വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ന്യൂയോർക്കിൽ ചർച്ചയിൽ
September 22, 2021 - subeditor1@thenewjournal.net

കോവിഡ് വാക്സീൻ എടുത്ത ഇന്ത്യക്കാർക്ക് യുകെയിൽ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം തിരിച്ചും നടപടിയുണ്ടാകുമെന്നും ഇന്ത്യ ബ്രിട്ടനെ അറിയിച്ചു. ന്യൂയോർക്കിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചർച്ചയി‍ൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.

ബ്രിട്ടിഷ് നിർമിത ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് എടുത്തവർക്കു പോലും 10 ദിവസം ക്വാറന്റീൻ ഏർപ്പെടുത്തിയത് വിവേചനമാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല പറഞ്ഞു. സാധാരണ പരസ്പര ധാരണപ്രകാരമാണ് കോവിഡ് യാത്രാനുമതി നൽകുന്നത്. ഈ വിഷയത്തിലും അതേ രീതിയിലാണ് ഇന്ത്യ പ്രതികരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാർക്ക് യുകെയിൽ വാക്സീൻ എടുക്കാത്തവർക്കുള്ള 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയ നടപടിയിൽ ഉടൻ പരിഹാരം വേണമെന്ന് മന്ത്രിതല ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ഒക്ടോബർ 4 ന് ആണ് യു കെ യുടെ പുതിയ ക്വാറന്റീൻ നിയമങ്ങൾ നിലവിൽ വരുന്നത്. എന്നാൽ ഒക്ടോബർ 1 ന് തന്നെ ഇന്ത്യക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകണം എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്

യുഎൻ പൊതുസഭാ യോഗത്തിനു മുന്നോടിയായുള്ള ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാനാണ് ജയശങ്കർ ന്യൂയോർക്കിലെത്തിയത്. ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയും ന്യൂയോർക്കിലാണ്.

കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് ദശലക്ഷം ഡോസ് വാക്സിൻ യു.കെയുടെ അഭ്യർഥന പ്രകാരം ഇന്ത്യ നൽകിയിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനം ഉപയോഗിച്ചിട്ടുമുണ്ട്. കോവിഷീൽഡിന് അംഗീകാരം നൽകാത്തത് തീർത്തും വിവേചനപരമാണ്.
ഇന്ത്യക്ക്​ പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുർക്കി, ജോർഡൻ, തായ്‌ലൻഡ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും യു.കെയിൽ 10 ദിവസം ക്വാറന്‍റീൻ ബാധകമാണ്​. ഈ രാജ്യങ്ങളിൽനിന്നുള്ളവർ പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്​സിൻ​ എടുക്കാത്തവരായി കണക്കാക്കും.

ഇത്തരക്കാർ ബ്രിട്ടനിലേക്ക്​ പോകുന്നതിന്​ മുമ്പായി ​കോവിഡ്​ പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന്​ മുമ്പ്​ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം. യു.കെയിലെത്തിയാൽ 10 ദിവസം ക്വാറൻറീനിലിരിക്കണം. ഇതിനിടയിൽ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ്​ ടെസ്റ്റ്​ നടത്തണം. ഇതിനായി​ യു.കെയിലേക്ക്​ വരുന്നതിനു മുമ്പുതന്നെ ബുക്ക്​ ചെയ്​ത്​ പണമടച്ചിരിക്കണം.

യു.കെയുടെ പുതിയ നയത്തിനെതിരെ കോൺഗ്രസ്​ നേതാക്കൾ രംഗത്തുവന്നിരുന്നു. ഇത്​ തികച്ചും വിചിത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി​ ​ജയറാം രമേശ്​ പറഞ്ഞു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡ്​ യഥാർഥത്തിൽ വികസിപ്പിച്ചത്​ ബ്രിട്ടനിലാണ്​. ഈ വാക്​സിൻ അവിടെയും നൽകുന്നുണ്ട്​. പുതിയ തീരുമാനം വംശീയതയുടെ ഉദാഹരണമാണെന്നും ജയറാം രമേശ്​ പറഞ്ഞു.

ശശി തരൂർ എം.പിയും ബ്രിട്ടനെതിരെ രംഗത്തെത്തി. ‘ദി ബാറ്റിൽ ഓഫ് ബിലോങ്ങിങ്​’ പുസ്തകത്തി‍െൻറ യു.കെ എഡിഷൻ പ്രകാശന പരിപാടികളിൽനിന്ന് അദ്ദേഹം പിന്മാറി. പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ എടുത്ത ഇന്ത്യക്കാരോട് ക്വാറൻറീനിൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും ബ്രിട്ടൻ പുതിയ നയം പുനരവലോകനം ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു.

Previous articleകാനഡയില്‍ ട്രൂഡോ വീണ്ടും അധികാരമേൽക്കുന്നത് ഇന്ത്യൻ പ്രവാസികൾക്ക് ശുഭ സൂചന
Next articleBREAKING: കോവിഡ്ഷീൽഡിന് യുകെ അംഗീകാരം നൽകി; എന്നാൽ ഇന്ത്യക്കാർക്കുള്ള ടെസ്റ്റ്, ക്വാറന്റൈൻ എന്നിവയിൽ വ്യക്തത ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here