഗങ്ങളും സസ്യങ്ങളും എല്ലായ്പ്പോഴും അപ്രത്യക്ഷമാകും. ഭൂമിയില്‍ ഇതുവരെ ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളിലും ഏകദേശം 98% ഇപ്പോള്‍ വംശനാശം സംഭവിച്ചുവെന്നാണ് കണക്ക്. ജീവികളില്‍ ഏതെങ്കിലും ഒരു ഇനം വംശനാശം സംഭവിക്കുമ്പോള്‍ ആവാസവ്യവസ്ഥയില്‍ അതിന്റെ പങ്ക് സാധാരണയായി പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ നിലവിലുള്ള മറ്റ് ജീവികളാല്‍ വീണ്ടെടുക്കപ്പെടുമെന്നത് പ്രകൃതി നിയമമാണ്. ഭൂമിയുടെ സാധാരണ വംശനാശത്തിന്റെ തോത് 100 വര്‍ഷത്തില്‍ 10,000 ഇനങ്ങളില്‍ 0.1 മുതല്‍ 1 വരെ ഇനം ആയിരിക്കുമെന്നാണ് ജീവശാസ്ത്ര ലോകം കരുതുന്നത്. വംശനാശത്തിന്റെ പശ്ചാത്തല നിരക്ക് എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
എന്നാല്‍ സാധാരണ ഗതിയില്‍ നടക്കുന്ന ഈ വംശനാശം സംഭവിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ജീവജാലങ്ങള്‍ അപ്രത്യക്ഷമാകുമ്പോഴാണ് ഒരു കൂട്ടവംശനാശം സംഭവിക്കുന്നത്. ലോകം ഇതുവരെ അഞ്ചു കൂട്ട വംശനാശങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ആറാമത്തെ അവസ്ഥയിലൂടെയാണോ നിലവില്‍ ലോകം കടന്നു പോകുന്നതെന്നാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്.
ലോകത്തിലെ 75% ജീവജാലങ്ങളും ഒരു ‘ഹ്രസ്വ’ കാലയളവില്‍ അതായത് ഒരു ഭൂമിശാസ്ത്രപരമായ സമയത്തിലൂടെ നഷ്ടപ്പെടുന്നുവെന്നതാണ് ശാസ്ത്രലോകത്തിന്റെ കണക്ക്. ഇത് ആകെ ജീവജാലത്തിന്റെ 2.8 ദശലക്ഷം വര്‍ഷത്തില്‍ കുറവാണെന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരിക്കുന്നത്.
‘ഒരു വംശനാശം ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തത് എപ്പോഴാണെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ അഞ്ചു കൂട്ട വംശനാശം സംഭവിച്ച അനുഭവം നമുക്കു മുന്നിലുണ്ട്. ഈ അഞ്ചെണ്ണത്തിലും വംശനാശം സാധാരണ പശ്ചാത്തല നിരക്കിനേക്കാള്‍ വളരെ കൂടുതലായിരുന്നു. ഇപ്പോള്‍ നമ്മള് ആറാമത്തേതിലൂടെ കടന്നുപോകുന്നുണ്ടോ എന്ന് തീരുമാനിക്കാന്‍ ഇവ പലപ്പോഴും ഉപയോഗിക്കാറുണ്ട്.- സമുദ്രത്തിലെ ചെറുജീവികളെ കുറിച്ചുള്ള പഠനം നടത്തുന്ന പ്രമുഖ മോര്ഫോമെട്രോളജിസ്റ്റ് കാറ്റി കോളിന്‍സ് വംശനാശത്തെ ഇങ്ങനെയാണ് നിര്‍വചിക്കുന്നത്.
കൂടാതെ നിര്‍വചനത്തിന്റെ അവസാനത്തില്‍ അദ്ദേഹം ആറാമത് കൂട്ട വംശനാശത്തിലേക്ക് ലോകം കടക്കുന്നതിന്റെ ആശങ്കയും പങ്കുവെക്കുന്നുണ്ട്. ലോകത്ത് ഇതുവരെ അഞ്ച് വലിയ വംശനാശങ്ങളാണ് ഉണ്ടായത്. ഇത് ഭൂമിയുടെ മുഖച്ഛായയെ തന്നെ മാറ്റി മറിച്ചു. എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ താളം തെറ്റിച്ചു. ഈ അഞ്ചെണ്ണത്തില്‍ ചിലതിന്റെ കാരണം മാത്രമേ ഇപ്പോഴും പരസ്യമായി അറിയുകയുള്ളൂ. എന്നാല്‍ മറ്റുള്ളവയുടെ കാരണങ്ങള്‍ ഇപ്പോഴും രഹസ്യമായി തുടരുകയാണ്.
ഓര്ഡോവീഷ്യന്സിലൂറിയന് വംശനാശമാണ് ഒന്നാമത്തേത്. ഏകദേശം 85 ശതമാനത്തോളം ജീവജാലങ്ങള്‍ ഈ സമയത്ത് പൂര്‍ണമായും ഇല്ലാതായെന്നാണ് കണക്ക്. 443 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. ഭൂമിയിലെ താപനില കുറഞ്ഞതിനാല്‍ വലിയ ഹിമാനികള്‍ രൂപം കൊള്ളുകയും ഇതുകാരണം സമുദ്രനിരപ്പ് ഗണ്യമായി കുറയുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ദ്രുതതാപനം ഉണ്ടാവുകയും നിരവധി ചെറു സമുദ്രജീവികള്‍ ഇല്ലാതാവുകയും ചെയ്തു.
മറ്റൊന്ന് 374 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഡെവോനിയന്‍ കൂട്ട വംശനാശമാണ്. ഈ കൂട്ടവംശനാശം കാരണം ലോകത്തിന്റെ മുക്കാല്‍ ഭാഗവും ഇല്ലാതായെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്ക്. നശിച്ചു പോയവയില്‍ ഭൂരിഭാഗവും സമുദ്രത്തിലെ ചെറുജീവികളും അകശേരുക്കളുമാണെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ആഗോളതാപനവും തണുപ്പും, സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും അന്തരീക്ഷത്തിലെ ഓക്സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും കുറവ് ഉള്‍പ്പെടെ നിരവധി പാരിസ്ഥിതിക മാറ്റങ്ങളുടെ കാലഘട്ടമായിരുന്നു ഇത്. ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കാം കൂട്ടവംശനാശത്തിന്റെ കാരണമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക്
അഞ്ചു കൂട്ടവംശനാശത്തിലെ ഏറ്റവും വലുത് 250 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പെര്‍മിയന്‍ കൂട്ട വംശനാശമാണ്. ലോകത്തിലെ ഏറ്റവും വലുതും വിനാശകരവുമായ സംഭവമായിരുന്നു ഇതെന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഗ്രേറ്റ് ഡൈയിംഗ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഭൂമിയിലെ 95 ശതമാനത്തിലധികം ജീവജാലങ്ങളും ഉന്മൂലനം ചെയ്യപ്പെട്ട വംശനാശമാണിത്. വംശനാശത്തിന്റെ വ്യക്തമായ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ചില ശാസ്ത്രജ്ഞര്‍ കരുതുന്നത് ഭൂമിയില്‍ ഒരു വലിയ ഛിന്നഗ്രഹം പതിക്കുകയും അത് വായുവില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുകയും സൂര്യനെ തടയുകയും ആസിഡ് മഴയ്ക്ക് കാരണമാവുകയും ചെയ്തതു കൊണ്ടാണെന്നാണ്.
ഭൂമിയില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ധിക്കുകയും സമുദ്രങ്ങളെ വിഷലിപ്തമാക്കുകയും ചെയ്ത ഒരു വലിയ അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായതാണ് കാരണമെന്നാണ് മറ്റു ചില ശാസ്ത്രജ്ഞര്‍ കരുതുന്നത്.
മറ്റൊരു കൂട്ട വംശനാശ സംഭവമാണ് ട്രയാസിക് കൂട്ട വംശനാശം. 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതു നടന്നതെന്നാണ് കരുതുന്നത്. ഭൂമിയിലെ 80 ശതമാനം ജീവജാലങ്ങളുടെയും ഉന്മൂലനത്തിന് കാരണമായെന്നാണ് പറയപ്പെടുന്നത്.
ഉന്മൂലനം ചെയ്യപ്പെട്ടവയില്‍ വിവിധതരം ദിനോസറുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവും ആഗോള താപനിലയും സമുദ്രത്തിലെ അസിഡിഫിക്കേഷനും വര്‍ധിച്ച വന്‍തോതിലുള്ള ഭൂമിശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.
ഭൂമിയിലെ 78 ശതമാനം ജീവജാലങ്ങളെയും ഇല്ലാതാക്കിയ മറ്റൊരു കൂട്ടവംശനാശമായിരുന്നു ക്രിറ്റേഷ്യസ്.
65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്.
ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതാകാം
അവശേഷിക്കുന്ന ഏവിയന്‍ ഇതര ദിനോസറുകള്‍ ഈ കൂട്ടവംശനാശത്തില് ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മിക്കവാറും മെക്സിക്കോയില്‍ സ്ഥിതിചെയ്യുന്ന ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതാകാം, ഇത് ഇപ്പോള്‍ ഇന്ത്യയിലുള്ള വെള്ളപ്പൊക്ക അഗ്നിപര്‍വ്വതത്തിന്റെ ഫലമായി കൂടിച്ചേര്‍ന്നതാണെന്നും ശാസ്ത്രലോകം കരുതുന്നു.
കൂട്ട വംശനാശത്തിന് കാരണമാകുന്നത് എന്താണെന്ന് വ്യക്തമായ രീതിയില്‍ ഇതുവരെ ശാസ്ത്ര ലോകത്തിന് പറയാന്‍ സാധിച്ചിട്ടില്ല. താപനില വ്യതിയാനങ്ങള്‍, സമുദ്രനിരപ്പ് ഉയരുക അല്ലെങ്കില്‍ കുറയുക, ദുരന്തം, ഒരു വലിയ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുക അല്ലെങ്കില്‍ ഭൂമിയില്‍ പതിക്കുന്ന ഒരു ഛിന്നഗ്രഹം എന്നിവയാണ് കഴിഞ്ഞ കാലത്തെ വംശനാശത്തിന് കാരണമായതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.
പ്രധാനമായും ഇതുവരെ നടന്ന അഞ്ച് കൂട്ടവംശനാശങ്ങളെ കുറിച്ചുള്ള കാരണങ്ങള്‍ ശാസ്ത്രലോകം കണ്ടെത്തിയത് ഫോസില്‍ രേഖയിലൂടെയാണ്.
പ്രമുഖ മോര്ഫോമെട്രോളജിസ്റ്റ് കാറ്റി കോളിന്‍സ് വംശനാശങ്ങളുടെ കാരണം കണ്ടെത്തിയത് കടലിലെ ഒരിനം ചിപ്പിമീന് (ബിവാള്വ്സ്) പോലുള്ളവയിലൂടെയാണ്. 500 ദശലക്ഷം പഴക്കമുള്ള ഏറ്റവും പഴയ ഫോസിലുകളുടെ ഗ്രൂപ്പുകളിലൊന്നാണിതെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇതിപ്പോഴും നശിക്കാതിരിക്കുന്നതിന്റെ കാരണവും ഇന്നും ഇത് നിലനില്ക്കുന്നുണ്ടെന്നതും ഒരു പ്രത്യേകതയാണ്. ഇതാണ് ഞാന്‍ പഠനവിധേയമാക്കിയതെന്നാണ് കാറ്റികോളിന്സ് പറയുന്നത്.
ഭൂമിയിലെ ജീവന് എങ്ങനെയായിരുന്നുവെന്ന് ഫോസിലുകള്‍ക്ക് ധാരാളം കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് കോളിന്‍സ് പറഞ്ഞു വെക്കുന്നത്. എന്നാല്‍ ഇപ്പോഴും പല കാര്യങ്ങള്‍ക്കും ശാസ്ത്രലോകത്തിന് ഉത്തരം ലഭിച്ചിട്ടില്ല എന്നത് വാസ്തവമാണ്.
65 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ക്രിറ്റേഷ്യസ്പാലിയോജെന് കൂട്ട വംശനാശം ഏറ്റവും പ്രായം കുറഞ്ഞ വംശനാശ സംഭവമാണ്. ശാസ്ത്രലോകത്തിന് ഇതിന്റെ കാരണങ്ങള്‍ എളുപ്പത്തില്‍ പഠിക്കാന്‍ സാധിച്ചുവെന്നത് വസ്തുതതയാണ്. ലോകത്ത് ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പഠിക്കപ്പെട്ടതും ഈ വംശനാശ സംഭവമാണെന്ന് കാറ്റികോളിന്സ് പറയുന്നു. എന്നാല്‍ ഇതിന്റെ പല വശങ്ങള് സംബന്ധിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും സജീവമായി തുടരുകയാണെന്ന് കോളിന്‍സ് പറഞ്ഞു.
കാറ്റി കോളിന്‍സ് നേരത്തെ സൂചിപ്പിച്ചതു പോലെ ഇതുവരെ നടന്ന അഞ്ചു കൂട്ട വംശനാശ സംഭവങ്ങള്‍ എടുത്തു നോക്കുമ്പോള്‍ ഇപ്പോള്‍ ലോകം കടന്നു പോകുന്നത് ആറാമത്തെ കൂട്ട വംശനാശത്തിലൂടെയാണ്.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ എന്നിവയടക്കം നമ്മുടെ ഗ്രഹത്തില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
മനുഷ്യരാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാവസായിക വിപ്ലവം മുതല്‍ ഭൂമിയിലെ എല്ലാ വിഭവങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. ഇതിനോടം തന്നെ മനുഷ്യന്റെ ഇടപെടല്‍ കാരണം 70 ശതമാനം ഭൂപ്രതലത്തിനും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഭൂവിനിയോഗത്തിലെ മാറ്റവും സംഭവിച്ചിരിക്കുന്നുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു.
മണ്ണിന്റെ നശീകരണം, വനനശീകരണം, മലിനീകരണം, ജൈവവൈവിധ്യ നഷ്ടം എന്നിവയ്ക്ക് പ്രധാന കാരണം കാര്‍ഷിക മേഖലയാണ്. ഇത് വന്യമായ ഇടങ്ങള്‍ കുറയ്ക്കുകയും എണ്ണമറ്റ ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആവാസ വ്യവസ്ഥ ഇല്ലാതാവുമ്പോള്‍ ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കാന്‍ ജീവജാലങ്ങള്‍ മനുഷ്യരുമായാണ് ഏറ്റുമുട്ടാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു അല്ലെങ്കില്‍ അവയെ ദുര്ബലപ്പെടുത്തുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്.
തങ്ങള്‍ക്ക് ഉപദ്രവമുള്ള എല്ലാ മൃഗങ്ങളെയും പക്ഷികളേയും ഉന്മൂലനം ചെയ്യപ്പെടുന്നതും വലിയ വംശനാശത്തിലക്കാണ് നയിക്കുകയെന്നാണ് കാറ്റികോളിന് പറയുന്നത്. വടക്കേ അമേരിക്കയില്‍ ധാരാളം ചെന്നായ്ക്കളെ ഉപദ്രവകാരികളാണെന്ന നിലയില്‍ കൊലപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഭൂമിയിലെ ആവാസ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് കോളിന്‍സ് പറയുന്നു. ചില പ്രത്യേക ജീവികളെ ഉന്മൂലനം ചെയ്യുന്നതിലൂടെ പ്രദേശത്തെ ജൈവവൈവിധ്യത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചിലപ്പോള്‍ വംശനാശത്തിന് കാരണമാവുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.
ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വലിയൊരു വ്യവസ്ഥാപിതമായ ആവാസ വ്യവസ്ഥായാണ്. ഈ അതിലോലമായ ബാലന്‍സ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ നിലനില്‍ക്കുന്നതാണ്. വ്യവസ്ഥാപിതമായി ഈ ആവാസ വ്യവസ്ഥയിലെ ഒരു ജീവിവിഭാഗത്തിന് വംശനാശം സംഭവിക്കുമ്പോള്‍ മറ്റ് പല ജീവജാലങ്ങളെയും ബാധിക്കും. ഇത് നിരവധി ആവാസവ്യവസ്ഥകളെ തകര്‍ക്കുന്നതിലേക്ക് നയിക്കും. കൂടാതെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച എല്ലാ ജീവജാലങ്ങളെയും മാറ്റി സ്ഥാപിക്കുന്ന പ്രക്രിയ ഭൂമിയില്‍ നടക്കുന്നുണ്ടെങ്കിലും മാനുഷിക ഇടപെടല്‍ പ്രകൃതിയെ ഇതിന് അനുവദിക്കുന്നില്ലെന്നാണ് പറയുന്നത്.
നിലവിലെ വംശനാശത്തിന്റെ തോത് മനുഷ്യന് മുമ്പുള്ള വംശനാശത്തിന്റെ നിരക്കിനേക്കാള്‍ 100 മുതല്‍ 1,000 മടങ്ങ് വരെ കൂടുതലാണെന്നും ഭൂമിയില്‍ ഇത്തരം നാശത്തിന് ഒരു ജീവിവര്‍ഗവും മുമ്പൊരിക്കലും കാരണമായിട്ടില്ലെന്നും കാറ്റികോളിന്സ് പറയുന്നു.
ആറാമത്തെ കൂട്ട വംശനാശം നമുക്ക് തടയാന്‍ കഴിയുമോയെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ജീവികള്‍ക്ക് കൂട്ടത്തോടെ വംശനാശം സംഭവിക്കുന്നത് പ്രകൃതിയിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നമാണ്. ആറാമത്തെ കൂട്ടവംശനാശത്തിന്റെ പ്രക്രിയ ഇപ്പോള്‍ ഭൂമിയില്‍ നടക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാല്‍ ഇതിന്റെ പ്രധാന കാരണക്കാര്‍ മനുഷ്യരാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യ പ്രേരിത കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ‘ഇപ്പോള്‍ വാര്‍ത്തകളില്‍ കേള്‍ക്കുന്ന വെള്ളപ്പൊക്കവും കാട്ടുതീയും 50 വര്‍ഷത്തിനുള്ളില്‍ പതിവ് സംഭവങ്ങളായി മാറും. ഞങ്ങളുടെ കെട്ടിടങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചറുകള്‍, അറ്റ്ലാന്റിക് കേബിളുകള്‍, ഉപഗ്രഹങ്ങള്‍ എന്നിവയും മറ്റ് കാര്യങ്ങളും അവര്‍ പരിശോധിക്കും. ഇതോടെ ആവാസ വ്യവസ്ഥ തകരും. ഇത് വലിയ പ്രശ്നങ്ങളിലേക്ക് ഭൂമിയെ നയിക്കും;’- കാറ്റി കോളിന്‍സ് നല്കുന്ന മുന്നറിയിപ്പാണിത്. നിലവില്‍ ഭൂമിയില്‍ നടക്കുന്ന മനുഷ്യപ്രേരിതമായ പ്രകൃതിദുരന്തങ്ങള്‍ നിലവിലുള്ള ആവാസ വ്യവസ്ഥയില്‍ വലിയ അസമത്വങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാവുമെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
എന്നാല്‍ നിലവില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്ന രീതി മനുഷ്യന് മാറ്റുകയാണെങ്കില്‍ അടുത്ത തലമുറയ്ക്ക് ഗുണകരമാകുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥയില്‍ ചെലുത്തിയ പ്രതികൂല സ്വാധീനം കുറയ്ക്കുക, ഭൂവിനിയോഗം ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പുനര്‍വിചിന്തനം ചെയ്യുക, സാമ്പത്തിക വ്യവസ്ഥകളുടെ താല്‍പ്പര്യങ്ങളെക്കാള്‍ പ്രകൃതിയുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കുക, മലിനീകരണം കുറക്കുക തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യര്‍ ശ്രദ്ധിച്ചാല്‍ കൂട്ടവംശനാശത്തില് നിന്നും രക്ഷനേടാന്‍ ഒരു പരിധിവരെ സാധിക്കും. വ്യക്തി താല്പര്യങ്ങള് മാറ്റിവെച്ച് കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന മലിനീകരണങ്ങള്‍ നിയന്ത്രിച്ച് ഫോസില്‍ ഇന്ധന ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കല്‍ ഓരോ മനുഷ്യരുടെ ഉത്തരവാദിത്തമാണെന്ന് കാറ്റി കോളിന്‍സ് പറയുന്നു. മനുഷ്യ നിര്‍മ്മിത പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ അന്തര്‍ദ്ദേശീയ ശ്രമമായിരിക്കാം നമ്മുടെ ലോകത്തിന്റെ ഭാവിയെ നിശ്ചയിക്കുക. ഭൂമിയുടെ ആവാസ വ്യവസ്ഥയെ നിലനില്‍ത്തുന്നതില്‍ ഓരോ മനുഷ്യനും സജീവമായ ഒരു പങ്ക് നിര്‍വഹിക്കാനുണ്ട്. അതിന് പ്രകൃതിയോടുള്ള മനുഷ്യന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് നമ്മള് ഓരോരുത്തരുമാണ്.