November 22, 2021 - subeditor1@thenewjournal.net

ശ്രീലങ്കയില്‍ രണ്ടുവര്‍ഷമായി തൊഴില്‍അടിമത്തത്തിന് കീഴില്‍ ദുരിതം അനുഭവിച്ച ഇന്ത്യാക്കാരന് ഒടുവില്‍ മോചനം. ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ കുടിയേറിയ ത്രിശാം സിംഗാണ് ശ്രീലങ്കയില്‍ നിന്നും മോചിതനായി ഇന്ത്യയില്‍ എത്തിയത്.

പാസ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചെടുക്കുകയും താമസവിസ കാലാവധി കഴിയുകയും ചെയ്തിരുന്നു. ഇതോടെ അവധി പോലുമില്ലാതെ ത്രിശാം സിംഗ് തൊഴിലടിമയായി കഴിയുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പായിരുന്നു ത്രിശാം സിംഗ് ശ്രീലങ്കയിലേക്ക് പോയത്. തന്നെക്കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് അന്ന് അയാള്‍ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഇയാളുടെ ദുരിതം പിന്നീട് ഭാര്യ വഴി ലോകം മുഴുവന്‍ അറിയുകയും വിഷയം പിന്നീട് പൗര സംഘടനകളും അന്താരാഷ്ട്ര തൊഴിലാളി സംഘടനകളും ഇന്ത്യന്‍ ഹൈക്കമ്മീഷനും കേരളാപോലീസും എല്ലാം ഏറ്റെടുത്തതോടെയാണ് ത്രിശാം സിംഗിന് മോചനത്തിലേക്ക് വഴി തുറന്നത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നും രണ്ടു ദശകം മുമ്പാണ് 43 കാരനായ ത്രിശാം സിംഗ് കുടുംബത്തോടൊപ്പം വാഴക്കുളത്തേക്ക് കുടിയേറിയത്. 2019 ഒക്‌ടോബര്‍ 16 ന് ഒരു സ്റ്റീല്‍ ഫാക്ടറിയില്‍ ജോലി കിട്ടിയതിനെ തുടര്‍ന്നു ആര്‍ക്കിപെലാഗോയിലേക്ക് പറക്കുകയും ചെയ്തു.

സ്വപ്‌നം ദു:സ്വപ്‌നമായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട ജോലി. ദുര്‍ലഭമായി മാത്രം അവധിയും. കമ്പനി അനധികൃതമായി പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും 2021 സെപ്തംബറില്‍ വിസയുടെ കാലാവധി കഴിയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. മിണ്ടിയാല്‍ വിസാലംഘനത്തിന്റെ അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിയും ഉയര്‍ന്നു. ഭാര്യ അസുഖം കൂടുതലായി ശസ്ത്രക്രിയ വേണ്ടി വന്നിട്ടു പോലും മടങ്ങിപ്പോകാന്‍ അനുവദിക്കപ്പെട്ടില്ല.

എന്നിരുന്നാലും ശനിയാഴ്ച രാവിലെ ത്രിശാം നാട്ടില്‍ മടങ്ങിയെത്തി. കയ്‌പ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കുടുംബാംഗങ്ങള്‍ക്കൊപ്പം മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ്. മറുവശത്ത് ഭാര്യ വിദ്യാവതി ദേവി ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലും.

ഒക്‌ടോബര്‍ 26 ന് ഭാര്യ തടിയിട്ടപറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ നിന്നുമാണ് ത്രിശാം സിംഗിന്റെ മോചനത്തിനുള്ള വഴി തെളിഞ്ഞത്. പരാതി പോലീസ് സെന്റര്‍ ഫോര്‍ മൈഗ്രേഷന് (സിഐഎംഡി) കൈമാറി. സിഐഎംഡി അന്താരാഷ്ട്ര തൊഴിലാളി സംഘടനയെ സമീപിക്കുകയും അത് ഏഷ്യന്‍ കുടിയേറ്റ ഫോറത്തെയും ശ്രീലങ്ക കേന്ദ്രമായ ലോയേഴ്‌സ് ബിയോണ്ട് ദി ബോര്‍ഡറിനെയും വിവരം അറിയിക്കുകയും ചെയ്തു. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വിഷയം ഏറ്റെടുത്തു.

എല്ലാ ഭാഗവും നടത്തിയ ഒരുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധിത തടവില്‍ നിന്നും ത്രിശാമിന്റെ മോചനത്തിന് കാരണമായി മാറുകയായിരുന്നു. എന്തെല്ലാം ദുരിതം ഉണ്ടെങ്കിലും കുടുംബത്തിലേക്ക് തിരിച്ചുവരവ് ഞാന്‍ എപ്പോഴും ഉറപ്പാക്കിയിരുന്നു. ജോലിക്കാരുടെ കുറവാണ് കമ്പനി തന്നെ പിടിച്ചു വെയ്ക്കാന്‍ കാരണമായതെന്നും ഇതുവരെ പകരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നും മികച്ച ഓഫര്‍ വന്നാല്‍ ഇനിയും പോകാന്‍ തയ്യാറാണെന്നുമാണ് പക്ഷേ ത്രിശാം സിംഗിന്റെ മറുപടി.

അതേസമയം കുടിയേറ്റക്കാര്‍ കുഴപ്പത്തില്‍ വീഴാതിരിക്കണമെങ്കില്‍ ശരിയായ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കി വേണം പോകാനെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ പൊതുവായ നിര്‍ദേശങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത റിക്രൂട്ട്‌മെന്റ്, തൊഴിലാളികള്‍, ലേബര്‍ റിക്രൂട്ട്‌സ് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത്.

തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകള്‍, മികച്ച കോണ്‍സുലാര്‍ പിന്തുണ എന്നിവയെല്ലാമാണ് സുരക്ഷ കിട്ടുന്ന മറ്റു കാര്യങ്ങള്‍.

Previous articleതൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഇലക്ട്രോണിക്ക് ലിങ്കിങ് സംവിധാനം പുനസ്ഥാപിച്ച് കുവൈറ്റ്
Next articleസൗദിയില്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് ഓണ്‍ലൈനിലൂടെ മാറാം

LEAVE A REPLY

Please enter your comment!
Please enter your name here