കണ്ണൂര്‍: കേരളത്തിലെ അസംഘടിത മേഖലയില്‍ 23.2 ലക്ഷം പേര് പണിയെടുക്കുന്നതായി റിപ്പോര്‍ട്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിവര ശേഖരണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി തൊഴില്‍ മന്ത്രാലയത്തിന്റെ ഇ പോര്‍ട്ടലില്‍ ഇതുവരെ കേരള സെക്ടറില്‍ നിന്നും റജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ എണ്ണമാണ് ഇത്. ഏറ്റവും കൂടുതല്‍ പേര് കോഴിക്കോട് ജില്ലയിലും ഏറ്റവും കുറവ് പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വയനാട്ട് നിന്നും.
ഇഎസ്ഐസിയിലോ ഇപിഎഫ്ഒ യിലോ അംഗമല്ലാത്തവരായാലും 16 നും 59 നും ഇടയില്‍ പ്രായക്കാര്‍ക്കിടയില്‍ ഏത് ജോലി ചെയ്യുന്നവര്‍ക്കും ഈ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് നിന്നുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം 23,02,816 ആണ്. ഇവരില്‍ 7,26,826 പേര് നേരിട്ട് അംഗങ്ങളാണ്. മറ്റുള്ളവര്‍ എന്റോള്‍മെന്റ് ക്യാമ്പ്സ് പോലെയുള്ള പ്രത്യേക ഡ്രൈവുകള്‍ വഴി റജിസ്ട്രേഷന്റെ ഭാഗമായവരാണ്. അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരുടെ ദേശീയ ഡേറ്റാബേസ് ഉണ്ടാക്കുകയാണ് ഇതുകൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ സുരക്ഷാ പദ്ധതികളില്‍ പങ്കാളിയാകുന്നതിനാണ് ഈ സംവിധാനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആള്ക്കാര് പോര്‍ട്ടലില്‍ റജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. 2,68,577. പേരാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പങ്കെടുത്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂര്‍ ജില്ല യില്‍ നിന്നും 2,48,137 പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വയനാട്ടില്‍ നിന്നും 70,147 പേരും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം 1,91,184, കൊല്ലത്ത് 1,70,352 പേര്, ആലപ്പുഴയില്‍ 2,61,283 പേരും തൃശൂരില്‍ 2,10,990 പേരും പാലക്കാട് 1,90,656 പേരും കാസര്‍ഗോഡ് 96,462 മലപ്പുറം 1,70,352 പേര്, പത്തനംതിട്ടയില്‍ 79,540 പേര്, കോട്ടയത്ത് 1,01,346 പേരെയും ഇടുക്കിയില്‍ 1,00,851 പേരും എറണാകുളത്ത് 1,92,780 പേരുമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.