November 18, 2021 - subeditor1@thenewjournal.net

ഭിന്നലിംഗക്കാരായ അത്‌ലറ്റുകളെയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരെയും മുന്‍വിധിയില്ലാതെ വന്‍ കായികവേദികളില്‍ മത്സരിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി (ഐഒസി). സംഘടനകളുടെ മുന്‍ നയങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കാര്യത്തില്‍ നിബന്ധനകള്‍ കൂടുതല്‍ വിശാലമാക്കുന്ന രീതിയില്‍ ആശയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു

അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ നിയമ രൂപീകരണം ഇക്കാര്യത്തില്‍ ഉണ്ടാകുകയോ അന്താരാഷ്ട്ര കായിക സംഘടനകള്‍ നടപ്പിലാക്കണമെന്ന നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. 2024 ലെ പാരീസ് ഒളിമ്പിക്‌സ് വരെ പുതിയ മാര്‍ഗ്ഗനിര്‍ദേശം നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം കൊടുക്കില്ലെന്ന് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവേചനം കൂടാതെ എല്ലാവരെയും ഉള്‍പ്പെടുത്താനുള്ള അന്താരാഷട്ര ഒളിമ്പിക് കമ്മറ്റിയുടെ പുതിയ മാര്‍ഗനിര്‍ദേശം ഭിന്നലിംഗക്കാരും, സ്വവര്‍ഗ്ഗപ്രണയികളും സ്വാഗതം ചെയ്തിട്ടുണ്ട്.

‘നിര്‍ണായക മാറ്റം’ എന്നാണ് ഒളിമ്പിക് ട്രയല്‍സിന് യോഗ്യത നേടിയ ആദ്യ ഭിന്നലിംഗ വിഭാഗത്തിലെ അത്‌ലറ്റ് ക്രിസ് മോയ്‌സര്‍ ട്വിറ്ററില്‍ കുറിച്ചത്. ഭിന്നലിംഗക്കാരില്‍ 2015 ന് മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിരിക്കണം എന്ന ഐഒസിയുടെ വ്യവസ്ഥയെ നിയമപരമായി വെല്ലുവിളിച്ചാണ് മോയ്‌സര്‍ ടീം യുഎസ്എ യില്‍ അംഗമായത്. ‘കായികമേഖലയിലെ മനുഷ്യാവകാശത്തെ ചൂണ്ടിക്കാണിക്കാനുള്ള യാത്രയിലെ പുതിയ ചുവട്‌വെയ്പ്പ് സന്തോഷം പകരുന്നെും ലിംഗപരത സംബന്ധിച്ച സ്വന്തം അധികാരമെന്ന കാര്യത്തെ മുറുകെ പിടിക്കുന്നതും പരിഗണിക്കുന്നതുമാണ് ഇതിന്റെ കേന്ദ്ര ആശയം’ എന്നും മോയ്‌സര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

ഭിന്നലിംഗക്കാരും സ്വവര്‍ഗ്ഗ പ്രണയികളുമായ അത്‌ലറ്റുകള്‍ ചൂഷണം ചെയ്യപ്പെടുന്നതും അപഹസിക്കപ്പെടുന്നതും തടയാന്‍ നടപടിയെടുക്കണമെന്ന കായിക സംഘടനകള്‍ക്കുള്ള പുതിയ നിര്‍ദേശത്തില്‍ ഐഒസി പറയുന്നു. വൈവിദ്ധ്യമാര്‍ന്ന ലിംഗപരതകളെ സാമ്പ്രദായികമായി ഒഴിവാക്കരുതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ നിന്നുള്ള ഒഴിവാക്കലുകളും നിയന്ത്രണങ്ങളും വിശ്വസനീയമായ അന്വേഷണത്തിന്റെ ഭാഗമായി മാത്രം നടത്തിയാല്‍ മതിയെന്നും അത്‌ലറ്റുകളെ അനാവശ്യമായുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി സമ്മര്‍ദ്ദപ്പെടുത്തുന്ന നടപടികളിലേക്ക് തള്ളിവിടരുതെന്നും പറഞ്ഞിട്ടുണ്ട്.

അത്‌ലറ്റുകളെ അവരുടെ ശാരീരികമായ കാഴ്ചയിലും ലിംഗ വൈവിദ്ധ്യത്തിന്റെ പേരിലും ഭിന്നലിംഗക്കാരായി പോയതിനാലും വരുന്ന വിവേചനങ്ങളെ ഇല്ലാതാക്കാനാണ് മാര്‍ഗനിര്‍ദേശമെന്ന് ഐഒസിയുടെ മനുഷ്യാവകാശ വിഭാഗം തലവന്‍ മഗളി മാര്‍ത്തോവിക്‌സ് പറയുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന യോഗ്യതയുടെ കാര്യത്തില്‍ ടെസ്റ്ററോണിന്റെ അളവ് സംബന്ധിച്ച ചോദ്യങ്ങളും ഐഒസി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നു. കാസ്റ്റര്‍ സെമന്യയെ പോലെയുള്ള അത്‌ലറ്റുകളുടെ കാര്യത്തിലും കായിക മത്സരങ്ങളില്‍ ഭിന്നലിംഗക്കാരെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും ടെസ്റ്ററോണ്‍ പരിഗണിക്കപ്പെട്ടപ്പോള്‍ വന്ന വീഴ്ച വലിയ വിമര്‍ശനത്തിനു കാരണമായി മാറിയിരുന്നു.

ടോക്യോ ഗെയിംഗസില്‍ ടെസ്റ്ററോണ്‍ ലെവലിലെ വ്യത്യാസത്തിന്റെ പേരില്‍ സെമന്യയെ 400 മീറ്ററിലും ഒരു മൈല്‍ ഓട്ടത്തിലും പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ടെസ്റ്ററോണ്‍ ലെവല്‍ വ്യത്യാസപ്പെടുത്താന്‍ മരുന്നു കഴിച്ചെന്നും ശസ്ത്രക്രിയ നടത്തിയെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. രണ്ടും ഇവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം ഐഒസിയുടെ പുതിയ നിര്‍ദേശങ്ങള്‍ ട്രാക്ക് ആന്റ ഫീല്‍ഡിന്റെ അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് ഓഫ് അത്‌ലറ്റിക്‌സ് തള്ളിയിട്ടുണ്ട്.

2019 ലാണ് ഐഒസി ഇത്തരമൊരു പുതിയ നിര്‍ദേശം ആദ്യം കൊണ്ടുവരുന്നത്. ഇതിന് പിന്നാലെ ന്യൂസിലന്റ് വെയ്റ്റ് ലിഫ്റ്ററായ ലൗറേല്‍ ഹുബാഡ്, കനേഡിയന്‍ ഫുട്‌ബോള്‍ താരം ക്വന്‍ എന്നിവരുള്‍പ്പെടെ അനേകം ഭിന്നലിംഗക്കാരെയും ദ്വന്തഗുണത്തിന് പുറത്ത് നില്‍ക്കുന്നവരേയും 2020 ഒളിമ്പിക്‌സില്‍ പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ 2022 മാര്‍ച്ച മുതല്‍ വ്യാപകമായ പ്രചരണമാണ് ഐഒസി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേശം പരിഗണിക്കുന്നതിനായി അന്താരാഷ്ട്ര ഫെഡറേഷനുകള്‍ക്കായി വെബ്ബിനാറുകളും മറ്റും നടത്താനാണ് ഉദ്ദേശം. ക്വിന്നും ചെല്‍സി വോള്‍ഫും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

Previous articleഈ വര്‍ഷം ഇഖാമ നഷ്ടമായത് മൂന്നുലക്ഷം പേര്‍ക്കാണെന്ന് കുവൈത്ത്
Next articleമസ്കറ്റ് ഇന്ത്യൻ എംബസിയില്‍ ഓപ്പൺ ഹൗസ്  നാളെ

LEAVE A REPLY

Please enter your comment!
Please enter your name here