ഗവേഷകര്‍ കണ്ടെത്തുന്ന പുതിയ സസ്യ ഇനങ്ങള്‍ക്കും മറ്റും രാഷ്ട്രീയ നേതാക്കളുടേയും പുരാണ കഥാപാത്രങ്ങളുടേയും എന്തിന് അവരവരുടെ അച്ഛനമ്മമാരുടെ പേരുകള്‍പോലും നല്‍കുന്നത് പുതിയ രീതിയായി മാറിക്കൊണ്ടിരിക്കുന്നു.
ഏതു മേഖലയിലാണോ കണ്ടെത്തല്‍ നടത്തുന്നത് ആ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടേയോ, ശാസ്ത്രജ്ഞരുടെയോ അല്ലെങ്കില്‍ കണ്ടെത്തല്‍ നടത്തുന്ന സ്ഥലത്തിന്റെയോ അല്ലെങ്കില്‍ രാജ്യത്തിന്റെയോ മറ്റോ പേരുകളാണ് മുമ്പ് സാധാരണയായി നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളുലേക്കും പുരാണ കഥാപാത്രങ്ങളിലേക്കുമെല്ലാം പേരുകള്‍ പോകുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗവേഷകര്‍ കണ്ടെത്തിയെ മൂന്ന് കാശിത്തുമ്പകളില്‍ രണ്ടെണ്ണത്തില്‍ ഒന്നിന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും മറ്റൊന്നിന് മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടേയും പേര് നല്‍കിയതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആദരമായാണ് ഇത്തരത്തില്‍ പേര് നല്‍കിയിരിക്കുന്നതെന്ന് ന്യായീകരിക്കുമ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതുതന്നെ ഗവേഷകരുടെ ഉദ്ദേശ്യശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്.
പുതിയ ഇനം സസ്യങ്ങള്‍ക്ക് പേര് നല്കുമ്പോള് ആദ്യം അതിന്റെ ജനറിക് നാമവും രണ്ടാമത് സ്പീഷിസ് നാമവുമാണ് നല്‍കുന്നത്. ചെടിയുടെ വര്‍ഗം ഏതാണെന്നതിനെ കാണിക്കുന്ന ജനറിക് നാമത്തില്‍ മാറ്റം വരുത്താന്‍ ഗവേഷകര്ക്കാകില്ല. രണ്ടാമത്തെ സ്പീഷിസ് നാമത്തിലാണ് ഗവേഷകര്‍ക്ക് ഇഷ്ടമുള്ള പേര് നല്കാനാകുന്നത്. എന്നാല്‍ പൊതുവില്‍ സ്വീകാര്യമായൊരു പേരാകും നല്‍കുകയെന്നത് എപ്പോഴും ശ്രദ്ധേയമാണ്. മാത്രമല്ല ഗവേഷണത്തില്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ കൂട്ടായ അംഗീകാരത്തിനു ശേഷമാകും പേരിടല്‍. അതിനു ശേഷം ഏത് ജേര്ണലിലാണോ കണ്ടെത്തല്‍ പ്രസിജദ്ധീകരിക്കുന്നത് അവര്‍ അത് അംഗീകരിക്കുകയും വേണം. ഈ അംഗീകാരത്തിനായി പേരിടുന്നതിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണം ഗവേഷകര്‍ നല്‍കേണ്ടതുമുണ്ട്. ഈ വിശദീകരണം സ്വീകരിച്ച് കൊടുക്കുന്ന പേരുകള്‍ അംഗീകരിക്കുകയാണ് സാധാരണ പതിവ്. പേരിടാന്‍ ഗവേഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രതിലോമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ ആരും നല്‍കാറില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇവിടേക്കാണ് അമ്മയുടേയും അച്ഛന്റേയും പേരുകളും പുരാണ കഥാപാത്രങ്ങളുടെ പേരുകളും രാഷ്ട്രീയ നേതാക്കളുടെ വരെ പേരുകളിലേക്ക് പുതിയകാലത്തെ ഗവേഷകര്‍ പോകുന്നത്. കണ്ടെത്തലുകളില്‍ താല്പര്യങ്ങള്കൂടി കടന്നുകൂടുന്നതും അന്തിമ തീരുമാനം ഗവേഷകര്ക്കാണെന്നതും പുതിയ രീതികള്‍ക്ക് തുടക്കമിടുകയാണ്.0