സൗദിയിലെ ദമാമിൽ ജോലി ചെയുന്ന കൊല്ലം സ്വദേശിയായ സോഫിയ ഷാജഹാൻ അഞ്ചു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1. നീലവരയിലെ  ചുവപ്പ് 2.  ഒരില മാത്രമുള്ള വൃക്ഷം 3. നിന്നിലേക്ക്  നടന്ന വാക്കുകൾ - ഗ്രീൻ പേപ്പർ പബ്ലിക്കേഷൻസ് 4.  ഒറ്റ മുറി(വ്)  - ഡി സി  ബുക്‌സ് 5.   ഒരേ പല മിടിപ്പുകൾ  - ഒലിവ്  പബ്ലിക്കേഷൻസ്     രണ്ട് തവണ "കെ സി   പിള്ള" സ്മാരക പുരസ്‌കാരം, ദർപ്പണം അവാർഡ്, പി ടി അബ്ദുൽ റഹ്മാൻ സ്മാരക പുരസ്‌കാരം, ഐ അ എസ് (ഇന്ത്യൻ അസോസിയേഷൻ  ഷാർജ  പുരസ്‌കാരം, ഗ്ലോബൽ  മീഡിയ  ഇവെന്റ്സ്  ദുബായ് യുടെ  ഗോൾഡൻ  അചീവമെന്റ്   അവാർഡ്.  ആർ സി സി കലാലയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
September 17, 2021 - sofi.sj147@gmail.com

ജീവിതത്തെ വായിക്കുന്നു,
വായിക്കും തോറും ശാഖകളിൽ
നിന്ന്‌ പോലും ഊർന്നിറങ്ങുന്ന
വേരുകൾ പിണഞ്ഞ
ഒറ്റ മരം പോലെ…

കൺത്തിളക്കം മങ്ങുമ്പോഴും
നനവൊളിപ്പിച്ചു ഒട്ടിച്ചു ചേർത്തോരു പുഞ്ചിരിയുടെ പുറം ചട്ടയിൽ,
കല്ലടുക്കുകൾ പോലെ
ഒന്നിനോടൊന്നൊട്ടി
എന്നോ എഴുതപ്പെട്ട താളുകൾ…

വായനയുടെ തുടക്കത്തിൽ
ഒരു സുഗന്ധമെന്നെ പൊതിയുന്നു :
‘എന്റെ ബാല്യമേ’ എന്ന് കവിളുകൾ
ചാലു തീർക്കുന്നു
പൊള്ളിയടർന്ന താളുകളെ,
ഉമിനീര് തൊട്ട് വേവാറ്റി
പതിയെ മറിക്കുന്നു.

ഉള്ളിലെ, ഭാരമില്ലായ്മയുടെ
ആന്തലിൽ ഒട്ടിപ്പോകുന്ന
താളുകളിൽ ഒരുവേള
ഹൃദയമിടിപ്പ് നിലയ്ക്കുന്നു!

ഋതുക്കളുന്മാദിപ്പിച്ച
പുനർജീവനത്തിന്റെ വരികളെ
ഓർമ്മകളിൽ കൊരുത്തിടുന്നു
എന്റേതെന്ന് കൊറിക്കുന്നു.

കണ്ണീരുകൊണ്ടു അടിവരയിട്ട്
വീണ്ടും വീണ്ടും വായിക്കുന്ന കാലങ്ങൾ…
താളറ്റം മടക്കി ചിലയിടങ്ങളെ
പ്രിയമേറേ എന്നെന്നിൽ പച്ചകുത്തുന്നു..

പാതി വഴിയിൽ പൊടുന്നനേ
മുടങ്ങുന്ന വായനയിൽ
അവസാനഭാഗം മറ്റാരാലോ
വായിക്കപ്പെടുന്ന ജീവിത പുസ്തകത്തെ
വീണ്ടും വീണ്ടും അപൂർണ്ണമായി-
വായിച്ച് മടക്കുന്നു…..

Previous articleസന്‍സാദ് ടെലിവിഷനും വരുന്നു; ഹിന്ദുയിസവും ചരിത്രവും പാര്‍മെന്റുമെല്ലാം ഷോയിലുണ്ടാകും
Next articleതാലിബാന്റെ കാലത്ത് റൂമിയെ വായിക്കുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here