സൗദിയിൽ മലയാളിയുടെ അറുപത് ലക്ഷത്തിലധികം രൂപവരുന്ന ചികിത്സാ ചിലവ് പൂർണമായും സൗജന്യമായി നൽകി സ്വകാര്യ ആശുപത്രി മാനേജ്മെന്റ്. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ആശുപത്രി വാസത്തിന് ശേഷം കണ്ണൂർ മാട്ടൂൽ സ്വദേശി അബ്ദുള്ള വിദഗ്ധ ചികിത്സക്കായി നാട്ടിലേക് തിരിച്ചു.
താമസസ്ഥലച്ചു കുഴഞ്ഞു വീണ് ബോധം നഷ്ടപ്പെട്ടതിനാൽ രണ്ടു മാസം മുൻപാണ് കണ്ണൂർ മാട്ടൂൽ സ്വദേശി അബ്ദുള്ളയെ അൽഖോബാറിലെ സ്വകാര്യ ആശുപത്രിയായ അൽ മന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടർന്ന് അബ്ദുള്ളയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
താമസ രേഖയും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിനാൽ ഓപ്പറേഷനും തുടർ ചികിത്സക്കും വേണ്ടി വന്ന മൂന്ന് ലക്ഷത്തിലധികം സൗദി റിയാൽ അടയ്ക്കാൻ അബ്ദുള്ളയ്ക്ക് മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു.
വിവരമറിഞ്ഞ ഇന്ത്യൻ സോഷ്യൽ ഫോറം അബ്ദുള്ളയുടെ വിഷയത്തിൽ ഇടപെടുകയും ജുബൈൽ സ്റ്റേറ്റ് കമ്മ്യൂണിറ്റി ഭാരവാഹികളായ ഷാജഹാൻ പേരൂരിന്റെയും മുബാറക് പൊയിൽത്തൊടിയുടെയും നിരന്തരമായ ശ്രമഫലമായി അബ്ദുള്ളയുടെ ദയനീയ അവസ്ഥ ആശുപത്രി മാനേജ്മെന്റിനെ ബോധ്യപ്പെടുത്താനായി.
തുടർന്ന് ചികിത്സക്ക് ചിലവായ മുഴുവൻ തുകയും പൂർണമായും ഹോസ്പിറ്റലിന്റെ വെൽഫെയർ ഫണ്ടിൽ നിന്നും അടച്ചുകൊണ്ട് തുടർ ചികിത്സക്ക് അബ്ദുള്ളയെ നാട്ടിലേക്ക് കൊണ്ട് പോകുവാൻ മാനേജ്മെന്റ് സമ്മതിക്കുകയായിരുന്നു. എന്നാൽ നാട്ടിലേക്ക് പോകുവാൻ സ്ട്രക്ച്ചർ സൗകര്യം ഉള്ള ഫ്ലൈറ്റ് വേണ്ടതിനാൽ ഒരാഴ്ച വീണ്ടും ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞു.
ദമ്മാമിൽ നിന്ന് തിരുവനംന്തപുരത്തേക്കുള്ള വിമാന ടിക്കറ്റിനു ചിലവായ തുക ഇന്ത്യൻ സോഷ്യൽ ഫോറം അൽ ഖോബാർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ മൻസൂർ പൊന്നാനിയുടെയും നൗഫൽ കണ്ണൂരിന്റെയും ശ്രമ ഫലമായി കണ്ടെത്തിയതിനാൽ എയർ ഇന്ത്യ വിമാനത്തിൽ അബ്ദുല്ലയെ നാട്ടിൽ എത്തിച്ചു.
നിരാലംബരായ രോഗികൾക്ക് ചികിത്സാ ചിലവുകൾ സൗജന്യമായി നൽകിയും നിരക്ക് കുറച്ചുകൊടുത്തും സാമൂഹിക പ്രതിബദ്ധത കാണിക്കുന്നത് പരിഗണിച്ചു ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സ്റ്റേറ്റ് കമ്മിറ്റി അൽമനാ ജനറൽ ഹോസ്പിറ്റൽ മാനേജ്മെൻറിന് മൊമന്റോ നൽകി ആദരിച്ചു.
പ്രവാസികൾക്ക് സഹായകമാകുന്ന രീതിയിൽ അൽമനാ ആശുപത്രി മാനേജ്മെൻറിൻറെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും, മറ്റു സ്വകാര്യ മാനേജ്മെൻറുകൾക്ക് ഇത് മാതൃകയാണെന്നും സോഷ്യൽ ഫോറം ജുബൈൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൾ റഹീം വടകര പറഞ്ഞു.