കേരളത്തിലെ പ്രളയം എല്ലാകാലത്തും മനുഷ്യനിര്‍മ്മിതിയാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. വന്‍ തുക ചെലവഴിച്ച് വികസനം ലോബീയിംഗ് ആയി മാറുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് പണമേയില്ലെന്നും പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണം നടത്തിയത്.
കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതമാണോ പ്രകൃതി ദുരന്തമാണോ എന്ന ചോദ്യത്തിന് മനുഷ്യനിര്‍മ്മിതം എന്നായിരുന്നു ജയറാം രമേശ് നല്കിയ മറുപടി. വനനശീകരണം, നിര്‍മ്മാണ പ്രവര്‍ത്തനം, ഖനനം എന്നിവയാണ് കാരണമെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ പ്രകൃതിയുടെ ചാക്രികത എന്ന് ഇതിനെ പറയാമെങ്കിലും അടിസ്ഥാനപരമായി കാരണം മനുഷ്യനിര്മ്മിതയാണെന്നും ജയറാം രമേഷ് പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ കേന്ദ്രം ഭരിച്ചിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനായില്ലല്ലോ എന്ന ചോദ്യത്തിന് 2011 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഇപ്പോഴൂം നടപ്പാക്കല്‍ വൈകുകയാണെന്നായിരുന്നു മറുപടി. പശ്ചിമഘട്ടത്തിന്റെ 60 ശതമാനം ഭാഗവും സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു ഗാഡ്ഗില്‍ കമ്മീഷന് പറഞ്ഞത്. കസ്തൂരിരംഗന്‍ പാനല്‍ ഇത് 30 ശതമാനമാക്കി ചുരുക്കി. ജനാധിപത്യവും ശാസ്ത്രീയവും താഴേയ്ക്കിടയില്‍ നിന്നുള്ളതും അനേകം അനുഭവ പരിജ്ഞാനം വ്യക്തമാക്കുന്നതുമായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഇത് നടപ്പാക്കാത്തതിന്റെ ഫലം വര്‍ഷം കഴിയുന്തോറും അടുത്ത കാലത്ത് വരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാന്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ജീവനോപാധികള്‍ നഷ്ടമാകുമെന്ന ന്യായമാണ് രാഷ്ട്രീയക്കാര്‍ പറഞ്ഞത്. എന്നാല്‍ അത് ശരിയല്ലെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നത് വികസനത്തെ തടയുമെന്നും ഇവിടെയുള്ള മനുഷ്യരുടെ ഉപജീവനത്തെ ബാധിക്കുമെന്നുമുള്ള കാഴ്ചപ്പാടുകള്‍ തെറ്റാണെന്നും പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സൂഷ്മാംശങ്ങള്‍ പൊതുജനങ്ങളില്‍ വേണ്ടത്ര ചര്‍ച്ചയാകാതെ പോയതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തം എന്നാല്‍ റോക്കറ്റ് സയന്‍സ് അല്ലെന്നും പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി പുനര്‍ജീവനവും നടക്കാതിരുന്നാല്‍ ഈ രീതിയിലുള്ള പ്രകൃതിദുരന്തങ്ങള്‍ പതിവാകും. നമ്മള് ചിന്തിക്കുന്നത് എഞ്ചിനീയറിംഗിനെ കുറിച്ചും വികസന രീതിയിലുള്ള പരിഹാരവുമാണ്. പക്ഷേ ഇവിടെ വേണ്ടത് പരിസ്ഥിതിയ്ക്ക് അനുസൃതമായ പരിഹാരമാണ്.
കഴിഞ്ഞ പത്തുവര്‍ഷമായിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരു സര്‍ക്കാരും ആക്രമണോത്സുകമായ നീക്കം നടത്തിയില്ലല്ലോ എന്ന ചോദ്യത്തിന് ഖനന ലോബികള്‍, ടൂറിസം ലോബികള്‍, ഹൈവേ ലോബികള്‍, കെട്ടിട നിര്‍മ്മാണ ലോബികള്‍ ഇങ്ങിനെ വികസനം തന്നെ ഒരു വലിയ ലോബീയിംഗാക്കി മാറ്റിയിരിക്കുകയാണ് എന്നായിരുന്നു മറുപടി. പക്ഷേ പരിസ്ഥിതി സംരക്ഷണത്തിനോ പരിസ്ഥിതി പുനര്‍നിര്‍മ്മാണത്തിനോ ലോബിയില്ലെന്നും പറഞ്ഞു.