Abhayan is The New Journal's Cheif Sub Editor. He is a senior journalsit with more than 15 years of experience in editing news stories and writing long form stories.
October 12, 2021 - psabhayan@gmail.com

അല്‍ഫോണ്‍സയുടെ കഥ

ശംഖുമുഖത്ത് കുട്ടികളുടെ കളിപ്പാട്ടവും വേസ്റ്റില്‍ നിന്നും കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കി ബീച്ചിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വില്‍പ്പന നടത്തുന്ന തെരുവോര കച്ചവടക്കാരിയാണ് പ്രദേശ വാസിയായ അല്‍ഫോണ്‍സ.

ദിനംപ്രതി 2000 രൂപയായിരുന്നു വരുമാനം. ഓഖി ചുഴലിക്കാറ്റിന് ശേഷം കടപ്പുറം തകര്‍ന്ന് സഞ്ചാരികള്‍ കുറഞ്ഞതോടെ വരുമാനം 1300 ലേക്ക് താണു. ഇപ്പോള്‍ കോവിഡും പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്കഡൗണുകളും വന്നതോടെ 16 വര്‍ഷമായി നടത്തിയിരുന്ന ഉപജീവനമാര്‍ഗ്ഗം കടം കയറി പ്രതിസന്ധിയിൽ ആണ്. അല്‍ഫോണ്‍സ ആത്മഹത്യയുടെ വക്കിലും.

ഉപജീവനത്തിന് വക കണ്ടെത്തിയിരുന്നതും കുട്ടികളെ പഠിപ്പിക്കുകയും ലോണ്‍ അടയ്ക്കുകയും എല്ലാം അല്‍ഫോണ്‍സ ചെയ്തിരുന്നത് ഈ ബിസിനസിലൂടെയായിരുന്നു.

കോര്‍പറേഷന്‍ നില്‍ നിന്നും വ്യവസായ വകുപ്പില്‍ നിന്നും കിട്ടിയ വായ്പകള്‍ ഉപയോഗിച്ചാണ് അല്‍ഫോണ്‍സ ചെറുകിട വ്യവസായത്തിന് ഇറങ്ങിയത്. ഈ അവസ്ഥയിലാണ് കൂനിന്മേല്‍ കുരു എന്ന രീതിയില്‍ രണ്ടുവര്‍ഷം പൂര്‍ണ്ണമായും കട അടച്ചിടേണ്ടി വന്നത്.
രണ്ടു ലക്ഷത്തിലധികം രൂപയോളം വരുന്ന സാധനങ്ങളാണ് കടയിലിരുന്നു മാത്രം നശിച്ചത്. വരുമാനം നിലച്ചതോടെ വീട് പൂര്‍ണ്ണമായും ദുരിതത്തിലായി. 13 വയസ്സുള്ള മക്കള്‍ക്ക് ഇടാന്‍ വസ്ത്രം പോലും വാങ്ങാന്‍ ബുദ്ധിമുട്ടിയെന്നും അല്‍ഫോണ്‍സ പറയുന്നു. കടയും നശിച്ചു.

ഒരു നികുതിയിളവും സര്‍ക്കാര്‍ നല്‍കിയില്ല. വൈദ്യൂതി ചാര്‍ജ്ജിലും ഇളവ് കിട്ടിയില്ല. കോവിഡിന്റെ ദുരിതം മറികടന്ന് കച്ചവടം പതിയെ സജീവമായി തുടങ്ങിയപ്പോള്‍ കട വീണ്ടും തുറക്കണമെങ്കില്‍ അഞ്ചു ലക്ഷം രൂപയെങ്കിലും വേണമെന്ന സ്ഥിതിയിലാണ് അല്‍ഫോണ്‍സ. മോറട്ടോറിയം കാലാവധി നീങ്ങിയതോടെ ബാങ്ക് വായ്പയില്‍ ഇരട്ടി പലിശ വീതം മാസ അടവ് കൂടി ഉണ്ടാകും.

എങ്ങിനെയെങ്കിലും ബിസിനസ് വീണ്ടും തുടരാമെന്ന് വെച്ചാല്‍ കടപ്പുറം തകര്‍ന്നതോടെ ശംഖുമുഖത്തെ സഞ്ചാരികള്‍ കൈവിടുന്ന സ്ഥിതിയുണ്ട്. ”ഇവിടെ എവിടെയാ സാറേ ഞങ്ങള്‍ക്ക് ഭാവി… ആത്മഹത്യ അല്ലാതെ മുന്നില്‍ വേറെ എന്താണ് മാര്‍ഗ്ഗം? ഞങ്ങളുടെ ജീവിതവും ജീവനോപാധിയും നശിചിട്ട് കോവിഡ് വിട്ടുപോയോ സാറേ….?” അല്‍ഫോണ്‍സ ചോദിക്കുന്നു.

തുടര്‍ച്ചയായി രണ്ടു വെള്ളപ്പൊക്കത്തിന് പിന്നാലെ ഉണ്ടായ കോവിഡും ലോക്ഡൗണും കേരളത്തിന്റെ നട്ടെല്ലായ ചെറുകിട വ്യവസായത്തെ താറുമാറാക്കിയത് എങ്ങിനെയെന്നതിന്റെ ഒരു ചെറിയ ഉദാഹരണമാണ് അല്‍ഫോണ്‍സ.

ഇത് ഒറ്റപ്പെട്ട കേസല്ല. ഈ വിഷയത്തില്‍ ദി ന്യൂ ജേണല്‍ കൂടുതല്‍ നടത്തിയ പഠനത്തില്‍ അനേകരാണ് ജീവിതഭാരവും കടവും ജപ്തിഭീഷണികളുമൊക്കെയായി ജീവിതം കൈവിട്ട അവസ്ഥയില്‍ നില്‍ക്കുന്നത്.

ഐടയുടെ കഥ

ഐട യുടെ പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റ്

അല്‍ഫോണ്‍സയുടേതിന് സമാനമായ സ്ഥിതിയാണ് എറണാകുളം കച്ചേരിപ്പടിയില്‍ ഗ്രീന്‍ലാന്റ് ഇന്‍ഡസ്ട്രീസ് എന്ന പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റ് നടത്തുന്ന ഐട യുടെ അവസ്ഥയും.

ജീവിതം ഒട്ടിച്ചു ചേര്‍ക്കാനായി തുടങ്ങിയ പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റും മുമ്പോട്ട് കൊണ്ടുപോകാനാകാതെ കടത്തോടും പ്രതിസന്ധിയോടും പൊരുതുകയാണ്. വീട്ടുചെലവും മക്കളുടെ പഠനവും സ്വന്തം ചികിത്സയ്ക്കുള്ള പണവുമൊക്കെയായി കൂലിപ്പണിയെടുക്കുന്ന ഭര്‍ത്താവിന് ഒരു കൈത്താങ്ങ് എന്ന നിലയിലായിരുന്നു വൈപ്പിന്‍ സ്വദേശിനിയായ ഐട ഗ്രീന്‍ലാന്റ് എന്ന സ്ഥാപനം തുടങ്ങിയത്.

എന്നാല്‍ ഇപ്പോള്‍ കടം കേറി ആകെ പ്രതിസന്ധിയിലാണ്. കോവിഡിനും ലോക്ഡൗണിനും മുമ്പ് 10 പേര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് രണ്ടുപേര്‍. ചെലവ് താങ്ങാന്‍ കഴിയാതെ എട്ടു പേരെ ജോലിയില്‍ നിന്നും ഒഴിവാക്കി. രണ്ടു പേര്‍ക്ക് കൊടുക്കാനുള്ള ജോലി പോലും ഇപ്പോള്‍ സ്ഥാപനത്തിന് കിട്ടുന്നില്ലെന്ന് ഐട പറയുന്നു.

കോവിഡിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സ്വദേശമായ വൈപ്പിനില്‍ പ്രവര്‍ത്തിച്ചിരുന്ന പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റ് വിപുലമാക്കാനും ബിസിനസിനെ കുറിച്ച് കൂടുതല്‍ പഠിക്കാനുമാണ് സ്ഥാപനം എറണാകുളത്തേക്ക് ഐട പറിച്ചു നട്ടത്.
ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും നാലു ലക്ഷം രൂപ കടമെടുത്തു. രണ്ടു ലക്ഷത്തിന്റെ മൂന്ന് അത്യാധുനിക മെഷീന്‍ വാങ്ങി. മാസം 8000 രൂപ വാടക നല്‍കുന്ന കെട്ടിടത്തിലായിരുന്നു യൂണിറ്റ്.

ആദ്യം തളര്‍ത്താന്‍ എത്തിയത് ഹൃദ്‌രോഗം ആയിരുന്നു. അതില്‍ നിന്നും പതിയെ മോചിതയായി യൂണിറ്റ് വീണ്ടും തുടങ്ങിയപ്പോള്‍ കോവിഡും ലോക്ഡൗണും തളര്‍ത്തി. ഐട തന്നെ കടകളില്‍ നിന്നും മറ്റും നേരിട്ട് ഓര്‍ഡര്‍ എടുത്ത് മെച്ചപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കടവും കടത്തിന് മേല്‍ കടവുമാണ് മിച്ചം.

ലോക്ഡൗണില്‍ ബിസിനസ് കുറഞ്ഞ് കടം കയറിപ്പോള്‍ വ്യവസായ വകുപ്പില്‍ നിന്നും 60,000 രൂപ സഹായം കിട്ടുമെന്ന് അറിഞ്ഞ് ഓടിച്ചെന്നു. എന്നാല്‍ പല വിധ രേഖകളുടെ പേരും പറഞ്ഞ് അവര്‍ നെട്ടോട്ടമോടിക്കാന്‍ തുടങ്ങിയതോടെ തളര്‍ന്നപ്പോള്‍ നീക്കം തന്നെ ഉപേക്ഷിച്ചു. ഇതിനിടയില്‍ കോവിഡിന്റെ പേരും പറഞ്ഞ് ബാങ്ക് സഹായമെന്ന രീതിയില്‍ 78,000 രൂപയുടെ മറ്റൊരു വായ്പയും നല്‍കി. ബിസിനസ് മെച്ചപ്പെടുത്താമല്ലോ എന്ന് കരുതി ഇതും രണ്ടു ബാങ്ക് ലോണുമായി കടം ഇരട്ടിയായി. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹായവും കിട്ടിയുമില്ല.

കോവിഡിന് ശേഷം ബിസിനസ് വീണ്ടു ഉണര്‍ന്ന് തുടങ്ങിയതോടെ ഐടയ്ക്ക് പേപ്പര്‍ബാഗ് വിപണിയില്‍ വന്‍കിടക്കാരോട് മുട്ടി നില്‍ക്കാനും കഴിയുന്നില്ല. ഒരു ബാഗില്‍ കേവലം ഒരു രൂപയാണ് ലാഭം കിട്ടുന്നത്. എന്നാല്‍ അതില്‍ താഴ്ത്തിപ്പോലും പേപ്പര്‍ബാഗ് വില്‍ക്കാന്‍ ആളുള്ളപ്പോള്‍ തനിക്ക് എങ്ങിനെ പിടിച്ചു നില്‍ക്കാനാകുമെന്നും ഇവര്‍ ചോദിക്കുന്നു.

സ്ഥാപനം നില നിന്നിരുന്ന കെട്ടിടത്തിന്റെ വാടക മൂന്ന് മാസമായി മുടങ്ങിയിരിക്കുകയാണ്. ഈ ഭാഗത്ത് കെട്ടിട വാടക 11,000 ആണ്. ശാരീരികമായി വയ്യാത്ത ആള്‍ എന്ന നിലയില്‍ ഐടയ്ക്ക് കെട്ടിടം ഉടമകള്‍ 3000 രൂപ വാടക ഇളവ് നല്‍കുകയായിരുന്നു. എന്നാല്‍ 8000 രൂപ മാസവാടക കുടിശ്ശിക ഏറിയതോടെ ഇപ്പോള്‍ കെട്ടിടം തന്നെ ഒഴിയണമെന്ന സ്ഥിതിയിലാണ്. ജീവിതം ഒട്ടിച്ചു ചേര്‍ക്കാനായി പേപ്പര്‍ കൂട് നിര്‍മ്മാണത്തിന് ഇറങ്ങിയ ഐട ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. കടംമേടിച്ചു കടം മേടിച്ചാണ് ബിസിനസ് മുമ്പോട്ട് കൊണ്ടുപോകുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ വിപണിയില്‍ പതിയെ ഉണ്ടാകുന്ന ഉണര്‍വ്വില്‍ പ്രതീക്ഷ വെച്ചിരിക്കുകയാണ് ഈ വനിതാ സംരംഭക.

ശിവദാസന്റെ കഥ

ശിവദാസന്റെ വിവ എന്ന സ്ഥാപനം .

മലപ്പുറംകാരന്‍ ശിവദാസന്റേത് മറ്റൊരു കഥയാണ്. പ്രവാസജീവിതത്തിന്റെ പ്രവര്‍ത്തി പരചയവുമായിട്ടാണ് മലപ്പുറത്ത് മോങ്ങയില്‍ കര്‍ട്ടന്റെയും ഫര്‍ണീച്ചറിന്റെയും ബിസിനസ് തുടങ്ങിയത്. കോവിഡും ലോക്ഡൗണും ശിവദാസനെയും വന്‍ കടക്കാരനാക്കി ജപ്തിഭീഷണിയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.

അബുദാബിയില്‍ ചെയ്തിരുന്ന ജോലിയുടെ പരിചയത്തില്‍ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്നും ഒമ്പത് ലക്ഷം രുപ വായ്പ എടുത്താണ് 2017 ല്‍ ശിവദാസന്‍ വിവ എന്ന സ്ഥാപനം തുറന്നത്. മാസം 18,000 രൂപവെച്ച് കൃത്യമായി വായ്പാ തിരിച്ചടവും നടത്തിയിരുന്നു. എന്നാല്‍ നന്നായി പോയിരുന്ന ബിസിനസ് ഇപ്പോള്‍ പ്രതിസന്ധിയിലാണ്. മാസങ്ങളായി തിരിച്ചടവ് മുടങ്ങിയതോടെ രണ്ടു ജപ്തിനോട്ടീസ് ശിവദാസനെ തേടിയെത്തിയിരിക്കുകയാണ്.

ചെറുകിട വ്യവസായ വായ്പാ പദ്ധതിയില്‍ ശിവദാസന് തിരുവനന്തപുരത്ത് വെച്ച് ചെക്ക് കൈമാറിയത് മുഖ്യമന്ത്രി ആയിരുന്നു. എന്നാല്‍ കൃത്യമായി തിരിച്ചടവ് നടത്തിയിരുന്ന ആളായിട്ടും തനിക്ക് ഒരു പ്രതിസന്ധി വന്നപ്പോള്‍ സര്‍ക്കാര്‍ കൈ മലര്‍ത്തി കാണിക്കുകയാണെന്നാണ് ശിവദാസന്‍ പറയുന്നത്. ഇതിനകം തന്റെ സ്ഥിതി വ്യക്തമായി പല തവണ ബാങ്കിനെയും സര്‍ക്കാരിനെയും എല്ലാം സമീപിച്ചെങ്കിലും ഒന്നും ശിവദാസന് തുണയായിട്ടില്ല.

വായ്പ എടുത്തപ്പോള്‍ ഒരുലക്ഷം രൂപ സബ്സീഡി പറഞ്ഞിരുന്ന കോര്‍പ്പറേഷനോട് ബിസിനസ് മോശമായി പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വ്യക്തമാക്കി. പലിശയും കൂട്ടുപലിശയുമെങ്കിലും ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടു നിവേദനവും നല്‍കി. എന്നാല്‍ ബോര്‍ഡ് തന്നെ നഷ്ടത്തിലാണെന്നും വായ്പാ തിരിച്ചടവ് അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ആയിരുന്നു കിട്ടിയ മറുപടി. നിവേദനം മന്ത്രിയുടെ ഓഫീസ് വഴിയെല്ലാം കയറിയിറങ്ങിയതാണെന്നും അവിടെയെന്നും നയാപൈസ ഇല്ലെന്നുമാണ് കിട്ടിയ മറുപടിയെന്നും കോര്‍പ്പറേഷന്‍ പറയുന്നു.

ബിസിനസില്‍ സാധനങ്ങള്‍ കടമായി നല്‍കിയ ഇനത്തില്‍ പലരില്‍ നിന്നുമായി പണം കിട്ടാനുണ്ടെങ്കിലും അവരെല്ലാം കോവിഡിനെ പഴിചാരുകയാണ്. എന്നാല്‍ ബിസിനസ് പ്രതിസന്ധിയില്‍ തനിക്ക് സര്‍ക്കാര്‍ ഒരിളവും നല്‍കുന്നില്ലെന്ന് ശിവദാസന്‍ പറയുന്നു. ജപ്തി വന്നതോടെ ഈ മാസം 25,000 രൂപ അടയ്ക്കാന്‍ ശിവദാസന്‍ അവിടുന്നും ഇവിടുന്നുമായി സംഘടിപ്പിച്ചു വെച്ചിരിക്കുകയാണ്. കോവിഡ് നഷ്ടം നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു സഹായവും കിട്ടുന്നില്ലെന്നും വായ്പാ തിരിച്ചടവിന് കാലയിളവെങ്കിലും നല്‍കാന്‍ കഴിയില്ലേ എന്നാണ് ശിവദാസന്‍ ചോദിക്കുന്നത്.

മാസം 10,000 മുതല്‍ 15,000 രൂപ വരെ മോങ്ങയില്‍ കെട്ടിടത്തിന് വാടക നല്‍കേണ്ട സ്ഥിതിയില്‍ സുഹൃത്ത് ലത്തീഫിന്റെ സഹായത്തോടെയാണ് ശിവദാസന്‍ ഇപ്പോള്‍ ബിസിനസ് കൊണ്ടുപോകുന്നത്.

വിപിന്റെ കഥ
സമാന അനുഭവമാണ് പ്രവാസ ജീവിതത്തിലെ പണം കൂട്ടിവെച്ച് ബിസിനസ് തുടങ്ങിയ വിപിന്റേതും. ആലപ്പുഴ ചേര്‍ത്തലയില്‍ കോമ്പോ ഫൈബര്‍ ക്രാഫ്റ്റ് ചെയ്യുന്ന വിപിന്‍ കോവിഡുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി പ്രതിസന്ധിയിലാണ്. ജൂവലറികളില്‍ ഡിസ്പ്ളേയ്ക്ക് വെയ്ക്കുന്ന ഉല്‍പ്പന്നങ്ങളായിരുന്നു ഇവിടെ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ജൂവലറികളെ ബാധിച്ച പ്രതിസന്ധി വിപിന്റെ ബിസിനസിനെയും ബാധിച്ചു.

കടബാദ്ധ്യതയും ബിസിനസ് കുറഞ്ഞതും മൂലം എറണാകുളത്തെ ഷോറൂം തന്നെ ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ് വിപിന്. ബിസിനസ് കുറഞ്ഞ് സ്റ്റാഫുകള്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വന്നതോടെ നിര്‍ത്തി. കൂടെയുണ്ടായിരുന്നത് തമിഴ്നാട്, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. അവരെല്ലാം ലോക്ഡൗണില്‍ നാട്ടിലേക്ക് പോയി. 12 പേര്‍ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോഴുള്ളത് നാലു പേര്‍. എട്ടു പേരെ ഒഴിവാക്കി.

ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതും ജൂവലറികളില്‍ കോവിഡും ലോക്ഡൗണുമായി വില്‍പ്പന കുറഞ്ഞതും വലിയ തിരിച്ചടിയായി. പ്രവാസ ജീവിതത്തിലെ സമ്പാദ്യങ്ങളുമായാണ് വിപിന്‍ ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തത്. അതുകൊണ്ടു തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ബിസിനസിനെ രക്ഷിക്കാനുള്ള ഒരു ഇളവുകളും പാക്കേജുകളും സര്‍ക്കാരില്‍ നിന്നും കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കടകള്‍ തുറന്ന് മാര്‍ക്കറ്റ് പഴയ രീതിയിലേക്ക് ആയി തുടങ്ങിയിട്ടുള്ളത് പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു.

2021 മെയ് എട്ട് മുതലാണ് കേരളത്തില്‍ ഈ വർഷത്തെ ലോക്ക്ഡൗണ്‍ ആരംഭിക്കുന്നത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ച മെയ് എട്ടിന് കേരളത്തിലെ ടി.പി.ആര്‍ നിരക്ക് 28.25 ശതമാനമായിരുന്നു. ടി.പി.ആര്‍ നിരക്ക് പത്തില്‍ താഴേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് അടച്ചുപൂട്ടല്‍ തുടര്‍ന്നുകൊണ്ട് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കണ്ണുംപൂട്ടിയുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിലൂടെ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ചെറുതല്ലെന്നു മാത്രമല്ല സാമ്പത്തികമായുണ്ടാകുന്ന നഷ്ടവും ഭീമമാണ്.

350 കോടിയുടെ നഷ്ട്ടം

2021ലെ 39 ദിവസത്തെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിലെ തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം 13,650 കോടി രൂപയാണെന്ന് കണക്കാക്കാം.

അടച്ചുപൂട്ടല്‍ സര്‍ക്കാരിന്റെ വരുമാനത്തെയും ബാധിക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലാകും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുക. 2020ലെ ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടവും വേതന നഷ്ടവും കാരണം കേരളത്തിലെ തൊഴിലാളികള്‍ക്ക് ഓരോ ദിവസവും 350 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കേരള പ്ലാനിങ് ബോര്‍ഡ് 2020 അവസാനം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്.

ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2021ലെ 39 ദിവസത്തെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിലെ തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം 13,650 കോടി രൂപയാണെന്ന് കണക്കാക്കാം. മൊത്ത മൂല്യവര്‍ധിത മേഖലയില്‍ 39 ദിവസത്തെ ലോക്ക്ഡൗണ്‍ വരുത്തിയത് 28,080 കോടിയുടെ ഇടിവാണ്. ഇതെല്ലാം ചേര്‍ത്താല്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ 39 ദിവസം നീണ്ടു നിന്ന ലോക്ക്ഡൗണ്‍ കൊണ്ട് ഉണ്ടായ നഷ്ടം 40,950 കോടി രൂപയാണ്.

2020ലെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 20,000 കോടിയുടേയും മത്സ്യബന്ധന മേഖലയില്‍ 1,371.3 കോടിയുടേയും ഗതാഗത മേഖലയില്‍ 9,600 കോടിയുടേയും നഷ്ടമുണ്ടായെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020ലെ ലോക്ക്ഡൗണ്‍ കാരണം കേരളത്തിനുണ്ടായ മൊത്ത റവന്യൂ നഷ്ടം 80,000 കോടി രൂപയിലധികം വരുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് വമ്പന്‍ സാമ്പത്തിക തിരിച്ചടിയാണെങ്കിലും സര്‍ക്കാരിന് അതിന്റെ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ചെലവുകളില്‍ ഇളവുവന്നിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഒരൂ രൂപപോലും കുറയാതെ നല്‍കേണ്ടിവന്നതു മാത്രമല്ല ക്ഷേമ പെന്‍ഷനുകള്‍ക്കും റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണത്തിനുള്ള തുകയും വരുമാനമില്ലാതെ തന്നെ നടത്തേണ്ടിവന്നു.

73 ലക്ഷം തൊഴിലാളികൾ
2021 ലെ കണക്ക് പ്രകാരം കേരളത്തില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നത് 1.27 കോടി ആള്‍ക്കാര്‍ ആണ്. അതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5.2 ലക്ഷം ആണ്. പ്ലാനിംഗ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ലോക്ഡൗണ്‍ കാരണം തൊഴില്‍ പ്രതിസന്ധി ഉണ്ടായത് 73 ലക്ഷം പേര്‍ക്കാണ്. അവരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 5.2 ലക്ഷത്തില്‍ ആരുമില്ല. 50 ശതമാനമെന്ന നിയന്ത്രണം വന്നപ്പോള്‍ ഓഫീസുകളില്‍ പോകാതെ ശമ്പളം വാങ്ങിയ ഉദ്യോഗസ്ഥര്‍പോലുമുണ്ടായിരുന്നെന്നത് അതിശയോക്തിയല്ല. അതിനിടെയാണ് നാല് മാസം മുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിലൂടെ 4850 കോടി രൂപയുടെ അധിക ബാധ്യതയും സംസ്ഥാന ഖജനാവിന് വന്നുചേര്‍ന്നു. അവസാനം ഓണക്കാലത്ത് ബോണസും ഉത്സവകാല അലവന്‍സുകളും ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി 311 കോടി രൂപകൂടി ചെലവഴിച്ചു.

അതേസമയം സാധാരണക്കാരന് തൊഴില്‍ നഷ്ടം മാത്രമല്ല കൈയിലുണ്ടായിരുന്ന പണം പോലും കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പുതിയതായി കൊണ്ടുവന്ന സംസ്ഥാന പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2021 ഇൽ മൂന്ന് മാസത്തിനിടെ ജനങ്ങളില്‍നിന്ന് പോലീസ് പിഴയായി ഈടാക്കിയത് 125 കോടി രൂപയായിരുന്നു. രണ്ടാം ലോക്ക്ഡൗണ്ട് പ്രഖ്യാപിച്ച മെയ് എട്ട് മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.

ഇതിനിടെ ലോക്ക്ഡൗണുകൾ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി കൊണ്ട് 43 മലയാളികൾ ആണ് ആത്മഹത്യ ചെയ്തത്. അതിൽ ഒട്ടുമിക്കവരും ചെറുകിട സംഭരകർ ആയിരുന്നു.

സർക്കാർ സഹായം
ദി ന്യൂ ജേർണലിലിനോട് സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ ആയ രാജ് കിഷൻ പറഞ്ഞത് സർക്കാർ 2020 ലെ പഠന റിപ്പോർട്ട് പ്രകാരം സർക്കാർ ചെറുകിട വ്യവസായങ്ങളുടെ ഉണർവിന് പ്രത്യേക ഫണ്ട് ഇറക്കേണ്ടത് ഉണ്ട്. അതിലൂടെ മാത്രമേ തകർന്നു കൊണ്ടിരിക്കുന്ന കേരളത്തിൻറെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചു വരാൻ സാധിക്കൂ എന്നദ്ദേഹം പറഞ്ഞു.

കേരളത്തിൻറെ കയ്യിൽ അങ്ങനെ ഒരു ഫണ്ട് ഇല്ല. അത് കൊണ്ട് പൊതുചിലവു വെട്ടിച്ചുരുക്കി അതിനുള്ള മാർഗം കണ്ടെത്തണം ഒപ്പം കടം കൊടുക്കുന്നത് മുതൽ തിരിച്ചടവ് വരെയുള്ള നിലവിലെ രീതികൾ പുനഃക്രമീകരിക്കേണ്ടതും ആണ് എന്നദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പാക്കേജ്

എല്ലാ ചെറുകിട വ്യവസായങ്ങള്‍ക്കും ബാങ്ക് ലോണിന്റെ 50 ശതമാനം പലിശയും വര്‍ഷം 1,20,000 വരെ താങ്ങും നല്‍കി

രണ്ടാം കോവിഡ് തരംഗത്തില്‍ പ്രതിസന്ധിയിലായി പോയ മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ രക്ഷിക്കാന്‍ ഈ വര്‍ഷം ജൂണില്‍ കേരളാ സര്‍ക്കാര്‍ 1416 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ജൂലൈയ്ക്കും ഡിസംബറിനും ഇടയില്‍ ഈ സഹായം കിട്ടിയേക്കുമെന്നായിരുന്നു വ്യവസായ മന്ത്രി പി രാജീവ് ലോക ചെറുകിട വ്യവസായ ദിനത്തില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബ്ബിനാറില്‍ പറഞ്ഞത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് വായ്പയില്‍ പലിശയിളവ് നല്‍കാന്‍ ബഡ്ജറ്റില്‍ 139 കോടി രൂപ വകയിരുത്തിയിരുന്നതായും പറഞ്ഞിരുന്നു.

‘വ്യവസായ ഭദ്രത’ എന്ന പദ്ധതിയ്ക്ക് കീഴില്‍ ബാങ്കു വായ്പയില്‍ ഇളവ് 2021 ഡിസംബര്‍ 31 വരെ നീട്ടുകയും ചെയ്തു. എല്ലാ ചെറുകിട വ്യവസായങ്ങള്‍ക്കും ബാങ്ക് ലോണിന്റെ 50 ശതമാനം പലിശയും വര്‍ഷം 1,20,000 വരെ താങ്ങും നല്‍കി. 400 കോടിയുടെ പാക്കേജിന്റെ ഗുണം 5000 സംരംഭകര്‍ക്കാണ് തുണയായത്. സംരംഭക പിന്തുണ പദ്ധതിക്ക് കീഴില്‍ സാമ്പത്തീക സഹായം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. ആവശ്യമുള്ള യൂണിറ്റുകള്‍ക്ക് ഇളവ് 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും പറഞ്ഞു.

പിന്നാക്ക ജില്ലകളിലെ വ്യവസായത്തിനായിരുന്നു മുന്‍ഗണന നല്‍കിയത്. അത് 30 ലക്ഷത്തില്‍ നിന്നും 40 ലക്ഷത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. വനിതകള്‍, യുവാക്കള്‍, പട്ടികജാതിക്കാര്‍, പ്രവാസികള്‍ എന്നിവരില്‍ നിന്നുള്ള സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ 445 കോടി സഹായ പദ്ധതിയില്‍ 25 ശതമാനം നല്‍കി. റബ്ബര്‍കൃഷി, ഭക്ഷ്യ സംസ്‌ക്കരണം, വസ്ത്ര നിര്‍മ്മാണം, പരമ്പരാഗതമല്ലാത്ത ഊര്‍്േജ്ജാത്പാദനം, ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉപകരണ നിര്‍മ്മാണം, പ്‌ളാസ്റ്റിക് വേസ്റ്റ റീ സൈക്ലിംഗ്, ജൈവ കീടനാശിനി യൂണി്റ്റ് എന്നിവകള്‍ക്കായിരുന്നു 45 ശതമാനം ഇളവ് നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന കിട്ടിയിരുന്നത്. എന്നിരുന്നാലും സഹായം 40 ലക്ഷത്തിന് മുകളില്‍ പോകുകയും ചെയ്യരുത്.

ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട, എന്നി്ങ്ങനെ വ്യവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകള്‍ക്കായിരുന്നു 45 ശതമാനം നല്‍കേണ്ടിയിരുന്നത്. അതുപോലെ നാനോ ഇന്‍ഡസ്ട്രീയല്‍ യൂണിറ്റുകള്‍ക്ക് 60 കോടിയും സര്‍ക്കാര്‍ സാമ്പത്തീക സഹായം പ്രഖ്യാപിച്ചിരുന്നു. 600 യൂണിറ്റുകള്‍ക്കായിരുന്നു ഇതിന്റെ ഗുണം കിട്ടേണ്ടിയിരുന്നത്.

നാനോ യൂണിറ്റുകള്‍ക്കുള്ള വായ്പയുടെ പലിശയിളവ് 5 ലക്ഷത്തില്‍ നിന്നും സേവന മേഖലയെക്കൂടി ഉള്‍പ്പെടുത്തി 10 ലക്ഷമായി ഉയത്തുകയും ചെയ്തിരുന്നു. കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനി(കെഎസ്‌ഐഡിസി) ല്‍ നിന്നും 179 കോടി വായ്പ എടുക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. തിരിച്ചടവ് തെറ്റിച്ച അനേകര്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ആയിരുന്നതിനാല്‍ അതിനെ കിട്ടാക്കടമായി റെക്കോഡ് ചെയ്തിരുന്നില്ല. കെഎസ്‌ഐഡിസി മോറട്ടോറിയം ഈ മാസം വരെ നീട്ടുകയും മൂന്ന് മാസത്തെ പലിശ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ 66 ലക്ഷം രൂപയുടെ ബാദ്ധ്യത ഇപ്പോള്‍ സര്‍ക്കാരിന്റെ തോളിലാണ്.

കെഎസ്‌ഐഡിസി യുടെ പിഴയുടെ വാര്‍ഷിക ശതമാന നിരക്ക് ഒരു വര്‍ഷത്തേക്ക് നടപ്പു സാമ്പത്തീക വര്‍ഷത്തില്‍ എഴുതിത്തള്ളിയിരുന്നു. ഇത് 100 കോടിയോളം വരും. 150 ചെറുകിട വ്യവസായ സംരംഭകരുടെ പലിശയുടെ 5 ശതമാനം വരും. സമ്മര്‍ദ്ദം നേരിടുന്ന വസ്തുവകകളെക്കുറിച്ച് റേറ്റിംഗ് ഏജന്‍സിയായ സിആര്‍സിഐഎല്‍ കണക്കാക്കിയിട്ടുണ്ട്. നോണ്‍ പെര്‍ഫോമിംഗ് സമ്പത്തും പുനക്രമീകരിച്ച വായ്പകളും മാര്‍ച്ച് 2022 വരുമ്പോള്‍ 11 ശതമാനത്തില്‍ എത്തും. 2021 മാര്‍ച്ചില്‍ ഇത് 9 ശതമാനമായിരുന്നു.

ബാങ്കുകൾ പ്രതിസന്ധിയിൽ
സാമ്പത്തീക തിരിച്ചുവരവിന്റെ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ കടക്കാരായ കുടില്‍, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം തിരിച്ചടവ് മുടക്കിയവരാണ്. മോറട്ടോറിയം അവസാനിക്കുമ്പോള്‍ ഇതിന്റെ എണ്ണം ഉയരുകയാണെന്ന് ബാ്ങ്കുകള്‍ പറയുന്നു. ആദ്യ തരംഗം വന്നപ്പോള്‍ റിസര്‍വ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരിച്ചടവ് തെറ്റിക്കുന്നവര്‍ കൂടുന്നതിനാല്‍ 2022 സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇതിന് കഴിയില്ല. പൊതു സ്വകാര്യ ബാങ്കുകളില്‍ എംഎസ്എംഇ, ചില്ലറ രംഗത്ത് നോണ്‍ പെര്‍ഫോമിംഗ് അസറ്റ് കൂടുകയാണ്.

സിഎആര്‍ഇ റേറ്റിംഗ് റിവ്യൂ പ്രകാരം 2022 സാമ്പത്തീക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പൊതു സ്വകാര്യ ബാങ്കുളിലെ ചില്ലറ, ചെറുകിട വ്യവസായ ലോണ്‍ ബുക്കുകളില്‍ നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റിന്റെ നില 2021 ജൂണില്‍ 7.28 ആയി ഉയര്‍ന്നു. 2020 ജൂണിനെ അപേക്ഷിച്ച് ആറ് ശതമാനമാണ് കൂടിയത്. സ്വകാര്യ ബാങ്കുകളില്‍ കിട്ടാക്കടം ജൂണില്‍ 3.32 ശതമാനമാനമായി. ഒരു വര്‍ഷം മുമ്പ് ഇത് 2.01 ശതമാനമായിരുന്നു. അവസാന നാലു മാസം സ്വര്‍ണ്ണലേലം കൂടിയത് തന്നെ താഴ്ന്ന വരുമാനക്കാരില്‍ കടം കൂടിയതിന്റെ സൂചനയായിരുന്നു.

(അഭയനൊപ്പം മിനി മോഹൻ ടി എസ്സും രജിമോൻ കുട്ടപ്പനും ഈ വാർത്തയ്ക്കു വേണ്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. )

Previous articleപ്രവാസികളുടെ കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് തിരിച്ചുപിടിക്കാന്‍ കുവൈറ്റ്
Next articleവീൽചെയറിൽ ഇന്ത്യ കറങ്ങുന്ന പ്രവാസി

LEAVE A REPLY

Please enter your comment!
Please enter your name here