ദി ഇക്കണോമിക്സ് ഇന്റലിജന്റ്സ് യൂണിറ്റ് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ജനാധിപത്യ പട്ടികയില്‍ ഇന്ത്യ രണ്ടു സ്ഥാനം വീണു 53 ാം സ്ഥാനത്തായപ്പോള്‍ സ്വീഡനിലെ വി ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിരീക്ഷണം മോഡിയ്ക്ക് കീഴില്‍ ഇന്ത്യ തെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നായിരുന്നു. നരേന്ദ്രമോഡിയെ ടൈം മാസിക ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 100 പേരില്‍ ലോകനേതാക്കളുടെ പട്ടികയില്‍ വീണ്ടും പെടുത്തിയപ്പോള്‍ നരേന്ദ്രമോഡി ഇന്ത്യയെ മതേതരത്വത്തില്‍ നിന്നും ഹിന്ദു ദേശീയതയിലേക്ക് നയിക്കുകയാണെന്നായിരുന്നു സിഎന്‍എന്‍ മാധ്യമപ്രവര്ത്തകന് ഫരീദ് സഖറിയ കുറിച്ചത്.
നരേന്ദ്രമോഡി പലപ്പോഴായി ടൈമിന് വിഷയമായിട്ടുണ്ട്. 2014, 2015, 2017, 2020, 2021 വര്‍ഷങ്ങളില്‍ മോഡി ടൈമിന്റെ സ്വാധീനം ചെലുത്തിയ നേതാക്കളുടെ പട്ടികയില്‍ എത്തി.
പക്ഷേ മോഡിയുടെ അഞ്ചാം തവണയേക്കാള്‍ സര്‍പ്രൈസ് സൃഷ്ടിച്ച മറ്റൊരാള്‍ ടൈമിന്റെ പട്ടികയില്‍ ഉണ്ടായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. സ്വാതന്ത്ര്യത്തിന് ശേഷം മുന്ന് നേതാക്കളേ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ളൂ അതില്‍ മൂന്നാമത്തെയാള്‍ മോഡിയാണെന്ന് എഴുതിയ ടൈമിന്റെ കണ്ണ് പക്ഷേ പശ്ചിമബംഗാള്‍ നേതാവിനെ മേല്‍ പതിച്ചത് ബംഗാള്‍ തെരഞ്ഞെടുപ്പോടെ ആയിരിക്കണം.
സ്വതന്ത്ര ഇന്ത്യയ്ക്ക് സിഎന്‍എന്‍ ജര്‍ണലിസ്റ്റ് ഫരീദ് സഖറിയയുടെ കണ്ടെത്തലില്‍ മോഡിയെ കൂടാതെ നെഹ്രുവും ഇന്ദിരാഗാന്ധിയും മാത്രമേയുളളൂ. പക്ഷേ ഇനിയൊരു മുന്നണി സാധ്യത ബിജെപിയ്ക്ക് എതിരായി കേന്ദ്രത്തില്‍ രൂപപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ മമത ഉണ്ടാകുമെന്ന് ഉറപ്പ്.
അമ്മാതിരി പണിയായിരുന്നല്ലോ ബംഗാളില്‍ അവര്‍ ബിജെപിയ്ക്ക് കൊടുത്തത്. ഒച്ചപ്പാടും ബഹളവുമായി ഉത്തരേന്ത്യയില്‍ നിന്നും വടക്കുകിഴക്ക് ലക്ഷ്യമിട്ട് നീങ്ങിയ ഗുജറാത്തി സിംഹങ്ങളുടെ ജൈത്രയാത്ര പശ്ചിമബംഗാളിലെ പെണ് കടുവയ്ക്ക് മുന്നില്‍ തടഞ്ഞു നിര്‍ത്തപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പേ ബംഗാളില്‍ ടെന്റടിച്ച് നന്നായി ഹോം വര്‍ക്ക് ചെയ്ത് ആളും അര്‍ത്ഥവും ഇറക്കിക്കളിച്ചിട്ടും കിട്ടിയത് 77 സീറ്റ്. ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പായിട്ടും മമത നേടിയത് വമ്പന്‍ വിജയം.
നരേന്ദ്രമോഡിയുടെ ഇമേജിന് ഒട്ടും ബഹുമാനമോ പരിഗണനയോ നല്‍കാതെ മമത നിര്‍ദ്ദയം തിരിച്ചടിച്ചു. മെട്രോപോളിറ്റന്‍ നഗരങ്ങള്‍ സമ്പൂര്‍ണ്ണമായി പിടിക്കുക നരേന്ദ്രമോഡിയുടെ അഭിലാഷത്തിനെതിരേ മെയ് 2 ന് ഒരു കോട്ട പോലെയാണ് മമത ഉയര്‍ന്നു നിന്നത്. ഇന്ത്യയില്‍ മോഡിയ്ക്ക് എതിരേ നിവര്‍ന്ന് നില്ക്കാന് കഴിയുന്ന ഏകനേതാവായി പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പോടെ മമത മാറി.
കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ഏകസംസ്ഥാനമായിട്ടു പോലും കേരളനേതാക്കള്‍ക്ക് പോലും കിട്ടാത്ത വീറ്. വെളളസാരിയാണ് മമതയുടെ സിഗ്നേച്ചറെന്ന് ബര്‍ഖാദത്ത് ടൈമില്‍ എഴുതി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്നു വന്ന പല വനിതാനേതാക്കളെയും പോലെ ആരുടെയെങ്കിലും ഭാര്യ, മാതാവ്, സഹോദരി, മകള്‍ എന്ന വിലാസത്തിലായിരുന്നില്ല മമതാബാനര്‍ജി ഉയര്‍ന്നുവന്നത്. ദാരിദ്ര്യത്തില്‍ നിന്നുമായിരുന്നു. കുടുംബത്തെ സഹായിക്കാന്‍ പാല്‍ക്കാരി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയ ജോലിയൊക്കെ അവര്‍ ചെയ്തിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കും മുമ്പ് 1970 ല്‍ 15 ാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായ ആളാണ് മമതാ ബാനര്‍ജി. നിലവില്‍ 65 ാം വയസ്സില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ്ണമായി തകര്‍ന്നു നില്‍ക്കുമ്പോഴും ബിജെപിയുടെ പിടിയില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ മമതാ ബാനര്‍ജി വേണമെന്ന സ്ഥിതിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ മമത ഒരിക്കലും നയിച്ചിട്ടില്ല. പക്ഷേ പാര്‍ട്ടി എന്നാല്‍ അവര്‍ തന്നെയാണ്. മോഡിയെ എതിര്‍ക്കാന്‍ ഏതെങ്കിലും മുന്നണി ഉയര്‍ന്നുവന്നാല്‍ മമതയായിരിക്കും അതിന്റെ താക്കോല്‍ സ്ഥാനത്തെന്നും ബര്‍ഖാദത്ത് കുറിക്കുന്നു.
കേന്ദ്രത്തിലെ ഒരു ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കും യഥാര്‍ത്ഥത്തില്‍ നിലവിലെ ആത്മവിശ്വാസം മമതാ ബാനര്‍ജിയുടെ ബംഗാളിലെ വിജയമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിന്ദി ഹൃദയഭൂമിയും പിടിച്ചെടുത്ത ബിജെപി അടുത്തതായി നടത്തിയ വമ്പന്‍ പ്രഖ്യാപനം പശ്ചിമ ബംഗാളിനെ കാവിവല്‍ക്കരിക്കും എന്നതായിരുന്നു. ഇതിന്റെ ആദ്യ പടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വിമതരായി നിന്ന പ്രമുഖ തലകളെ ഒന്നൊന്നായി അടര്‍ത്തിയെടുത്തു ഒരു വലിയ വിഭാഗത്തെ തന്നെ എതിരെ നിര്‍ത്തി. പക്ഷേ മമത തകര്‍ന്നില്ല.
ഉള്ളവരെ വെച്ച് ബിജെപിയെ ശക്തമായി ചെറുത്തു. ഡല്‍ഹിയില്‍ നിന്നും നരേന്ദ്രമോഡിയും അമിത്ഷായും അടക്കമുള്ള ദേശീയ നേതാക്കള്‍ ഒന്നടങ്കം വന്നു. ബംഗാളില്‍ ഭരണമാറ്റമെന്ന് അവര്‍ പ്രചരിപ്പിച്ചു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ തമ്പടിച്ചു പ്രചരണം നടത്തിയെിട്ടും ഒന്നും സംഭവിച്ചില്ല. ബംഗാളിലേക്കു പ്രചരണത്തിനായുള്ള ബിജെപി നേതാക്കളുടെ കുത്തൊഴുക്കിനെ മമത തനിക്ക് അനുകൂലമാക്കി ശരിക്കും ഉപയോഗിച്ചു. മണ്ണിന്റെ മകളും വരത്തന്മാരും തമ്മിലുള്ള പോരാട്ടമായി നടത്തിയ മമതയും പ്രചരണം കുറിക്ക് കൊണ്ടു. പറഞ്ഞതെല്ലാം ബിജെപിയ്ക്ക് ബൂമറാംഗുമായി.
ബിജെപി മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ ഹിന്ദു ധ്രുവീകരണത്തിനും മമത ഇടം നല്‍കിയില്ല. ബിജെപിയുടെ രാമ രാഷ്ട്രീയത്തെ കാളീപൂജയുടെ രാഷ്ട്രീയം കൊണ്ടു തടയിട്ടു. ബിജെപി ജയിക്കുമെന്ന് കരുതി തന്റെ പാര്‍ട്ടി വിട്ട് മറുകണ്ടം ചാടിയവര്‍ തെരഞ്ഞെുടുപ്പ് കഴിഞ്ഞതോടെ പോയതിനേക്കാള്‍ വേഗത്തില്‍ തൃണമൂലില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.
മോഡി രാജ്യത്തെ മതേതരത്വത്തില്‍ നിന്നും ഹിന്ദു ദേശീയതയിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നും മോഡി രാജ്യത്തെ മുസ്ളീം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ് എന്നും മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കുകയും ജയിലില്‍ ഇടുകയും ചെയ്യുകയാണെന്നും ആരോപിച്ചിട്ടുണ്ട്. മോഡി അധികാരത്തില്‍ വന്ന ശേഷം നടന്ന മിക്ക സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ അപ്രമാദിത്യം ആയിരുന്നു. എന്നാല്‍ ഇത്തവണ കര്‍ഷക സമരവും കോവിഡ് കൈകാര്യം ചെയ്ത രീതിയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ വന്നിരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഇത് നിര്‍ണ്ണായകമാകും.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടന്ന മോഡിയുടെ ആദ്യ യോഗം പോലും തനിക്ക് സമയമില്ലെന്ന് പറഞ്ഞ് മമത തള്ളിക്കളഞ്ഞത് മോഡിയ്ക്കും ബിജെപിയ്ക്കും കനത്ത പ്രഹരമായിരുന്നു. കേന്ദ്രസര്‍ക്കാരിന് ഒരു തരത്തിലും കീഴടങ്ങാത്ത മമതയെ ഒതുക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ആലാപന്‍ ബന്ദോപാദ്ധ്യായെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചതും വിവാദമായി. ഐഎഎസ് ഉദ്യോഗസ്ഥനെ കൊണ്ട് പദവി മമത രാജി വെപ്പിച്ചു. അതിന് ശേഷം തന്റെ ഉപദേഷ്ടാവാക്കി നിയോഗിച്ചുകളഞ്ഞു.
ബിജെപിയ്ക്ക് എതിരേ മമത നേടിയ ഉജ്വല വിജയം നിലവിലെ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന രാഹുല്‍ഗാന്ധിയ്ക്കോ സോണിയാ ഗാന്ധിക്കോ സ്വപ്നം പോലും കാണാന്‍ കഴിയാത്തതായിരുന്നു. ഇത് മുന്‍ നിര്‍ത്തി കൂടിയാണ് കോണ്‍ഗ്രസ് മമതയ്ക്ക് കൈ കൊടുത്തിരിക്കുന്നത്. തങ്ങള്‍ വളര്‍ത്തിക്കൊണ്ടു വന്ന പഴയ വനിതാനേതാവ് നീട്ടിയിരിക്കുന്ന കൈകളില്‍ പിടിച്ചു കയറാനാകുമോ എന്നാണ് കോണ്‍ഗ്രസിന്റെ ആലോചന. അതേസമയം ഒട്ടേറെ അവമതിക്കല്‍ നേരിടേണ്ടി വന്നിരുന്നെങ്കിലും മോഡിയുടെ അപ്രൂവല്‍ റേറ്റിംഗിന് ഒരു കുറവും വന്നിട്ടില്ലെന്ന് ടൈം പറയുന്നത്. 71 ശതമാനമാണ് കൂടിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.