December 2, 2021 - subeditor1@thenewjournal.net

കാര്‍ഷികമേഖല ഒഴികെയുള്ള ഉള്‍നാടന്‍ കൂലിപ്പണി മേഖലയില്‍ ഏറ്റവും കൂടുതല്‍ കൂലി വാങ്ങുന്നത് കേരളത്തില്‍. 2020 – 21 ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു കൂലിപ്പണിക്കാരന്‍ ദിവസം 677.6 രൂപ കൂലി വാങ്ങുന്നതായി റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഗുജറാത്തും മഹാരാഷ്ട്രയും ഉള്‍പ്പെടെ ഇന്ത്യയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കൂലിപ്പണിക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി കിട്ടുന്നത് കേരളത്തിലാണ്. കാര്‍ഷിക മേഖല ഒഴികെയുള്ള കൂലിപ്പണി മേഖലയില്‍ ഏറ്റവും കൂടുതല്‍ കൂലികിട്ടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് കേരളം. കേരളത്തില്‍ കൂലിപ്പണിയെടുക്കുന്ന ഒരാള്‍ക്ക് 600 – 700 രൂപ കൂലി കിട്ടുമ്പോള്‍ കൂലിപ്പണിക്കാരുടെ ദേശീയ കൂലിയുടെ ശരാശരി 315 രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും വ്യാവസായികമായി പുരോഗതിയാര്‍ജ്ജിച്ച സംസ്ഥാനമെന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലെ മുന്‍നിരക്കാരായിട്ടും മഹാരാഷ്ട്രയില്‍ ഒരു കൂലിപ്പണിക്കാരന് കിട്ടുന്ന കൂലി 262.3 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ബ;്യൂറോയുടെ ഇന്ത്യന്‍ ലേബര്‍ ജേര്‍ണലിന്റെ ഡേറ്റ അനുസരിച്ചുള്ള കണക്കാണിത്.

വ്യാവസായിക വല്‍ക്കരണത്തിന്റെ റോള്‍ മോഡലായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഗുജറാത്തില്‍ ഒരു ദിവസക്കൂലിക്കാരന്റെ ഒരു നാളത്തെ ശമ്പളം വെറും 239.3 രൂപയാണ്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ കിട്ടുന്ന ദിവസക്കൂലി 286 രൂപയാണ്. ബീഹാറില്‍ 289.3 രൂപ ദിവസക്കൂലി കിട്ടുന്നു.

കേരളത്തിന്റെ തൊട്ടുപിന്നിലുള്ള ജമ്മു കശ്മീരില്‍ ദിവസക്കൂലിക്കാരന് വേതനം 483 രൂപയാണ്. തൊട്ടുപിന്നിലുള്ള തമിഴ്‌നാട്ടില്‍ ദിവസക്കൂലി 449.5 രൂപയാണ്. ഹരിയാനയും പഞ്ചാബുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഹരിയാനയില്‍ 384 രൂപ കിട്ടുമ്പോള്‍ പഞ്ചാബില്‍ 344 രൂപ കിട്ടുന്നു. 20 ല്‍ 15 സംസ്ഥാനങ്ങളിലും ശരാശരി ദിവസക്കൂലി ദേശീയ ശരാശരിയിലും താഴെയാണ്.

കാര്‍ഷിക മേഖലയില്‍ കൂലിയുടെ കാര്യത്തിലൂം കേരളം തന്നെയാണ് മുന്നില്‍. കാര്‍ഷിക മേഖലയില്‍ 706.5 രൂപ ദിവസക്കൂലി കേരളത്തില്‍ കിട്ടുമ്പോള്‍ രണ്ടാമതുള്ള ജമ്മു കശ്മീരിലെ കൂലി 501.1 രൂപയാണ്. തമിഴ്‌നാട്ടില്‍ 432.2 രൂപ കൂലി കിട്ടുന്നു. അതേസമയം കാര്‍ഷികമേഖലയിലെ ഇന്ത്യയുടെ ദിവസക്കൂലിയുടെ ശരാശരി 309.9 രൂപയാണ്. ഗുജറാത്തില്‍ 213 രൂപ കാര്‍ഷിക മേഖലയില്‍ കിട്ടുമ്പോള്‍ മഹാരാഷ്ട്രയില്‍ അത് 267 ആണ്. പഞ്ചാബില്‍ 357 ഉം ഹരിയാനയില്‍ 384 രൂപയും കിട്ടുന്നു.

കെട്ടിട നിര്‍മ്മാണ മേഖലയില്‍ കേരളത്തില്‍ ഒരാളുടെ ദിവസക്കൂലിയുടെ ശരാശരി 829.7 രൂപയാണ്. അതേസമയം ഇന്ത്യയുടെ ഈ മേഖലയിലെ ദിവസക്കൂലിയുടെ ശരാശരി 362.2 രൂപയും. തമിഴ്‌നാട്ടില്‍ കെട്ടിട നിര്‍മ്മാണമേഖലയില്‍ പണിയെടുക്കുന്നയാള്‍ക്ക് ദിവസം 468.3 രൂപ കിട്ടുന്നുണ്ട്. മഹാരാഷ്ട്രയില്‍ 347 രൂപ കൂലി കിട്ടുന്നു. കേരളത്തിലെ കൂലി തന്നെയാണ് കുടിയേറ്റ തൊഴിലാളിയെ ഇവിടുത്തെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകമായി മാറിയിട്ടുള്ളത്.

2017-18 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 31 ലക്ഷമാണെന്ന് കേരളത്തിലെ പ്ലാനിംഗ്‌ബോര്‍ഡ് മാര്‍ച്ചില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. കേരളത്തില്‍ നിന്നും ശരാശര 16,000 രൂപ വീതം കുടിയേറ്റ തൊഴിലാളികള്‍ മാസംതോറും സമ്പാദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ മാസംതോറും 4000 രൂപ വീതം ഇവര്‍ സമ്പാദിക്കുകയും ചെയ്യുന്നതായി പ്ലാനിംഗ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും. 2020 – 21 ലെ 11 മാസത്തെ കണക്കാണ് ഇത്.

Previous articleഎല്ലായിടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബ്ബന്ധമാക്കി ; ഒമിക്രോണ്‍ പടരാതിരിക്കാന്‍ കരുതലെടുത്ത് സൗദി
Next articleനിരോധിച്ചിട്ടും അരലക്ഷം പേര്‍ ഇന്ത്യയില്‍ തോട്ടിപ്പണിയെടുക്കുന്നു; കൂടുതലും ദളിതര്‍

LEAVE A REPLY

Please enter your comment!
Please enter your name here