January 4, 2022 - subeditor1@thenewjournal.net

ദുബായ് : തൊഴിലാളികളെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്ന ബസുകളില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സൗകര്യമൊരുക്കി യുഎഇ. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്ങാണ് ഈ പദ്ധതിക്ക് തുടക്കംകുറിച്ചത്.

ആദ്യ ഘട്ടത്തില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത 6 പുതിയ ഹൈടെക് ലേബര്‍ ബസുകളാണ് കമ്പനി പുറത്തിറക്കിയത്. കെട്ടിടനിര്‍മാണ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ കുടുംബങ്ങളുമായി വിഡിയോകോളിലൂടെ ബന്ധപ്പെടുവാനും വിനോദപരിപാടികള്‍ ആസ്വദിച്ച്ും യാത്ര ചെയ്യാം.

വീട്ടില്‍ നിന്നും അകന്ന് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഒറ്റപ്പെടലിലെ വിഷാദം അകറ്റാനും മാനസീകമായി ഉല്ലാസം നല്‍കി അവരുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ജോലിത്തിരക്ക് കാരണം പലപ്പോഴും പലര്‍ക്കും നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനാകാതെ വിഷാദത്തിലാകുന്നത് അനേകം പ്രവാസികളാണ്.

പുതിയ സംവിധാനത്തിലൂടെ ഇത് ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ തൊഴിലാളികള്‍ക്ക് മാത്രമായി ഇരുന്നൂറോളം ബസുകളാണ് യുഎയില്‍ സര്‍വീസ് നടത്തുന്നത്. അയ്യായിരത്തോളം തൊഴിലാളികളുള്ള കമ്പനിയുടെ മുഴുവന്‍ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാന്‍ സാധിക്കുമെന്ന് വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ് കരുതുന്നത്. തൊഴിലാളികള്‍ക്ക് മികച്ച പരിശീലനവും ക്ലാസുകളും നല്‍കുവാന്‍ ആധുനിക സൗകര്യങ്ങളോടെ ഷാര്‍ജ സജയില്‍ വിശാലമായ സൗകര്യം ഒരുക്കിയ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്, കെട്ടിട നിര്‍മാണ സൈറ്റുകളില്‍ എത്തിച്ചേരുന്നതിനു മുന്‍പ് ഹൈടെക് ബസുകളില്‍ ജോലിസ്ഥലത്ത് പാലിക്കേണ്ട സുരക്ഷാ ബോധവല്‍ക്കരണ വിഡിയോകളും പ്രദര്‍ശിപ്പിക്കും.

ജോലി ആവശ്യത്തിന് തൊഴിലാളികള്‍ക്കുള്ള ബസുകളില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സ്‌ക്രീനുകളും സ്ഥാപിക്കുന്ന ആദ്യരാജ്യമായിട്ടാണ് ഇതോടെ യുഎഇ ചരിത്രം കുറിച്ചത്. തൊഴിലാളികളുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനൊപ്പം ബോധവല്‍ക്കരണ വീഡിയോകളിലൂടെ കൂടുതല്‍ സുരക്ഷിതമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Previous articleകഴിഞ്ഞമാസം തൊഴില്‍സ്ഥാപനങ്ങള്‍ക്ക് എതിരേ ഉണ്ടായത് 2000 ലധികം പരാതികള്‍
Next articleഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ദുബായ് യില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ക്‌ളാസ്സുകള്‍ വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here