സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ പുറത്തിറങ്ങി, ശനിയാഴ്ച മുതല്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും. ജിദ്ദ-കൊച്ചി സെക്ടറില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലും, റിയാദ്-കൊച്ചി സെക്ടറില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലുമാണ് വിമാന സര്‍വീസ്. എയര്‍ ബബിള്‍ പ്രകാരമുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രാസികളെ പോലെ ഉംറ തീര്‍ത്ഥാടകര്‍ക്കും കേരളത്തില്‍ നിന്ന് നേരിട്ട് സൗദിയിലേക്ക് പോകും.
കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് നിലവില്‍ സൗദി എയര്‍ ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജിദ്ദ കൊച്ചി യാത്രക്ക് 23 കിലോ ബാഗേജുള്‍പ്പെടെ 740 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 12.20ന് പുറപ്പെടുന്ന വിമാനം രാവിലെ 8.10ന് കൊച്ചിയിലെത്തും.
തിരിച്ച് രാവിലെ 9.40ന് കൊച്ചിയില്‍ നിന്ന് പറന്നുയരുന്ന വിമാനം ഉച്ചക്ക് 1.50 നാണ് ജിദ്ദയിലെത്തുക. റിയാദില്‍ നിന്ന് ഉച്ചക്ക് ശേഷം 1.30 നാണ് വിമാനം പുറപ്പെടുന്നത്. ഈ വിമാനം രാത്രി 8.35ന് കൊച്ചിയിലിറങ്ങും. തിരിച്ച് രാത്രി 10.05ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 1.15ന് റിയാദില്‍ ഇറങ്ങുംവിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
ഇത് 23 കിലോ വീതമുള്ള രണ്ട് ബാഗേജുകളാണെങ്കില് 994 റിയാല്‍ മുതലും ടിക്കറ്റുകള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ഇക്കണോമിക് ക്ലാസിന് 1100 റിയാല്‍, 1765 റിയാല്‍ എന്നിങ്ങിനെയാണ് ടിക്കറ്റ് നിരക്ക്. റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് 23 കിലോ ബാഗേജുള്‍പ്പെടെ 999 റിയാല്‍ മുതലും 23 കിലോ വീതമുള്ള രണ്ട് ബാഗേജുള്‍പ്പെടെ 1099 റിയാല്‍ മുതലുമാണ് ടിക്കറ്റിന് ഈടാക്കുന്നത്.
ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലായ സൗദി-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ് സൗദി എയര്‍ലൈന്‍സും സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇന്‍ഡിഗോയും ഫ്ളൈനാസും സൗദി-ഇന്ത്യ സെക്ടറില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന കമ്പനികള്‍ യാത്രക്കെത്തുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.