October 13, 2021 - subeditor1@thenewjournal.net

ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലേക്ക് 1990 ലെ പ്രേതം തിരികെ വന്നതോടെ കശ്മീര്‍ പണ്ഡിറ്റുകള്‍ വീണ്ടും പലായനത്തിന്റെ പാതയില്‍.

വിവിധ തീവ്രവാദഗ്രൂപ്പുകള്‍  കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടു തുടങ്ങിയതോടെ കശ്മീരില്‍ കനത്ത സുരക്ഷയില്‍ കഴിയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ജോലിയൊക്കെ ഉപേക്ഷിച്ച് സുരക്ഷിത താവളത്തിലേക്ക് മാറുകയാണ്.

കഴിഞ്ഞയാഴ്ച ഉണ്ടായ അക്രമത്തില്‍ പണ്ഡിറ്റുകളും സിഖുകാരനും മുസ്‌ളീങ്ങളും ഉള്‍പ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്.

സുരക്ഷിതത്വമില്ലായ്മയുടെ ഭീതി കശ്മീരി ഹിന്ദുക്കള്‍ക്ക് മേല്‍  പടര്‍ന്നു കയറാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളാണ് തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമം ഭയന്നോടുന്നത്.

ബുദ്ഗാം ജില്ലയ്ക്ക് മുകളില്‍ മതവൈരത്തിന്റെ കാര്‍മേഘം പടരാന്‍  തുടങ്ങിയതോടെ കിട്ടുന്നതുമെടുത്ത് നാടുവിട്ടോടുകയാണ് പണ്ഡിറ്റുകള്‍. ഇവരുടെ ഈ അവസ്ഥയില്‍ അയല്‍ക്കാരും പ്രദേശത്തെ ഭൂരിപക്ഷ വിഭാഗവുമായ മുസ്‌ളീങ്ങളും തീവ്രവാദ പ്രസ്ഥാനങ്ങളുടെ നീക്കത്തില്‍ കടുത്ത അമര്‍ഷത്തിലാണ്.

ഒരാഴ്ച മുമ്പാണ് ഷേഖ്പുരയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന കശ്മീരി കുടുംബങ്ങള്‍ക്ക് നേരെ എല്ലാം തുടങ്ങിയത്. കഴിഞ്ഞയാഴ്ച ഒക്‌ടോബര്‍ 2 മുതല്‍ 7 വരെ കൊലപാതക പരമ്പര തന്നെ അരങ്ങേറി. കൊല്ലപ്പെട്ട ഏഴുപേരില്‍ മൂന്ന് പേര്‍ ഹിന്ദുക്കളായിരുന്നു. ഒരാള്‍ സിഖുകാരനും ബാക്കിയുള്ളവര്‍ മുസ്‌ളീങ്ങളും.  ജമ്മു കശ്മീര്‍ സാധാരണഗതിയില്‍ മുസ്‌ളീങ്ങള്‍ കൂടുതലുള്ള മേഖലയാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ പോലും ഇവിടം വിടുകയാണ്.

30 വര്‍ഷത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പണ്ഡിറ്റുകള്‍ക്ക് ഇവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നിരിക്കുന്നത്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണത്തെ തുടര്‍ന്ന് 1990 ല്‍ ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകളാണ് കശ്മീര്‍ താഴ്‌വാരം ഉപേക്ഷിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ചേക്കേറിയത്.

കശ്മീരിലെ ഒരു പണ്ഡിറ്റ് കുടുംബത്തിന്റെ നേരവസ്ഥയെക്കുറിച്ച് അയല്‍ക്കാരിയായ മുസ്‌ളീം സുഹൃത്തിന്റെ വിവരണം ഇങ്ങിനെയായിരുന്നു. ”ഷേഖ്പുര കോളനിയില്‍ എനിക്ക് ഒരു ഹിന്ദുവായ സുഹൃത്തുണ്ട്. അവള്‍ ഒരു ദിവസം പാലിനായി വീട്ടില്‍ വന്നിരുന്നു. ഭയന്നു വിറച്ചാണ് അവള്‍ വന്നത്. ഇന്നലെ മുതല്‍ അവള്‍ വീട്ടിന് പുറത്തിറങ്ങിയിട്ടേയില്ല. എന്തെങ്കിലും സംഭവിച്ചോ എന്ന് പോലും ഭയം തോന്നുന്നു.”

ഷേഖ്പുരയിലെ ഈ താമസസ്ഥലത്ത് 290 പണ്ഡിറ്റ് കുടുംബങ്ങളാണ് പുറത്ത് പോകാന്‍ കഴിയാതെ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടുത്തെ ഒരു സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ രണ്ടു സ്‌കൂള്‍ അദ്ധ്യാപകരും സിഖുകാരിയായ പ്രിന്‍സിപ്പലും ഒരു പണ്ഡിറ്റ് സഹപ്രവര്‍ത്തകയും കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം സ്‌കൂളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാസ്‌ക്ക് കൊണ്ടു മുഖം മറച്ച തോക്കുധാരി സ്‌കൂളില്‍ പ്രവേശിച്ച് സ്റ്റാഫുകളെ വരിവരിയായി തോക്കിന്‍ മുനയില്‍ നിര്‍ത്തി. ഓരോരുത്തരുടെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചശേഷം മുസ്‌ളീം ടീച്ചര്‍മാരില്‍ നിന്നും ഇതര സമുദായക്കാരെ മാറ്റി നിര്‍ത്തിയ ശേഷം വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് ദൃക്‌സാക്ഷി വിവരണം.

കൊലപാതകങ്ങള്‍ ആധി കേറ്റുമ്പോള്‍ സുരക്ഷ ഉറപ്പാക്കിയിട്ടുള്ള സര്‍ക്കാരിനെ വിശ്വസിക്കണോ കശ്മീര്‍ വിട്ടു പോണോ എന്നിങ്ങനെ രണ്ടുവഴികള്‍ മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. 90 ലെ കലാപത്തെ തുടര്‍ന്ന് നാടുവിട്ടൂപോയവര്‍ 15 വര്‍ഷത്തിന് ശേഷം 2005 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ചാണ് ഇവരെ കണ്ടെത്തി തിരികെ എത്തിച്ചത്. എന്നാല്‍ ഇവരെ ഇപ്പോഴും മാറിത്താമസിച്ചവരായിട്ടാണ് പരിഗണിക്കുന്നത്. 1990 ല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറും മുമ്പ് ഇവര്‍ കശ്മീര്‍ താഴ്‌വരയുടെ വിവിധ ഇടങ്ങളില്‍ താമസിച്ചിരുന്നരവരാണ്.

ഒരിക്കല്‍ പലായനം ചെയ്തവരെ പിന്നീട് തിരികെ കൊണ്ടുവരാനും തങ്ങളുടെ പഴയ മുസ്‌ളീം അയല്‍വാസികള്‍ക്ക് ഒപ്പം താമസിപ്പിക്കാനും രാജ്യത്തിന് വിശാലമായ വലിയ പ്രവര്‍ത്തനം തന്നെ വേണ്ടി വന്നു. കഴിഞ്ഞയാഴ്ചത്തെ കൊലപാതകങ്ങള്‍ കുടുംബത്തെ ഒന്നടങ്കം മരവിപ്പിച്ചിരിക്കുയാണ് എന്നാണ് കശ്മീരി പണ്ഡിറ്റായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ”ജമ്മുവില്‍ നിന്നും തന്നോടൊപ്പം താമസിക്കാന്‍ വന്ന ഭാര്യ കൊലപാതക വിവരം അറിഞ്ഞതോടെ എത്രയും വേഗം സ്ഥലം വിട്ടു.” അദ്ദേഹം പറഞ്ഞു. 1990 ല്‍ ജന്മനാടു വിട്ട പല കശ്മീരി പണ്ഡിറ്റുകളും ജമ്മു നഗരത്തിലാണ് അഭയം കണ്ടെത്തിയത്.

അതേസമയം ഒരു വിഭാഗം കശ്മീരി പണ്ഡിറ്റുകള്‍ക്ക് രണ്ടാം തവണയും നാടുവിടേണ്ട സ്ഥിതി അവരുടെ അയല്‍ക്കാരായിരുന്ന കശ്മീരി മുസ്‌ളീം കുടുംബങ്ങളെയും ദു:ഖിതരും വിഷാദികളുമാക്കിയിരിക്കുകയാണ്. പലരും അക്രമത്തെ അപലപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പിട്ടിട്ടുണ്ട്. കശ്മീരിലെ ഗ്രാന്റ് മുഫ്ത്തിയും ആക്രമണത്തെ അപലപിക്കുകയും ഇരകളാക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്കും സിഖ് സമൂഹത്തിനോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ ഇവിടെ നിന്നും 30 കുടുംബങ്ങള്‍ വിട്ടുപോയെന്ന് 2005 ല്‍ കശ്മീരിലേക്ക് തിരിച്ചുവന്ന കശ്മീരി പണ്ഡിറ്റുകളില്‍ ഒരാളായ സഞ്ജയ് ടിക്കൂ പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 3,800 കശ്മീരി പണ്ഡിറ്റുകള്‍ കശ്മീരിലേക്ക് തിരിച്ചുവന്നതാണ്. അതുകൊണ്ടു തന്നെ ഇവര്‍ സര്‍ക്കാര്‍ ജോലിയും നേടിയിരുന്നു. വിവിധ ജില്ലകളില്‍ സുരക്ഷയ്ക്ക് കീഴിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതും. എന്നാല്‍ കശ്മീരില്‍ കൂട്ടക്കുരുതിയുടെ വാര്‍ത്ത വ്യാപിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും ഭീതിയിലായി.

1990 ന്റെ തുടക്കത്തില്‍ കശ്മീരില്‍ അശാന്തി പുകഞ്ഞു തുടങ്ങിയപ്പോള്‍ 1990 നും 1992 നും ഇടയില്‍ സ്വന്തം നാട്ടില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് പോയത് 70,000 പണ്ഡിറ്റുകളാണ്. 1990 നും 2011 നും ഇടയില്‍ തീവ്രവാദികള്‍ കൊന്നൊടുക്കിയത് 399 പണ്ഡിറ്റുകളെയാണ്. തങ്ങളുടെ ഈ കൂട്ടപ്പാലായനത്തിന് പണ്ഡിറ്റുകള്‍ സംസ്ഥാനത്തെ ഭൂരിപക്ഷ സമൂഹമായ മുസ്‌ളീങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്. തീവ്രവാദികള്‍ക്കെതിരേ തങ്ങള്‍ക്കൊപ്പം മുസ്‌ളീങ്ങള്‍ നില്‍ക്കാത്തതാണ് പാലായനം ചെയ്യേണ്ടി വരുന്നതിലേക്ക് നയിച്ചതെന്ന് ഇവര്‍ പറയുന്നു.

അതേസമയം 1990 ന് ശേഷം കശ്മീരി മുസ്‌ളീങ്ങളും ഇവിടെ വ്യാപകമായി കൊല്ലപ്പെടുന്ന അവസ്ഥയുണ്ട്. 1989 ന് ശേഷം ഇതുവരെ 47,000 മുസ്‌ളീങ്ങള്‍ക്ക് കശ്മീര്‍ ഏറ്റുമുട്ടലില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ കണക്ക്.  എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത് കണക്കുകള്‍ ഇതിന്റെ രണ്ടിരട്ടിയാണെന്നാണ്.

Previous articleസൗദിയിൽ തൊഴിൽ അവസരം; കൂടുതല്‍ വിവരങ്ങൾക്ക് നോർക്കയെ ഒക്ടോബര്‍ 20 ന് മുൻപ് ബന്ധപെടുക
Next articleസോംഹുറാം: രണ്ടായിരത്തിലേറെ വര്ഷം പഴക്കമുള്ള പട്ടണം ഒമാനിലെ സലാലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here