September 1, 2021 - mpk1729@gmail.com

ഏറ്റവും ഒടുവിലുള്ള സെൻസസ്സ് അനുസരിച്ച് കേരളത്തിൽ 36 ട്രൈബൽ സമൂഹങ്ങളിലായി 4,84 839 പേരാണ് ഉള്ളത്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ 1.1 ശതമാനം ആണിത്.

ആദിവാസി സമൂഹത്തിലെ ഏറ്റവും കൂടുതൽ (37.36 % ) പേർ വയനാട് ജില്ലയിലും 14% ഇടുക്കിയിലും, 10.8 ശതമാനം പേർ പാലക്കാട് ജില്ലയിലും ആണ്.

മറ്റുള്ളവർ പശ്ചിമഘട്ടത്തോടു ചേർന്നുള്ള ഇതര ജില്ലകളിലും താമസിക്കുന്നു.

ഇവരിൽ പൂർണ്ണമായോ ഭാഗികമായോ വനാശ്രിതരായി ജീവിക്കുന്നവർ 23 ശതമാണന്ന് കണക്കാക്കപ്പെടുന്നു. വയനാട് ജില്ലയിലെ കുറുമർ, കുറിച്ച്യർ , പാലക്കാട് ജില്ലയിലെ ഇരുളർ , ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മല അരയർ, ഉള്ളാടർ, തുടങ്ങിയ സമൂഹങ്ങളിലെ താരതമ്യേന ചെറിയ തോതിൽ ഭൂമി കൈവശമുള്ള വിഭാഗങ്ങൾ കൃഷിപ്പണിയിലും, തീർത്തും ഭൂരഹിതരായ പണിയർ ,അടിയാൻ, കാട്ടുനായ്ക്കർ, തുടങ്ങിയ ബഹു ഭൂരിപക്ഷം വരുന്ന വിഭാഗങ്ങൾ കാർഷിക മേഖലയിൽ കൂലിവേലയേയും ആശ്രയിക്കുന്നു.

ബഹുഭൂരിപക്ഷം വരുന്ന സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങളും രൂക്ഷമായ ഭൂരാഹിത്യത്തെ നേരിടുകയും കാർഷികമേഖലയുടെ തകർച്ചയുമായി ബന്ധപ്പെട്ട് കൂലി വേല പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തെ അഭിമുഖീകരിക്കുന്നു.

ആദിവാസി സമൂഹം നേരിടുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പ്രതിസന്ധികൾ ചരിത്രപരമായി അവർ നേരിട്ടു കൊണ്ടിരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റേയും ദാരിദ്ര്യത്തിന്റേയും തുടർച്ചയാണ്.

വനവിഭവങ്ങൾ ഉൾപ്പെടെ പാരമ്പര്യ ആർജ്ജിതമായ പ്രകൃതി സമ്പത്തിൽ നിന്നും ഭൂമിയിൽ നിന്നും ഒരേ സമയം തന്നെ അന്യവൽകരിക്കപ്പെട്ടതോടെ വേട്ടയാടപ്പെട്ട് ചോരവാർന്നൊഴുകി വംശഹത്യയിലേക്ക് നീങ്ങുന്ന സമൂഹമായത് പരിണമിച്ചിരിക്കുന്നു.

അതോടൊപ്പം ഉദാരവൽക്കരണ, ആഗോളീകരണശക്തികൾ സ്വാധീനം ഉറപ്പിച്ച സാമൂഹ്യ-സാമ്പത്തിക – നയങ്ങൾ അങ്ങേയറ്റം പാർശ്വവൽകൃതരായ സമുഹമായി അവരെ പുറന്തള്ളിയിരിക്കുന്നു.ആരോഗ്യ രക്ഷാ രംഗത്തു വളരെ പിന്നോക്കം നിൽക്കുന്ന ആദിവാസി മേഖലകൾ അരിവാൾ രോഗം, കുരങ്ങുപനി ഉൾപ്പെടെയുള്ള ദരിദ്ര ജന്യ രോഗങ്ങൾക്ക് അടിപ്പെട്ടിരിക്കുകയാണ്.

കോവിഡ് – 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ഉതകുന്ന തരത്തിൽ ശാരീരിക അകലം പാലിക്കാൻ പോലും കഴിയാതെ കാറ്റും വെളിച്ചവും കടക്കാത്ത ഒറ്റമുറി വീടുകളിൽ ദു:സ്സഹ സാഹചര്യത്തെ നേരിടുന്നു.

പോഷകാഹാരക്കുറവ് മൂലമുള്ള നവജാത ശിശുക്കളുടെ മരണം അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിൽ ഇന്ന് പുതിയ സംഭവങ്ങളല്ല.

കൊട്ടിഘോഷിക്കപ്പെട്ട “കേരള മോഡൽ ” വികസനത്തിന്റെ നേരിയ ചലനം പോലും സ്പർശിക്കപ്പെടാതെ പോയ സമൂഹമാണ് കേരളത്തിലെ ആദിവാസികൾ.

ആദിവാസി ഊരുകൾ കൊടിയ ദാരിദ്ര്യത്തെയാണ് നേരിടുന്നത്. കാർഷിക – തൊഴിൽ മേഖലയുടെ തകർച്ച രൂക്ഷമായതോടെ വയനാട് പോലുള്ള ജില്ലകളിൽ 60 ശതമാനം കുടുംബങ്ങളും തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നു.പശ്ചിമഘട്ട മലനിരകളിൽ നടക്കുന്നമനുഷ്യ നിർമ്മിതമായ പാരിസ്ഥിതിക തകർച്ച അടിച്ചേൽപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ഇരകളാകേണ്ടി വരുന്നതും കൊടിയ ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നതും മുഖ്യമായി ആദിവാസികൾ തന്നെയാണ്.

ആദിവാസി സമൂഹത്തിന്റെ ഭൂമി കുടിയേറ്റക്കാരാലും, കയ്യേറ്റക്കാരാലും വൻ തോതിൽ അന്യാധീനപ്പെട്ട തോടെ നഷ്ടപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിന് ഉള്ള നിയമ നിർമ്മാണങ്ങൾ അഖിലേന്ത്യാ തലത്തിൽ എന്ന പോലെ കേരളത്തിലും നടക്കുകയുണ്ടായി.

1975 ലെ പട്ടികവർഗ്ഗ നിയമം (The Kerala Scheduled Tribs (Restriction on Transfer of Land Restoration of aliniyeted lands) Act 1975 ഇത്തരത്തിലുള്ളതായിരുന്നു.

ഭരണ ഘടനയുടെ സംരക്ഷിത വകുപ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി യെങ്കിലും ഈ നിയമങ്ങൾ നടപ്പിലാക്കി ആദിവാസി ഭൂമി സംരക്ഷിക്കാൻ ആവശ്യമായ ഒരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നിയമം നിർമ്മാണം നടന്ന് പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നിയമത്തിന് ചട്ടങ്ങൾ പോലും രൂപപ്പെടുത്തിയില്ലന്നു മാത്രമല്ല ഈ നിയമത്തെ ദുർബ്ബലപ്പെടുത്താൻ മുഴുവൻ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ചു.

ആദിവാസി ഭൂമി തട്ടിയെടുത്ത വൻകിട ഭൂമാഫിയകളെയും മത മേധാവിത്വ ശക്തികളെയും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചിരുന്നത്.

1996 ൽ നിയമ ഭേദഗതികൾ കൊണ്ടുവന്നെങ്കിലും പ്രസിഡന്റ് ഒപ്പു വെക്കാൻ തയാറാവാത്തത് കാരണം ഭേദഗതിവരുത്തിയ നിയമം തിരിച്ചയക്കപ്പെട്ടു.

1999 ൽ വീണ്ടും പട്ടിക വർഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും എന്ന ആക്ട് കൊണ്ടുവന്നുകൊണ്ട് 75 ലെ നിയമത്തെ അട്ടിമറിക്കുന്നതിൽ ഭരണവർഗ്ഗ പ്രസ്ഥാനങ്ങൾ വിജയം നേടി.

കേരള നിയമസഭയിലെ 140 എം.എൽ.എ മാരിൽ കെ.ആർ. ഗൗരിയമ്മ ഒഴികെ139 പേരും ഈ ആദിവാസി വിരുദ്ധ നിയമത്തെ പിന്തുണച്ചു.

ആദിവാസി വിഭാഗങ്ങൾക്ക് പരിമിതമായെങ്കിലും കൈവശമുണ്ടായിരുന്ന ഭൂമി വൻ രീതിയിൽ നഷ്ടപ്പെടുന്നത്. 1960 – 80 കാലത്താണ്.

ICAS. (International Center ForAnthropologycal Studies ) കേരളത്തിൽ നടത്തിയ ഒരു പഠനത്തിൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഇക്കാലയളവിൽ 10796. 19 ഏക്കർ കൃഷി ഭൂമി അന്യാധീനപ്പെട്ടു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വയനാട് ജില്ലയിയിൽ പിൽക്കാലത്ത ആദിവാസി ഭൂസംരക്ഷണ നിയമമനുസരിച്ച് റജിസ്റ്റർ ചെയ്യപ്പെട്ട കേസ്സുകളിൽ ആദിവാസികൾക്കനുകൂലമായി വിധിയായത് അയ്യായിരത്തിൽ പരം കേസ്സുകളാണ്.

ഈ വിധികൾ പോലും നടപ്പിലാക്കപ്പെട്ടില്ല എന്നത് ഭരണകൂടത്തിന്റെ ആദിവാസിവിരുദ്ധ നിലാപാട് തന്നെയാണ് വെളിപ്പെടുത്തുന്നത്.

80 കൾക്ക് ശേഷമാകട്ടെ കോർപ്പറേറ്റ് കമ്പനികളുടെ ഭൂമി കയ്യേറ്റവും ഖനന- ഭൂമാഫികളുടെ ആക്രമണം ശക്തിപ്പെട്ടു. അട്ടപ്പാടി പോലുള്ള മേഖലകളിൽ ആദിവാസി ഭൂമിയുടെ സിംഹഭാഗവും ഭൂമാഫിയകളുടേയും കോർപ്പറേറ്റ് കമ്പനികളുടേയും പിടിയാലായി. കടല, തുവര, തിന പോലുള്ള ഭക്ഷ്യ വസ്തുക്കൾ ഏറ്റവും നന്നായി വിളവെടുത്തിരുന്ന കാർഷിക മേഖലകൾ ഇന്ന് തരിശു ഭൂമിയാക്കി മാറ്റപ്പെട്ടിരിക്കുന്നു.

പാരമ്പര്യമായി ആർജ്ജിച്ച ഭൂസ്വത്തുക്കൾകുടുംബങ്ങൾക്കിടയിൽ ഭാഗം വെക്കുന്നതിന് വന്ന തടസ്സങ്ങൾ പരിഹരിക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകൾ ഭൂമാഫിയകൾക് സഹായകരമായി. രേഖകളുടെ

അഭാവത്തിൽ ബാങ്കുകളിൽ നിന്ന് പോലും സഹായങ്ങൾ സ്വീകരിക്കാൻ കഴിയാതെ ഭൂമി ഉള്ളവർക്കും കൃഷി അസാധ്യമായി മാറി.

കൃഷിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ ഒരുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തരിശായി കിടക്കുന്നതിലേക്കും എളുപ്പത്തിൽ മാഫിയകൾക്ക് കൈവശപ്പെടുത്താനും സഹായകരമായി മാറുന്നു.

കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിച്ചിക്കുന്ന സുസ് ലോൺ എന്ന കമ്പനിയുടെ 34 കാറ്റാടി യന്തങ്ങളാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിയെടുത്തു കൊണ്ട് പ്രവർത്തിക്കുന്നത്. സുസ് ലോൺ മാത്രമല്ല ആദിവാസി ഭൂമി തട്ടിയെടുത്തുകൊണ്ട് സ്ഥാപിച്ച നിരവധി കാറ്റാടി കമ്പനികൾ അട്ടപ്പാടിയിലുണ്ട്.

കേരളത്തിലെ ചില പ്രമുഖ സ്വാർണ്ണാഭരണ സ്ഥാപനങ്ങൾ, സിനിമാ നടന്മാർ, ടൂറിസം റിസോർട്ട് മാഫിയകൾ, അട്ടപ്പാടിയിലും ഇതര ആദിവാസി ആവാസ മേഖലകളിലും ആദിവാസി ഭൂമി കവർന്നെടുക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.പശ്ചിമഘട്ട മലനിരകളിൽ കമ്മീഷൻ ചെയ്ത മുഴുവൻ പദ്ധതികളിലും ആദിവാസികൾ കൂടിയിറക്കപ്പെട്ടു.

കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ പോലും നടന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ആദിവാസി ഊരുഭൂമികൾ സർക്കാർ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കേണ്ടി വരികയാണങ്കിൽ പകരം അഞ്ച് മടങ്ങ് ഭൂമി സ്മശാനമടക്കമുള്ള സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്ന മാനദണ്ഡം പോലും പരിഗണിക്കുന്നില്ല.

വയനാട് ജില്ലയിലെ കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് 40 ഓളം വരുന്ന പണിയ ഊരുകൾ പൂർണ്ണമായും ജലസംഭരണികളിൽപ്പെട്ട് ഇല്ലാതായി.

അട്ടപ്പാടിയിലാകട്ടെ ചില സമുദായങ്ങൾ തന്നെ വംശഹത്യയിലേക്ക് അടുക്കുന്നു.ആദിവാസികളുടെ ജീവിതാവസ്ഥമെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച എല്ലാ പദ്ധതികളും ലക്ഷ്യത്തിലെത്താതെ തകർച്ചയെ നേരിട്ടു.വയനാട് ജില്ലയിൽ പാമ്പ്ര ,ചീയമ്പം, ചീങ്ങേരി , കല്ലുമല തോട്ടങ്ങളും , സുഗന്ധഗിരി പൂക്കോട്, വട്ടച്ചിറ , അട്ടപ്പാടി ഫാമിംഗ് പദ്ധതി തുടങ്ങിയ നിരവധി ആദിവാസി പുനരധിവാസ പദ്ധതികളാണ് സർക്കാർ അനാസ്ഥ കൊണ്ടും തെറ്റായ നയ സമീപനങ്ങൾ കൊണ്ടും തകർന്നു പോയത്.

അട്ടപ്പാടിയിൽ ആദിവാസി കുടുംബങ്ങളുടെ റവന്യൂ പട്ടയഭൂമി ഉൾപ്പെടെ കൂട്ടി ചേർത്തു കൊണ്ടാണു് 2500 ഏക്കർ വരുന്ന ഫാമിങ് സൊസൈറ്റി ACFS(അട്ടപ്പാടി കോ-ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി ) 1978ൽ രൂപീകരിക്കുന്നതു്.

470 കുടുംബങ്ങളെ അംഗങ്ങളാക്കിയ ഫാമിൻ്റെ ചെയർമാൻ ജില്ലാ കലക്ടറാണു്.അഞ്ചൂ വർഷത്തിനകം ഫാം കൃഷിയോഗ്യമാക്കി 5 ഏക്കർ ഭൂമിയും വീടും വെച്ചു കൊടുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം, പക്ഷെ 40 വർഷം കഴിഞ്ഞിട്ടും പുനരധിവാസം നടന്നില്ല.

ഭൂമി ഇപ്പൊഴും അഴിമതിക്കാരായ ഉദ്യോഗസ്ഥ മേധാവികളുടെ സമ്പൂർണ നിയന്ത്രണത്തിൽ തന്നെയാണ്.

പട്ടയഭൂമി പോലും ആദിവാസികൾക്ക് വിട്ടുകൊടുത്തില്ലന്ന് മാത്രമല്ല തോട്ടത്തിലെ തൊഴിൽ സാധ്യതകൾ പോലും ഇല്ലാതായി. ആദിവാസികൾ പുറമ്പോക്കുകളിൽ കഴിയേണ്ടി വരുന്നു. കെടുകാര്യസ്ഥതയും അഴിമതിയും ശക്തമാകുകയും ആദിവാസികളുടെ ഭൂ രേഖകൾ ബാങ്കുകളിൽ പണയം നല്കി കോടികൾ കടമെടുത്തു.

കടം തിരിച്ചടവില്ലാതെ, റവന്യൂ റിക്കവറി നോട്ടീസ് വന്നപ്പോഴാണ് ആദിവാസികൾ ഇക്കാര്യം അറിയൂന്നത് പോലും .

ഏറ്റവും ഒടുവിലായി ഇതേ 2500 ഏക്കർ ഭൂമി L A ഹോംസ് എന്ന ടൂറിസം റിസോട്ട് മാഫിയ സ്ഥാപനത്തിന് 50 വർഷത്തേക്ക് പാട്ടത്തിന് കൊടുക്കുന്ന തിനുള്ള കരാർ ഒപ്പുവെക്കുകയും ചെയ്തു.

നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം ജനകീയപ്രക്ഷോഭം ആരംഭിച്ചു കൊണ്ടാണ് ഈ നീക്കത്തെ ആദിവാസി സംഘടനകൾ ഇക്കഴിഞ്ഞ വർഷം ചെറുത്ത് തോൽപ്പിച്ചത്.

ആദിവാസി ഭൂമിയെ അന്യാധീനപ്പെടുത്തുന്നതിൽ സർക്കാറിനും ട്രൈബൽ ഡിപ്പാർട്ട്മെന്റിനും ഉള്ള പങ്ക് വളരെ വലുതാണ്. .കേരളത്തിലെ ആദിവാസികളുടെ എല്ലാ ആവാസ മേഖലകളിലും വ്യത്യസ്ത രീതികളിൽ ആദിവാസിഭൂമി നഷ്ടപ്പെടുന്നതിൽ ഗവർമ്മേന്റും ഉദ്യോഗസ്ഥ മേധാവികളും വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്.

വനാവകാശവും കോർപ്പറേറ്റ് താൽപര്യങ്ങളും

വനത്തിലും വനവിഭവങ്ങളിലും ആദിവാസി അവകാശങ്ങൾ ഉറപ്പു വരുത്തുന്ന വനാവകാശ നിയമം നൂറ്റാണ്ടുകൾ നീണ്ടുനിന്ന ജന്മി-നാടുവാഴിത്ത – കൊളോണിയൽ കൂട്ടുകെട്ടിനെതിരെ ആദിവാസിസമൂഹം നേടിയെടുത്ത പാരമ്പര്യ അവകാശത്തിന്റെ പ്രതീകമായാണ് പരിഗണിക്കപ്പെടുന്നത്.

ഒപ്പം പ്രാക്തന ഗോത്രവിഭാഗങ്ങളെ വനാന്തർഭാഗത്ത് നിന്ന് പുറംന്തള്ളി വനസംരക്ഷണം സാധ്യമാക്കാമെന്ന ഖനന മാഫിയകൾ പ്രചുര പ്രചാരം നല്കിയ വികലമായ പാരിസ്ഥിതിക ബോധത്തിന് മുകളിലുള്ള ജനാധിപത്യ സമൂഹത്തിന്റെ വിജയവും, വനസംരക്ഷണത്തിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ദിശാബോധത്തിന്റെ സൂചകവുമാണ്.

വനാശ്രിത സമൂഹങ്ങൾക്ക് സാമൂഹിക വനാവകാശവും (Community Forest Right ) വ്യക്തിഗത വനാവകാശവും (Individual Forest Right) വനാവകാശനിയമം ( 2006 )പ്രദാനം ചെയ്യുന്നു.

വനത്തിൽ പാരമ്പര്യ കൃഷി നടത്താനും വനമേഖലകളിലെ പുഴകളിൽ മത്സ്യബന്ധനത്തിനും, വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഉള്ള അധികാരം വനാശ്രിത സമൂഹത്തിന് നല്കുന്നു.വനമേഖലകളുടെ വികേന്ദ്രീകൃതമായസംരക്ഷണം എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് ഈ മേഖലകളിലെ വികസന പ്രവർത്തനങ്ങളിലുള്ള അന്തിമവാക്ക് ഊരുകൂട്ടങ്ങൾക്കും ഊരുകൂട്ടങ്ങൾ അടങ്ങിയ ഗ്രാമസഭകളിലും ഈ നിയമത്തിലൂടെ നിക്ഷിപ്തമാക്കിയിരിക്കുന്നു.

നമ്മുടെ വനമേഖലകൾ ലോഹധാതുക്കൾ അടങ്ങിയ പ്രകൃതി സമ്പത്തുക്കളുടേയും, മറ്റനേകം വനവിഭവങ്ങളുടേയും കലവറകളാണ്. വനമേഖലകൾ ഉഴുത് മറിച്ച് സുലഭമായ ഇരുമ്പ് – ചെമ്പ് അയിരുകളും , അലൂമിനിയം ഉൾപ്പെടെയുള്ള പ്രകൃതി ധാതുക്കളും കുത്തി ചോർത്തി കൊണ്ടു പോകാനുള്ള ഖനന കുത്തകകളുടേയും കോർപ്പറേറ്റ് മാഫിയകളുടേയും മൂലധനതാത്പര്യങ്ങൾക്ക് എതിർ നില്ക്കുന്നതാണ് യഥാർത്ഥത്തിൽ സാമൂഹിക വനാവകാശം. വികസനത്തിന്റെ പേരിൽ ഏത് പദ്ധതികളും അടിച്ചേൽപ്പിക്കാനുള്ള ഏത് നീക്കങ്ങളെയും ചെറുത്ത് നില്കുവാൻ ഇത് വനാശ്രിത സമൂഹത്തിന് ഊർജം പകരുന്നു.

വനം വകുപ്പിലെ സ്വാർത്ഥ മോഹികളായ ഉന്നത ഉദ്യോഗസ്ഥ മേധാവികളും, കോർപ്പറേറ്റ് കളും അഴിമതി നിറഞ്ഞ രാഷ്ട്രീയ നേതൃത്വവും വനാവകാശനിയത്തെ കുഴിച്ചുമൂടാൻ കാട്ടുന്ന വ്യഗ്രത ഇതിൽ നിന്നും മനസ്സിലാക്കാം.

പരിസ്ഥിതി വേഷമണിഞ്ഞ ചില സർക്കാരേതര സന്നദ്ധ സംഘടനകളും, സർവ്വീസിൽ നിന്നും അടുത്തൂൺ പറ്റി പിരിഞ്ഞ വനം വകുപ്പ് മേധാവികളും സുപ്രീം കോടതിയെ സമീപിച്ച് 16 സംസ്ഥാനങ്ങളിലെ 11, 2744 6 കൂടുംബങ്ങളെ വനമേഖലകളിൽ നിന്ന് പുറന്തള്ളണമെന്ന വിധി നേടിയെടുത്തിരിക്കുന്നു.

വനാവകാശ ത്തിനായി ഹാജരാക്കിയ രേഖകൾ തിരസ്കരിക്കപ്പെട്ടു എന്ന കാരണമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ഇങ്ങനെ പുറന്തള്ളേണ്ട കുടുംബങ്ങളുടെ എണ്ണം കുറഞ്ഞത് കൊണ്ടാകാം കേരള സർക്കാർ ഒരു പടികൂടി കടന്ന് വനാവകാശനിയമം തന്നെ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടിലാണ്.

വനത്തിലും വനവിഭവങ്ങളിൽ ഉള്ള എല്ലാ അവകാശവും നിഷേധിച്ച്, വനാശ്രിത സമൂഹത്തിന്റെ സാമൂഹികവനാവകാശങ്ങളെ നിഷേധിച്ചു കൊണ്ട് പകരം വനമേഖലക്ക് പുറത്ത് റവന്യൂ പട്ടയം അനുവദിക്കുക എന്നതന്ത്രമാണ് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഇതു അതിരാപ്പിള്ളി പോലുള്ള പദ്ധതികൾ അടി ച്ചേൽപ്പിക്കാനുള്ള നീക്കമായിട്ടു കൂടി ഇതിനെ കാണേണ്ടതുണ്ട്. വനാവകാശനിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുക എന്നതും സമഗമായി ഈ നിയമം നടപ്പിലാക്കുക എന്നതും പുരോഗമനശക്തികളുടെ കൂടി കടമയായി മാറുന്നു.

Previous article‘ക്രിമിനല്‍ വൃക്ക’, ‘ക്രിമിനല്‍ ഹൃദയം’ എന്നില്ല; അവയവദാനത്തിന് ക്രിമനല്‍ പശ്ചാത്തലം പ്രശ്‌നമല്ലെന്ന് കോടതി
Next articleപ്രതീക്ഷകളുടെ ചിറകു വിരിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് ചാര്‍ട്ടര്‍ വിമാനം പറന്നുയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here