മസ്കറ്റ്; ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കോവിഡ് പടരാനുള്ള സാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
ആരോഗ്യ കേന്ദ്രങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും,രോഗികളും,സന്ദർശകരും ആരോഗ്യ സ്ഥാപനങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
പൊതു സമൂഹത്തിലെ ഒത്തുചേരലുകളും, കലാ – സാംസ്കാരിക പരിപാടികൾ വർദ്ധിച്ചത് മൂലവും, കൂടുതൽ വിമാന സർവീസുകൾ പുനരാംഭിച്ചതും കോവിഡ് 19 കേസുകൾ പിന്നെയും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി വിജ്ഞാപനത്തിൽ പറയുന്നു. ഒപ്പം രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപെടുത്തുന്നുവെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിസീസ് സർവൈലൻസ് ആൻഡ് കൺട്രോൾ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നത്.
ആരോഗ്യ പ്രവർത്തകർ കൊവിഡ്-19 വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സംശയാസ്പദമായ ഏതെങ്കിലും കേസുകൾ കണ്ടെത്തിയാൽ കാലേകൂട്ടി പരിശോധിച്ച് വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആരോഗ്യ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നതിൽ വളരെയധികം ശ്രദ്ധാലുക്കളായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കൂടാതെ ഇൻസ്റ്റിറ്റ്യൂഷനിലെ നടപടിക്രമങ്ങളുടെയും ഫോളോ-അപ്പ് ഇൻഫെക്ഷൻ ഡാറ്റയുടെയും മേൽനോട്ടം വഹിക്കുന്നതിന് ഓരോ സ്ഥാപനത്തിലും അണുബാധ നിയന്ത്രണത്തിൽ വിദഗ്ധരായ ഒരു സംഘത്തിന്റെ സാന്നിധ്യം ഉറപ്പാക്കുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് 19 പിന്നെയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മൂന്നാമത്തെ/ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുവാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .
കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കാത്തവരും പുറമെ 9 മാസം മുന്‍പ് മൂന്നാമത്തെ ഡോസ് എടുത്തവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.
ബൂസ്റ്റര്‍ ഡോസ് ഒമാനിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.