ഇന്ത്യയുടെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ പെരുകുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎംഎസ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ് സി എസ്), കേന്ദ്ര സര്‍വകലാശാകള്‍ എന്നിവിടങ്ങളില്‍ 122 കുട്ടികള്‍ ആത്മഹത്യ ചെയ്തതായിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയില്‍ പറഞ്ഞിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആത്മഹത്യാനിരക്ക് വിദ്യാര്‍ത്ഥികളില്‍ കൂടുന്നതായും ദളിത് പിന്നോക്ക വിദ്യാര്‍ത്ഥികളാണ് കൂടുതലായി ആത്മഹത്യ ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 24 പേരും പട്ടിക വര്‍ഗ്ഗത്തില്‍ നിന്നും മൂന്ന് പേരും ഒബിസിയില്‍ നിന്നും 41 പേരും ആത്മഹത്യ ചെയ്തപ്പോള്‍ ജനറല്‍ വിഭാഗത്തിലെ മൂന്ന് പേരും സ്വയം ജീവന് നഷ്ടമാക്കി. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നതെന്നും ലോക്സഭയില്‍ മന്ത്രാലയം പറഞ്ഞു.
ഐഐടികളില്‍ 34 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പട്ടികജാതിക്കാരില്‍ അഞ്ചുപേര്‍, ഒബിസിയില്‍ 13 പേരും ആത്മഹത്യ ചെയ്തപ്പോള്‍ ഐഐഎം എസില്‍ അഞ്ചു പേര് ജീവനൊടുക്കി. ഇവരില്‍ ഒരു ഒബിസിക്കാരനും ഉണ്ട്. ബംഗലുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഒമ്പതു പേരാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പട്ടികജാതിക്കാരനും ഒരു ഒബിസിക്കാരനും ഉണ്ടായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ 37 പേരാണ് ആത്മഹത്യ ചെയ്തത്. ഒമ്പതുപേര്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരനും 14 ഒബിസിക്കാരും മൂന്ന് ന്യൂനപക്ഷ വിഭാഗക്കാരും ഈ കൂട്ടത്തിലുണ്ട്.
നാലു കുട്ടികള്‍ ആത്മഹത്യ ചെയ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയില്‍ പട്ടിജാതി, പട്ടികവര്‍ഗ്ഗം, ഒബിസി വിഭാഗങ്ങളില്‍ നിന്നും ഓരോരുത്തര് ഉണ്ടായിരുന്നു. ദേശീയ സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍ഐടി) 30 പേരാണ് ആത്മഹത്യ ചെയ്തത്. ആറ് പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 11 ഒബിസിക്കാരും ജീവന് നഷ്ടമാക്കി. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തീക സഹായം നല്കുന്ന മറ്റ് സാങ്കേതിക ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പട്ടികജാതിക്കാരനായ ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേര് ആത്മഹത്യ ചെയ്തു.
സംഭവത്തെ കേന്ദ്രസര്‍ക്കാരും യുജിസിയും അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ വിദ്യാഭ്യാസ് സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനമോ പീഡനമോ വിദ്യാര്‍ത്ഥികള്‍ നേരിടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും പറഞ്ഞു. പ്രാദേശിക മേഖലയില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ഭാഷാപ്രശ്നം ഒരു വലിയ പ്രതിസന്ധിയാണെന്ന് മനസ്സിലാക്കിയ യുജിസി അക്കാര്യം പരിഹരിക്കാനും കുട്ടികള്‍ക്ക് മാനസീക പിന്തുണ നല്‍കാനുമുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കോവിഡിന് മുമ്പും പിമ്പുമായി അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് മാനസീകമായും വൈകാരികമായും പനി്തുണ നല്കുന്ന പരിപാടികളും പ്രവര്‍ത്തനങ്ങളും പദ്ധതിയിട്ടിട്ടുണ്ട്.
സന്തോഷത്തിനും നന്നായിരിക്കാനും വേണ്ടിയുള്ള ശില്‍പ്പശാലകള്‍, സെമിനാറുകള്‍, പതിവായുള്ള യോഗാ സെഷനുകള്‍, പരിപാടികളില്‍ ഉള്‍പ്പെടുത്തല്‍, കായികവിനോദങ്ങളും സാംസ്ക്കാരിക പരിപാടികളും ഉള്‍പ്പെടുത്തിയുള്ള എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ്, വ്യക്തിത്ത വികസനത്തിനും മാനസീക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ എന്നിവയെല്ലാം നടപ്പിലാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളിലെ വിഷാദം കണ്ടെത്താനും കുട്ടികളുടെ മാനസീക സംഘര്‍ഷം കൂട്ടുകാരും സംരക്ഷകരും വാര്ഡന്മാരും തിരിച്ചറിയാനും സമയത്ത് വൈദ്യൂപരിശോധനകള്ക്കും മറ്റും വിധേയമാക്കാനുള്ള പരിപാടികളും ഇതില്‍പെടുന്നുണ്ട്.