പെഗാസസിന് പിന്നാലെ ഇസ്രായേല്‍ വീണ്ടും ചാരപ്പണിയുമായി ബന്ധപ്പെട്ട് വിവാദത്തില്‍. പഴയത് പോലെ തന്നെ ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യയിലെ അനേകം രാജ്യങ്ങളിലെ പ്രമുഖരുടെയും കമ്പനികളുടെയും സ്ഥാപനങ്ങളടെയും രഹസ്യ വിവരങ്ങള്‍ ഇടപാടുകാര്‍ക്ക് ചോര്ത്തിക്കൊടുത്തതായിട്ടാണ് കണ്ടെത്തല്‍. ടെല്‍ അവീവ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിരു എന്ന ഹാക്കിംഗ് ടൂള്‍ കമ്പനിയുടെ ‘ചെകുത്താന്റെ നാവ്’ എന്ന് പേരിട്ടിട്ടുള്ള ‘മാല്‍വേര്‍’ ആണിത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിമതന്മാര്, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെയെല്ലാം ചാരപ്പണിക്ക് ഇരകളാക്കിയെന്നും പറയുന്നു.
ഇന്ത്യയ്ക്കും ദക്ഷിണേഷ്യയ്ക്കും പുറമേ യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും അനേകം കമ്പ്യൂട്ടറുകളില്‍ ഈ മാല്‍വേര്‍ കണ്ടതായി സൈബര്‍ സുരക്ഷാ വിഭാഗമായ ഇഎസ്ഇടി യാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാന്‍ഡിരുവിന്റെ ‘ചെകുത്താന്റെ നാവ് മാല്‍വേര്‍’ നെ സംബന്ധിക്കുന്ന വിവരങ്ങള്‍ സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളായ സിറ്റിസന്‍ ലാബും മൈക്രോസോഫ്റ്റ് ത്രെട്ട് ഇന്റലിജന്റ്സ് സെന്ററും ജൂലൈയില്‍ തന്നെ രേഖപ്പെടുത്തിയിരുന്നെന്ന് ഇഎസ്ഇടി തങ്ങളുടെ സെപ്തംബറിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ദക്ഷിണകിഴക്കന്‍ ഏഷ്യയിലെ വിവിധ സര്‍ക്കാരുകളും ഇന്ത്യയിലും കാനഡയിലും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളും ഇരകളില്‍ പെടുന്നതായി ഇഎസ്ഇടിയുടെ ത്രെട്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. 2021 ജനുവരി 1 നും ജൂലൈ 1 നും ഇടയില്‍ ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് 150,000 ഡൗണ്‍ലോഡ് സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുള്ളതായിട്ടാണ് വിവരം. ഇന്ത്യയെ കൂടാതെ അമേരിക്ക, മെക്സിക്കോ, വിയറ്റനാം, റഷ്യ, കസക്കിസ്ഥാന്‍, യുക്രെയിന് എന്നീ രാജ്യങ്ങളിലും കാന്‍ഡിരുവിന്റെ ചെകുത്താന്റെ നാക്ക് വിളയാട്ടം നടത്തി.
ഇസ്രായേലിലാണ് ഈ മാല്‍വേറിനെ ആദ്യം കണ്ടെത്തിയത്. ഇസ്രായേല്‍, പാലസ്തീനിലെ സംഘടനകള്‍, തുര്‍ക്കി ഈ മേഖലയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മാല്‍വേര്‍ വിളയാട്ടം നടത്തി.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രശസ്തമായ ക്രോം വെബ് ബ്രൗസറിലും പ്രശ്നങ്ങള്‍ കണ്ടെത്തിയതായി ജൂലൈയില്‍ മൈക്രോസോഫ്റ്റും ഗൂഗിളും വ്യക്തമാക്കിയിരുന്നു.
ഈ സമയത്ത് കാന്‍ഡിരു ഇറാനും ലെബനോനും സ്പെയിനും യുകെ യും അടക്കം 100 രാജ്യങ്ങളില്‍ പ്രവര്‍ത്തനം നടത്തിയതായിട്ടാണ് കണ്ടെത്തലുകള്‍.
കാന്‍ഡിരുവിന്റെ ഇടപാടുകാര്‍ ലിംഗ – മനുഷ്യാവകാശ കാര്യങ്ങളുമായി ബന്ധപ്പെട്ട ഡൊമെയ്നുകള്‍ വ്യാപമായി ഉപയോഗിച്ചെന്നും സിറ്റിസണ്‍ ലാബ് പറയുന്നു.
ബ്ളാക്ക് ലൈവ് മാറ്റര്‍, ജന്‍ഡര്‍ കോണ്‍ഫറന്‍സ് ഡോട്ട് ഓര്‍ഗ് തുടങ്ങിയ വെബ് യൂസര്‍മാര്‍ ഉപയോഗിച്ച വാക്കുകളിലാണ് വൈറസിനെ സ്ഥാപിച്ചത്. ഇത്തരം ലിങ്കുകള്‍ ജനങ്ങള്‍ ക്ലിക്ക് ചെയ്യാനുള്ള സാഹചര്യത്തെ ചൂഷണം ചെയ്യുകയായിരുന്നു കാന്‍ഡിരു ചെയ്തത്. ഇരയാക്കപ്പെട്ടവരില്‍ പലരും ഇപ്പോഴും ഇക്കാര്യം അറിഞ്ഞിട്ടില്ല.
ലക്ഷ്യമിട്ടവരില്‍ പെഗാസസിനെ പോലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ വിമതര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ ജോലിക്കാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നതായിട്ടാണ് സിറ്റിസണ്‍ ലാബ് റിപ്പോര്‍ട്ടും പറയുന്നത്.
ഇസ്രായേലിലെ മറ്റൊരു കമ്പനിയായ എന്‍എസ്ഒ യേയും കണ്ടെത്തിയിട്ടുണ്ട്. കാന്‍ഡിരു ചില ഇടപാടുകാരെ ഇവര്‍ക്കു കൈമാറുകയായിരുന്നു. ഖത്തര്‍, ഉസ്ബെക്കിസ്ഥാന്, സൗദി അറേബ്യ, യുഎഇ, എന്നീ രാജ്യങ്ങളെയാണ് കാന്‍ഡിരുവിന്റെ പങ്കാളിയായി എന്‍എസ്ഒ ഇരയാക്കിയത്.
പിസി കളില്‍ ഉപയോഗിക്കാറുള്ള ലാറ്റേഴ്സ് ടെക്നോളജിയാണ് എന്‍എസ്ഒ ഉപയോഗപ്പെടുത്തിയത്.
‘കാന്‍ഡിരുവിന്റെ സാന്നിദ്ധ്യം വളരുന്നു, ഇതിന്റെ നിരീക്ഷണ സാങ്കേതികത ആഗോള സമൂഹത്തിന് എതിരാണ്. വ്യാപകമായി ചൂഷണം ലക്ഷ്യമിട്ട് ചാരപ്പണി വ്യവസായത്തില്‍ അനേകം പുതിയവര്‍ എത്തിയിട്ടുണ്ടെന്നാണ് ഇത് സൂചന നല്‍കുന്നത്.’ സിറ്റിസണ്‍ ലാബ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ കുറിച്ചു.
ഒരു സോഫ്റ്റ്വേര്‍ അപ്ഡേറ്റ് വേഗത്തില്‍ നടക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിദഗ്ദരും കണ്ടെത്തിയിരുന്നു. കാന്‍ഡിരുവിന്റെ പേര് വ്യക്തമാക്കി പറഞ്ഞില്ലെങ്കിലും ‘സൗര്‍ഗം’ എന്ന കോഡ് നാമത്തില്‍ ഇസ്രായേല്‍ അടിസ്ഥാനമാക്കിയ ഒരു സ്വകാര്യ സ്ഥാപനം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്.