ദമ്മാം :സല്‍സ്വഭാവികളായി വളരുന്ന തലമുറയാണ് ഉത്തമരായ സമൂഹ സൃഷ്ടിക്ക് അടിസ്ഥാനമെന്നും അധ്യാപരോടും മാതാപിതാക്കളോടും ബഹുമാനം കാത്തു സൂക്ഷിക്കുന്ന സമൂഹത്തിലെ നന്മയുടെ പൂക്കളായി മാറാന്‍ സമൂഹത്തിലെ പുതു തലമുറയായ കുട്ടികള്‍ക്ക് സാധിക്കണമെന്നു വിസ്ഡം ഇസ്ലാഹീ ബാല സമ്മേളനം ആഹ്വാനം ചെയ്തു. ദൈവീകഭയമുള്ള സല്‍ക്കര്‍മ്മങ്ങള്‍ ബാല്യകാലം മുതല്‍ ശീലിച്ചു വരുന്ന കുട്ടികള്‍ നാടിന്റെ സമ്പത്താണെന്നും ബാല സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാം ഗുണകാംക്ഷയാണ് എന്ന പ്രമേയത്തില്‍ സൗദി കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ സംയുക്തമായി നടത്തി വരുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി അഞ്ച് വയസു മുതല്‍ പതിനൊന്നു വയസു വരെയുള്ള കുട്ടികള്‍ക്കായി സൂം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിച്ച ബാലസമ്മേളനത്തില്‍ വിസ്ഡം സ്റ്റുഡന്‍സ് കേരള ഭാരവാഹികളായ ഷെരീഫ് കാര,മന്‍സൂര്‍ സ്വലാഹി എന്നിവര്‍ കളിച്ചങ്ങാടം എന്ന സെഷനില്‍ കുട്ടികളുമായി സംവദിച്ചു.നന്മയുടെ കൂട്ടുകാര്‍ എന്ന വിഷയത്തില്‍ ഡോ മുഹമ്മദ് ഷഹീര്‍ അബഹ വിഷയാവതരണം നടത്തി.
കുട്ടികള്‍ക്കായി നടത്തിയ പ്രശനോത്തരി എഞ്ചിനീയര്‍ വി ഇ ബഷീര്‍ തലയോലപറമ്പ് നിയന്ത്രിച്ചു.ദമാം അല്‍കോബാര്‍ ജുബൈല്‍ മദ്രസകളില്‍ നിന്നായി ഇരുന്നൂറില്പരം കുട്ടികള്‍ പങ്കെടുത്ത കളിച്ചങ്ങാട സെഷനില്‍ വിദ്യാര്‍ഥികളായ അയാന് ഇസ്സ അബ്ദുല്‍ അസീസ് ,റയ്യാന്‍,അബ്ദുല്ലാ സനീം,മറിയം ബഷീര്‍,അബ്ദു റഹ്മാന് ശമ്മാസ് എന്നിവര്‍ ഖുര്‍ആന്‍ ത്വിലാവ:,ചെറുകഥ,പ്രഭാഷണം.ഇസ്ലാമിക ഗാനം എന്നിവ അവതരിപ്പിച്ചു.ഇ പി മുഹമ്മദ് നിയാസ് മൂത്തേടം ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.മാസ്റ്റര്‍ അബ്ദുല്ല ഷഹനാസ് കൃതജ്ഞത നേര്‍ന്നു.