ദുബായ് എക്സ്പോ 2020 ലെ വിസ്മയിപ്പിക്കുന്ന പവലിയനില്‍ രാജ്യത്തിന്റെ വൈവിധ്യത്തെയും സൗന്ദര്യത്തെയും പ്രതിഫലിപ്പിക്കുന്ന ചിത്രപ്രദര്ശനങ്ങളില് മലയാളികുടുംബത്തിന്റെ ചിത്രവും. തൃശൂര്‍ മാള സ്വദേശിയായ പ്രവീണിന്റെയും കുടുംബത്തിന്റെയും ചിത്രമാണ് പവലിയനില്‍ എത്തിയിരിക്കുന്നത്.
ദുബായില്‍ ഉണ്ടാക്കിയ അടുക്കളത്തോട്ടമാണ് ഇവരെ ശ്രദ്ധയിലേക്ക് എത്തിച്ചത്. മരുഭൂമിയില്‍ അല്‍ഭുതപ്പെടുത്തുന്ന രീതിയില്‍ അല്‍ ഖൂസിലെ താമസക്കാലത്ത് വികസിപ്പിച്ചെടുത്ത കൃഷിത്തോട്ടത്തില്‍ മിക്ക പച്ചക്കറികളും തഴച്ചു. നൂറിലേറെ കറിവേപ്പില, 12 തരം ചീര, തുളസി, മല്ലിയില, കാബേജ്, കോളിഫ്ലവര്‍, വഴുതന, തക്കാളി, ചെറുനാരങ്ങ, മുരിങ്ങക്ക, കുമ്പളം, ബീന്‍സ്, പയര്‍, കരിമ്പ് എന്നിവ എല്ലാം അടുക്കളത്തോട്ടത്തില്‍ വിളഞ്ഞു.
മൂന്ന് ലോഡ് മണ്ണിറക്കി സൗകര്യങ്ങള്‍ ഒരുക്കിയായിരുന്നു കൃഷി. പച്ചക്കറിക്കൊപ്പം കോഴി, മല്‍സ്യം, മറ്റു വളര്‍ത്തു മൃഗങ്ങള്‍ എന്നിവയും കൃഷിയില്‍ ഉള്‍പെട്ടു. മരുഭൂമിയില്‍ അല്‍ഭുതപ്പെടുത്തുന്ന രീതിയില്‍ പച്ചക്കറി വിളയിച്ചയാളെന്ന നിലയില്‍ കുടുംബം മാധ്യമങ്ങളില്‍ നിറഞ്ഞു. യു.എ.ഇ സര്‍ക്കാര്‍ അവിടുത്തെ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് പ്രവീണിനെയും കുടുംബത്തെയും ബന്ധപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ ചിത്രം പകര്‍ത്തി.
കോവിഡ് കാലത്ത സാമ്പത്തീക പ്രതിസന്ധി നേരിടേണ്ടി വന്നതിനാല്‍ അല്‍ ഖൂസിലെ താമസം മാറേണ്ടി വന്നിരുന്നു. മൂന്ന് മാസമായി ദുബായ് അല്‍ വര്‍ഖയിലാണ് താമസം. ഇവിടെയും കൃഷിത്തോട്ടവും കോഴിവളര്‍ത്തലും ചെയ്യാനുള്ള നീക്കത്തിലാണ്. 11 വര്‍ഷമായി കോളജില്‍ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന പ്രവീണിന് പിന്തുണ ഭാര്യ പ്രീനിയും മക്കള്‍ അയന് വിരാജും മിഥുനയുമാണ്. കര്‍ഷകനായ പിതാവ് പ്രഭാകരന്റെ പാഠങ്ങളാണ് പ്രവീണിനെ പ്രവാസ ജീവിതത്തിനും കര്‍ഷകനാക്കി മാറ്റിയതും എക്സ്പോയിലെ ചിത്രത്തില്‍ എത്തിച്ചതും.