ബൂസ്റ്റര്‍ ഡോസ് നല്കാന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതിന് പിന്നാലെ ഖത്തറില്‍ കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ചികി്ത്സാകേന്ദ്രം സജ്ജീകരിച്ചു ഖത്തര്‍. അല്‍വക്ര ഹോസ്പിറ്റല്‍ കാമ്പസിലുള്ള അല്‍വക്ര പീഡിയാട്രിക് സെന്ററാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
കോവിഡ് ബാധിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്ന അത്യാധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് തീവ്രപരിചരണ യൂണിറ്റുകള്‍, 39 ബെഡ്ഡുകള്‍ ഹ്രസ്വകാല രോഗികള്‍ക്ക് 22 നിരീക്ഷണ ബെഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. കിടത്തി ചികിത്സയ്ക്കുള്ള സൌകര്യം 140 ബെഡുകള്‍ വരെയായി ഉയര്‍ത്താനാകും.
നേരത്തേ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കും കോവിഡ് ബൂസ്റ്റര്‍ വാക്സിന് നല്കാന് തീരുമാനിച്ചിരുന്നു. ഫൈസര്‍ വാക്സിനാണ് നല്‍കുക. രണ്ടാം ഡോസ് വാക്സിനെടുത്ത് 6 മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാനാവുക. എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും വാക്സിനെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
2021 മെയ് മാസത്തിലാണ് 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിനേഷന് ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്. കണക്കുകള്‍ പ്രകാരം പത്തില്‍ ഒന്‍പത് കുട്ടികളും ഖത്തറില്‍ വാക്സിന് എടുത്തിട്ടുണ്ട്. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടല്‍.