November 11, 2021 - subeditor1@thenewjournal.net

ഒന്നാം ലോകമഹായുദ്ധത്തില്‍ പഞ്ചാബില്‍ നിന്നും പോയ 320,000 സൈനികരുടെ വിവരം കണ്ടെടുത്തു. 97 വര്‍ഷമായി ലോകയുദ്ധത്തില്‍ ഇന്ത്യന്‍ സൈനികരുടെ സംഭാവനയെക്കുറിച്ചുള്ള അറിയാതെ കിടന്നിരുന്ന വിവരം പുറത്തു കൊണ്ടുവന്നിരിക്കുന്നത് യുകെ അടിസ്ഥാനമാക്കിയുള്ള ചരിത്രകാരന്മാരാണ്.

പാകിസ്താനിലെ ലാഹോര്‍ മ്യൂസിയത്തില്‍ നിന്നും കണ്ടെത്തിയ ഫയലുകള്‍ ഡിജിറ്റലാക്കി വ്യാഴാഴ്ച സൈനികദിനത്തില്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

മുമ്പ് ബ്രിട്ടീഷ് അയര്‍ലന്റ് സൈനികരുടെയെല്ലാം വിവരം സംബന്ധിച്ച ഡേറ്റാബേസ് തയ്യാറാക്കിയിരുന്നു എന്നാലും ഇന്ത്യാക്കാരെ സംബന്ധിച്ച വിവരം മറഞ്ഞുകിടക്കുകയായിരുന്നു. ഡേറ്റാബേസില്‍ യുകെ പൗരത്വമുള്ള ചില പഞ്ചാബികള്‍ സ്വന്തം പൂര്‍വികരുടെ വിവരം തെരയുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടെത്താനായത് ഫ്രാന്‍സിനും മദ്ധ്യേഷ്യയ്ക്കും ഗാലിപോലി, ഏദന്‍, ഇസ്റ്റാഫ്രിക്ക എന്നിവര്‍ക്കെല്ലാം വേണ്ടി സേവനം ചെയ്ത ഇന്ത്യാക്കാരുടെ വിവരം മാത്രമായിരുന്നു.

ബ്രിട്ടീഷ് റെയില്‍വേ ഷാഡോ മന്ത്രിയും പഞ്ചാബി വംശജനുമായ തന്‍മന്‍ജീത് ദേശി ഇറാഖില്‍ സേവനം അനുഷ്ഠിക്കുന്നതിനിടയില്‍ പരിക്കേല്‍ക്കുകയും കാല് നഷ്ടമാകുകയും ചെയ്ത മുതുമുത്തച്ഛന്റെ വിവരം സംബന്ധിച്ച തെളവ് ഫയലുകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തി.

ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രി്ട്ടീഷുകാരുടെ റിക്രൂട്ടിംഗ് കേന്ദ്രമായിരുന്നു പഞ്ചാബെന്ന് യുകെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷന്‍ അദ്ധ്യക്ഷനും ഗ്രീന്‍വിച്ച് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്നയാളുമായ അമന്‍ദീപ് മര്‍ദ പറയുന്നു. വിവിധ മതവിഭാഗത്തിലുള്ള പഞ്ചാബികള്‍ ആയിരുന്നു ഇന്ത്യന്‍ സൈന്യത്തിലെ മൂന്നിലൊന്നു ഭാഗവും. ബ്രിട്ടീഷുകാരുടെ ഏറ്റവും മികച്ച ഇന്ത്യന്‍ സൈനികരുടെ നഴ്‌സറിയായിരുന്നു പഞ്ചാബ് എന്നാണ് 1879 ല്‍ ഈഡന്‍ കമ്മീഷനും കുറിച്ചത്.

1919 ല്‍ യുദ്ധം അവസാനിച്ച ശേഷം പഞ്ചാബ് സര്‍ക്കാര്‍ സൈനികരുടെ വിവരം സംബന്ധിച്ച ഒരു റജിസ്റ്റര്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ 26,000 പേജുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചിലതെല്ലാം കൈകൊണ്ട് എഴുതിയവയും മറ്റു ചിലത് ടൈപ്പ് ചെയ്തവയുമായിരുന്നു. ഇതില്‍ ഗ്രാമ – ഗ്രാമാന്തരമുള്ള യുദ്ധ റിക്രൂട്ട്‌മെന്റ്, ഇവരുടെ കുടുംബ പശ്ചാത്തലം, റെജിമെന്റ്, തസ്തിക എന്നിവയെല്ലാം രേഖപ്പെടുത്തിയിരുന്നു.

ഷാഡോ റെയില്‍വേ മന്ത്രിയായ ദേശി തന്റെ മുത്തശ്ശി പതിവായി യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടമായ മുത്തശ്ശന്‍ മിഹാന്‍ സിംഗിനെക്കുറിച്ചും അദ്ദേഹത്തിന്റെ സൈനിക ജീവിതത്തിന്റെ ഭാഗത്തെക്കുറിച്ചും പറയാറുണ്ടായിരുന്നു എന്നും എന്നാല്‍ പബ്‌ളിക് റെക്കോഡില്‍ അത് ഉണ്ടായിരുന്നില്ല എന്നും പറയുന്നു. വടക്കുകിഴക്കന്‍ പഞ്ചാബിലെ ഹോഷിയാപൂര്‍ ജില്ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 16,000 സൈനികരില്‍ ഒരാളാണ് മിഹാന്‍ സിംഗ് എന്നാണ് ലാഹോര്‍ മ്യൂസിയത്തിന്റെ രേഖകളിലുള്ളത്. ഇറാഖ്, തുര്‍ക്കി, സിറിയ, കുവൈറ്റ് എന്നിവിടമായി വേര്‍തിരിഞ്ഞുപോയ മെസോപ്പൊട്ടേമിയയിലായിരുന്നു ഇദ്ദേഹം സേവനം അനുഷ്ഠിച്ചതെന്നും പറയുന്നു.

യുദ്ധവിരാമത്തിന്റെ ഓര്‍മ്മദിനത്തിലേക്ക് അപ്‌ലോഡിംഗ് നിര്‍വ്വഹിച്ച പദ്ധതിയില്‍ ഇതുവരെ ലുധിയാന, ജലന്ധര്‍, സിയാല്‍ക്കോട്ട് മൂന്ന് ജില്ലകളില്‍ നിന്നായി 45,000 റെക്കോഡുകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. 25 ജില്ലകളിലായി 275,000 പേരുടെ റെക്കോഡുകള്‍ വരുമെന്നാണ് കരുതുന്നത്. ”എന്താണ് മുത്തച്ഛന് സംഭവിച്ചതെന്ന് എപ്പോഴും ചിന്തിക്കുമായിരുന്നു. എന്നാല്‍ ആര്‍ക്കും അറിയുമായിരുന്നില്ല. അനേകം മുറിവുകളുമായി വീട്ടില്‍ വന്ന അദ്ദേഹം പിന്നീട് കര്‍ഷനായി ജീവിതം മുമ്പോട്ട് കൊണ്ടുപോകുകയായിരുന്നു എന്നതാണ് കിട്ടിയ അറിവ്” ദേശി പറയുന്നു.

Previous articleകോവിഡിന ശേഷം സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ; വിദഗ്ദ്ധരെ സ്വന്തമാക്കാന്‍ യുഎഇയില്‍ കമ്പനികള്‍
Next articleകോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ ഖത്തര്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here